Latest News

പൗരത്വ പ്രക്ഷോഭം: ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി അറസ്റ്റില്‍

പൗരത്വ പ്രക്ഷോഭം: ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത ഒരു വിദ്യാര്‍ത്ഥിനിയെ കൂടി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഗുലിഫ്ഷ (28) എന്ന വിദ്യാര്‍ത്ഥിയെയാണ് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ അറസ്റ്റ് ചെയ്ത ഗുലിഫ്ഷ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

ഗുലിഫ്ഷയെ ഏപ്രില്‍ 9നാണ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക് കിഴക്ക് ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.

ഗാസിയാബാദില്‍ ഒരു സ്വകാര്യ കോളജില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ ഇവര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സീലാംപൂര്‍-ജാഫ്രാബാദ് പ്രദേശത്ത് നടന്ന സ്ത്രീകളുടെ സമരത്തിന്റെ കോര്‍ഡിനേറ്റര്‍മാരിലൊരാളായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്താകമാനം വലിയ പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായിരന്നു സീലാംപൂരിലെയും പ്രക്ഷോഭം. ഇന്ത്യയുടെ മതേതര, ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഈ നിയമം അട്ടിമറിക്കുമെന്ന് ആരോപിച്ച് ജീവിതത്തിന്റെ എല്ലാ മേഖലയില്‍ നിന്നുള്ളവരും സമരത്തില്‍ പങ്കാളികളായി. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികള്‍ പോലും സമരത്തില്‍ പ്രധാന പങ്കുവഹിച്ചു. പൗരത്വ നിയമം പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നുവെന്നായിരുന്നു വിമര്‍ശകര്‍ പ്രധാനമായും മുന്നോട്ടുവച്ചത്.

സമരം ഭരണകക്ഷിയെ വ്യാപകമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതോടെയാണ് സംഘ്പരിവാര്‍ സംഘടനകളുടെയും ഹിന്ദുത്വ സംഘടനകളുടെയും പിന്തുണയില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അതില്‍ 50 പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ തന്നെ നൂറു കണക്കിനു വരും. ഡല്‍ഹി പോലിസ് അക്രമം അഴിച്ചുവിട്ടവരുടെ പക്ഷം ചേര്‍ന്നെന്ന് മാധ്യമങ്ങളും ചൂണ്ടിക്കാട്ടി.

അതേ പോലിസാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയമായിട്ടും ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തുകൊണ്ടിരിക്കുന്നത്.

സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, ഷാഫി ഉര്‍ റഹ്മാന്‍ തുടങ്ങി മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നിരവധി പേരെ കഴിഞ്ഞ ആഴ്ചകളില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഗുലിഫ്ഷയ്‌ക്കെതിരേയുള്ള എല്ലാ ആരോപണങ്ങളും പോലിസ് കെട്ടിച്ചമച്ചതാണെന്നാണ് കുടുംബവും അഭിഭാഷകനും പറയുന്നത്. വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തുവെന്ന് ജഫ്രബാദ് പോലിസ് ഫോണില്‍ അറിയിച്ചപ്പോള്‍ തങ്ങള്‍ അത്ഭുതപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്. സമാധാനപരമായി നടന്ന ജഫ്രാബാദ് കുത്തിയിരുപ്പ് സമരത്തിന്റെ ഭാഗമായിരുന്നു തന്റെ സഹോദരിയെന്നും എന്നാല്‍ ബിജെപി നേതാവ് കപില്‍ മിശ്രയും അയാളുടെ അനുയായികളുമാണ് അക്രമം അഴിച്ചുവിട്ടതിനു പിന്നിലെന്നും ഗുലിഫ്ഷയുടെ സഹോദരന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സമാധാനപരമായി സമരം ചെയ്തവരാണെന്നും തന്റെ സഹോദരിക്കെതിരേ മാത്രമല്ല, മറ്റുള്ളവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ടതും കെട്ടിച്ചമച്ച കുറ്റങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയതലത്തില്‍ നടക്കുന്ന ആര്‍എസ്എസ് ഗുഢാലോചനയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ മെഹ്മൂദ് പ്രാഛ പറഞ്ഞു. ഗുലിഫ്ഷയെ അറസ്റ്റ് ചെയ്തതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

Next Story

RELATED STORIES

Share it