Latest News

മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷ വാക്കൗട്ട്

മുഖ്യമന്ത്രി നടത്തുന്നത് പ്രഭാഷണ പരമ്പരയെന്നും എന്ത് ചോദിച്ചാലും കൈ ഉയര്‍ത്തി സംശുദ്ധമാണെന്ന് പറയുന്നു എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷ വാക്കൗട്ട്
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒളിച്ചോടിയെന്നും ഇന്ന് നിയമസഭയില്‍ പോലും വന്നില്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രി നടത്തുന്നത് പ്രഭാഷണ പരമ്പരയെന്നും എന്ത് ചോദിച്ചാലും കൈ ഉയര്‍ത്തി സംശുദ്ധമാണെന്ന് പറയുന്നു എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വീണാ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനു പോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.

ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാണെന്നും സതീശന്‍ മറുപടി നല്‍കിയെങ്കിലും റൂള്‍ 53 പ്രകാരം ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ എ എന്‍ ശംസീര്‍ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളുകയായിരുന്നു. തുടര്‍ന്ന് ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷത്തിനെതിരേ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് നേര്‍ക്കുനേരുള്ള വാക്‌പോരാണുണ്ടായത്. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. കേരളം കൊള്ളയടിച്ച് പിവി ആന്റ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്നു പുറത്തേക്ക് വന്നത്.

Next Story

RELATED STORIES

Share it