Latest News

നവംബര്‍ ഒന്നിന് യോഗം നടന്നിട്ടില്ലെന്ന് മന്ത്രി റോഷി; യോഗത്തിന്റെ മിനിട്‌സുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

നവംബര്‍ ഒന്നിന് യോഗം നടന്നിട്ടില്ലെന്ന് മന്ത്രി റോഷി; യോഗത്തിന്റെ മിനിട്‌സുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
X

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജല വകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന ജലമന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു. ജലവകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തുവെന്നതിന്റെ തെളിവായ സര്‍ക്കാര്‍ രേഖകള്‍ പുറത്തു വന്നു.

നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗപ്രകാരമാണ് മരംമുറിക്ക് അനുമതി എന്നാണ് മരംമുറി പിസിസിഎഫിന്റെ ഉത്തരവിലുള്ളത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവിലെ മൂന്നാം റഫറന്‍സിലാണ് യോഗ കാര്യം പറയുന്നത്. റോഷി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ബെന്നിച്ചന്റെ ഉത്തരവ്.

അതേസമയം, യോഗം നടന്നെന്നും അതിന്റെ മിനിട്‌സ് തന്റെ കയ്യിലുണ്ടെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തിയ്യതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ലെന്നുമായിരുന്നു റോഷി അഗസ്റ്റില്‍ നേരത്തെ പറഞ്ഞത്. ഒന്നാം തിയ്യതി അനൗദ്യോഗികമായി പോലും യോഗം ചേര്‍ന്നിട്ടില്ല, വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയത്. ജലവകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. ഒന്നാം തിയ്യതി യോഗം ചേര്‍ന്നിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് തന്നെ ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി ടികെ ജോസ് അറിയിച്ചതെന്നും റോഷി അഗസ്റ്റിന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അതെല്ലാം തെറ്റെന്ന് തെളിയിക്കുന്നതാണ് സര്‍ക്കാര്‍ രേഖകള്‍.

അതിനിടെ, മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന് മുന്നോടിയായി കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥതല സംയുക്ത പരിശോധന നടത്തിയെന്ന് സര്‍ക്കാര്‍ സഭയില്‍ സമ്മതിച്ചു. ജൂണ്‍ 11ന് നടന്ന സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ചെയര്‍മാന്റെ കത്ത് പുറത്തായതോടെയാണ് സര്‍ക്കാര്‍ സഭയില്‍ തിരുത്തിപ്പറഞ്ഞത്. പരിശോധന നടത്തിയില്ലെന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസിന് തിങ്കളാഴ്ച വനംമന്ത്രി മറുപടി നല്‍കിയത്. തെളിവ് പുറത്തായതോടെയാണ് മന്ത്രിക്ക് തിരുത്തേണ്ടി വന്നത്. തിരുത്താന്‍ എ കെ ശശീന്ദ്രന്‍ കത്ത് നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it