Big stories

ഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി

ഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
X

അഹമ്മദാബാദ്: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം ഉടന്‍ പാസാക്കുമെന്നും അത് യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശത്തിന് ഈ വര്‍ഷം ആദ്യം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

'ഞങ്ങള്‍ ഇപ്പോള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറാനും ഇത് സഹായിക്കും' പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് പുറമെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡും യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആര്‍ട്ടിക്കിള്‍ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it