Latest News

ഒല്ലൂരിലെ മേല്‍പ്പാലം റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി കെ രാജന്‍

ഒല്ലൂരിലെ മേല്‍പ്പാലം റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി കെ രാജന്‍
X

തൃശൂര്‍: ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കരാറുകരാന് കര്‍ശന നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കി ജൂലൈയില്‍ തന്നെ റോഡ് കൈമാറാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എത്ര തൊഴിലാളികള്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എഞ്ചിനീയറോട് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ആവശ്യപ്പെട്ടു.

റോഡില്‍ മെറ്റല്‍ വിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തുടങ്ങണമെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ആഴ്ച്ചക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴുമെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ പറഞ്ഞു.

ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണം മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വ്യവസായ എസ്‌റ്റേറ്റ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ റവന്യൂമന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ രാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. മേല്‍പ്പാലത്തില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒരാഴ്ച്ച മുന്‍പാണ് താല്‍കാലികമായി വ്യവസായ എസ്‌റ്റേറ്റിലൂടെ യാത്രാ സംവിധാനം ഒരുക്കിയത്. എന്നാല്‍ അനിയന്ത്രിതമായി വാഹനങ്ങള്‍ പ്രവേശിച്ചതു കാരണം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്.

റവന്യൂ മന്ത്രി കെ രാജനൊപ്പം കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ സി പി പോളി, കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഷൈബി ജോര്‍ജ്ജ്, എസിപി കെ സി സേതു, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒല്ലൂര്‍ മേല്‍പ്പാല നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it