Latest News

രാജ്യത്ത് 358 പേര്‍ക്ക് ഒമിക്രോണ്‍; 91 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍

രാജ്യത്ത് 358 പേര്‍ക്ക് ഒമിക്രോണ്‍; 91 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് ഇത്. ഡല്‍ഹിയില്‍ 67 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 88 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധ 358 ആയതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യതലസ്ഥാനത്തെ രോഗവ്യാപനത്തില്‍ ആരോഗ്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്നലെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 91 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തലസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 624 ആയി. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി കെജ്രിവാള്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

മുംബൈയാണ് രോഗവ്യാപനം വര്‍ധിക്കുന്ന മറ്റൊരു പ്രദേശം. ഇന്നലെ മാത്രം 602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 77 ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് ഇത്. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും തീവ്രമായി ബാധിച്ച ഒരു പ്രദേശം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയാണ്.

നിലവില്‍ രാജ്യത്ത് 244 സജീവ ഒമിക്രോണ്‍ രോഗികളാണ് ഉള്ളത്. 114 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പുറമെ തെലങ്കാന(38), തമിഴ്‌നാട്(34), കര്‍ണാടക(31), ഗുജറാത്ത്(30), കേരളം(27), രാജസ്ഥാന്‍(22) തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഹരിയാന, ഒഡീഷ, ജമ്മു കശ്മീര്‍, ബംഗാള്‍, ആന്ധ്ര, യുപി, ചണ്ഡീഗഢ്, ലഢാക്ക്, ഉത്തരാഖണ്ഡ് തുടങ്ങിയവിടങ്ങളിലും ചെറിയ തോതിലാണെങ്കിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ 122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. കാരണം ഒരു ദിവസം കൊണ്ട് മൂന്നിരട്ടിയാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

ഒരാഴ്ച മുമ്പ് 100 പേര്‍ക്കായിരുന്നു രോഗബാധ. വ്യാഴാഴ്ച അത് 200ആയി.

ഒമിക്രോണ്‍ ബാധിതരില്‍ 91 ശതമാനംപേരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചരാണെന്നതാണ് മറ്റൊരു ഗൗരവമായ കാര്യം. 27 പേര്‍ക്ക് യാത്രാ ചരിത്രവുമില്ല. അതിനര്‍ത്ഥം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്‍ ഒമിക്രോണ്‍ രോഗബാധയ്ക്ക് പ്രതിവിധിയല്ലെന്നാണ്. സാമൂഹിക വ്യാപനത്തിന്റെ സൂചനയും പുതിയ കണക്കുകള്‍ നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it