Latest News

വിവാഹമെന്ന പവിത്ര കര്‍മം ആഡംബരത്തിന്റെ കൂത്തരങ്ങായി മാറിയെന്ന് ഡോ. അസ്മ സഹ്‌റ

വിവാഹം എന്നത് വളരെ ലളിതമായി നടത്തേണ്ട ഒരു ചടങ്ങാണെന്ന് അസ്മ സഹ്‌റ വ്യക്തമാക്കി. എന്നാല്‍ ഇന്ന് അത് ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദിയായി മാറിയിരിക്കുകയാണ്.

വിവാഹമെന്ന പവിത്ര കര്‍മം ആഡംബരത്തിന്റെ കൂത്തരങ്ങായി മാറിയെന്ന് ഡോ. അസ്മ സഹ്‌റ
X

കോഴിക്കോട്: 'അകറ്റിനിര്‍ത്താം വിവാഹ ധൂര്‍ത്തിനെ, ചേര്‍ത്തുനിര്‍ത്താം വിവാഹ മൂല്യങ്ങളെ' എന്ന ശീര്‍ഷകത്തില്‍ ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് നടത്തി വരുന്ന രാജ്യവ്യാപക കാംപയിന്റെ ഭാഗമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിച്ചു. ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) വനിതാ വിഭാഗം ചീഫ് ഓര്‍ഗനൈസര്‍ ഡോ. അസ്മ സഹ്‌റ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിവാഹം എന്നത് വളരെ ലളിതമായി നടത്തേണ്ട ഒരു ചടങ്ങാണെന്ന് അസ്മ സഹ്‌റ വ്യക്തമാക്കി. എന്നാല്‍ ഇന്ന് അത് ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദിയായി മാറിയിരിക്കുകയാണ്. ഇതിനെതിരേ മുസ്ലിം സമുദായം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അസ്മ സഹ്‌റ ഓര്‍മപ്പെടുത്തി.

വിവിധ പേരുകള്‍ നല്‍കികൊണ്ട് വ്യത്യസ്ത അനാചാരങ്ങളായി ധൂര്‍ത്ത് വിവാഹത്തിന്റെ ഭാഗമായി മാറി. മാതാപിതാക്കളും വധൂവരന്മാരും അടക്കം എല്ലാവരും ഈ ധൂര്‍ത്തിനൊപ്പം നില്‍ക്കുകയാണ്. അതേസമയം, കുടുംബത്തിന്റെ നാഥ എന്ന നിലയില്‍ വനിതകളില്‍ നിന്നു തന്നെ ഇത്തരം ധൂര്‍ത്തിനെതിരേ ശബ്ദമുയരേണ്ടതുണ്ടെന്നും അസ്മ സഹ്‌റ പറഞ്ഞു.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്റെ ജീവിതചര്യ പിന്‍പറ്റിയാവണം ഓരോ വിവാഹവും നടക്കേണ്ടതെന്നും അമിത വ്യയവും അനാചാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ സ്ത്രീ സമൂഹം തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ധൂര്‍ത്തും മാമൂലുകളും ഇല്ലായ്മ ചെയ്യാന്‍ എന്തൊക്കെ മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരാം എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ഡോ. ഹബീബ (എംജിഎം സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്), അഡ്വ. കെ പി മറിയുമ്മ (വനിതാ ലീഗ് വൈസ് പ്രസിഡന്റ്), മെഹ്‌നാസ് അഷ്ഫാഖ് (വിങ്‌സ് സ്‌റ്റേറ്റ് പ്രസിഡന്റ്), ഡോ. ഫാത്തിമ പി വി (ആയുര്‍ഗ്രീന്‍ ഹോസ്പിറ്റല്‍ എടപ്പാള്‍), കെ കെ റൈഹാനത്ത് ടീച്ചര്‍ (വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സ്‌റ്റേറ്റ് പ്രസിഡന്റ്), ആയിഷ ഹാദി (ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ), ജദുവ അബ്ദുസമദ്, ആയിഷ റുമാന എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി സി കമറുന്നിസ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി കെ റംല സ്വാഗതവും കെ പി മുംതാസ് നന്ദിയും പറഞ്ഞു. എന്‍ഡബ്ല്യുഎഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ ലൈവായി നടന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ ഭാഗവാക്കായി.

Next Story

RELATED STORIES

Share it