Latest News

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: ദേശീയ പൗരത്വ രജിസ്റ്ററിനെതിരേയുള്ള വിധിയെഴുത്തോ? അങ്കലാപ്പിലായി ബിജെപി ബംഗാള്‍ ഘടകം

ദേശീയ പൗരത്വ രജിസ്റ്ററിനെതിരേയുള്ള പ്രചാരണമായിരുന്നു നവംബര്‍ 25 ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ മുഖ്യ വിഷയമായി ഉയര്‍ത്തിയത്.

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: ദേശീയ പൗരത്വ രജിസ്റ്ററിനെതിരേയുള്ള വിധിയെഴുത്തോ? അങ്കലാപ്പിലായി ബിജെപി ബംഗാള്‍ ഘടകം
X

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നു സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിലം തൊടാതെ തൂത്തെറിയപ്പെട്ട ബിജെപി സംസ്ഥാനഘടകം അങ്കലാപ്പില്‍. 2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലെന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ മൂന്നും കൈവശപ്പെടുത്തിയ ത്രിണമൂല്‍ ദേശീയ പൗരത്വ രജിസ്റ്ററായിരുന്നു നവംബര്‍ 25 ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി ഉയര്‍ത്തിയത്.

ത്രിണമൂല്‍ തങ്ങളുടെ വിജയം ആഘോഷിക്കുമ്പോള്‍ ബിജെപിയുടെ സംസ്ഥാന ഓഫിസില്‍ അങ്കലാപ്പിന്റെ എല്ലാ ലക്ഷണവുമുണ്ടായിരുന്നെന്ന് ദേശീയ ദിനപത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സാധാരണ ഇത്തരം അവസരങ്ങളില്‍ പോലും നിറഞ്ഞുകവിയുന്ന പാര്‍ട്ടി സംസ്ഥാന ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം ഏതാനും പ്രവര്‍ത്തകര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ല നടന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ ആരോപിച്ചതും പാര്‍ട്ടിക്കുള്ളിലെ നിരാശയുടെ ലക്ഷണമാണ്. കേന്ദ്ര സേന ലഭ്യമായിരുന്നെങ്കിലും സംസ്ഥാനസര്‍ക്കാര്‍ അതുപയോഗപ്പെടുത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ത്രിണമൂല്‍ സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നതെന്ന് വിജയ്‌വര്‍ഗിയ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ കരുതുന്നത് ത്രിണമൂലിന്റെ ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചുള്ള പ്രചാരണമാണ് തങ്ങള്‍ക്ക് വിനയായതെന്നാണ്. ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടന്ന കാളിഗഞ്ചിലെ ബിജെപി സ്ഥാനാര്‍ത്ഥി അത് വ്യക്തമാക്കിയിട്ടുണ്ട്. 2019 ല്‍ ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകള്‍ തൂത്തുവാരിയതാണ്. പക്ഷേ, ഈ ഉപതിരഞ്ഞെടുപ്പില്‍ ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ ആശങ്കകളാണ് പാര്‍ട്ടിക്ക് വിനയായത്. രാജ്‌ബോങ്ഷി വോട്ടര്‍മാര്‍ ധാരാളമുള്ള നിയോജകമണ്ഡലത്തില്‍ അത് നല്ല രീതിയില്‍ തന്നെ ബാധിച്ചു- ബിജെപി കാളിഗഞ്ച് സ്ഥാനാര്‍ത്ഥി കമല്‍ ചന്ദ്ര സര്‍ക്കാര്‍ പറയുന്നു. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ നിരവധി രാജ്‌ബോങ്ഷികള്‍ പുറത്താക്കപ്പെട്ടിരുന്നു.

ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ അയല്‍സംസ്ഥാനമായ അസമില്‍ നിരവധി ഹിന്ദുക്കള്‍ക്കും പട്ടികയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു. സംഘ്പരിവാര്‍ സംഘടനകളെ പ്രതിസന്ധിയിലാക്കിയ കാര്യമായിരുന്നു അത്. 2021 തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന് ബിജെപി ബംഗാളില്‍ വാഗ്ദാനം നല്‍കിയിരുന്നു.

ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈവിട്ട കരിംപൂര്‍ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ജയ് പ്രകാഷ് മജുംദാറും പറയുന്നത് ദേശീയ പൗരത്വ രജിസ്റ്ററിനോടുള്ള ഭീതിയാണ് പരാജയകാരണമെന്നാണ്. ത്രിണമൂല്‍ പ്രവര്‍ത്തകര്‍ വീടുവീടാനന്തരം കയറിയിറങ്ങി പൗരത്വ രജിസ്റ്ററിനോടുള്ള ഭീതിപടര്‍ത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇടതുവോട്ടുകള്‍ ഇത്തവണ ത്രിണമൂലിന് പോയെന്നും അദ്ദേഹം പറയുന്നു.

പൗരത്വ രജിസ്റ്ററിനെതിരേയുള്ള പ്രചാരണം തന്നെയാണ് തങ്ങള്‍ക്ക് വിജയം സമ്മാനിച്ചതെന്ന് ത്രിണമൂലും കരുതുന്നു. ജനങ്ങളെ അഭയാര്‍ത്ഥികളാക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങള്‍ ജനങ്ങളുടെ അടുത്ത് വിലപ്പോവില്ലെന്ന് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു. പൗരത്വ രജിസ്റ്ററിനെതിരേ കടുത്ത നിലപാടാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി എടുത്തിട്ടുള്ളത്.

2014 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെത്തിയപ്പോള്‍ ബിജെപിക്ക് 40.5 ശതമാനം വോട്ടുകളാണ് നേടിയത്. ത്രിണമൂലിന് 34 സീറ്റില്‍ നിന്ന് 22 ലേക്ക് ഒതുങ്ങേണ്ടിയും വന്നു.

Next Story

RELATED STORIES

Share it