Latest News

പന്തീരാങ്കാവ് യുഎപിഎ കേസ്: യുവാക്കളുടെ ജാമ്യം സംസ്ഥാന സര്‍ക്കാരിനും എന്‍ഐഎക്കും തിരിച്ചടിയെന്ന് എസ്ഡിപിഐ

പന്തീരാങ്കാവ് യുഎപിഎ കേസ്: യുവാക്കളുടെ ജാമ്യം സംസ്ഥാന സര്‍ക്കാരിനും എന്‍ഐഎക്കും തിരിച്ചടിയെന്ന് എസ്ഡിപിഐ
X

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹാ ഫസലിനു ജാമ്യവും അലന്‍ ശുഹൈബിന്റെ ജാമ്യം ശരിവെക്കുകയും ചെയ്ത സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാരിനും എന്‍ഐഎക്കുമുള്ള തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.

2019 നവംബര്‍ ഒന്നിന് മാവോവാദി ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തതു മുതല്‍ കേസില്‍ ഇടതു സര്‍ക്കാരിന്റെ നിലപാട് മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതും ഭീകര നിയമങ്ങളെ താലോലിക്കുന്നതുമായിരുന്നു. കേസില്‍ യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ മുഖ്യമന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയും ന്യായീകരിക്കുകയായിരുന്നു. അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍ക്കൊല സംസ്ഥാനത്ത് വലിയ വിവാദമായിരിക്കേ അതില്‍ നിന്നു ശ്രദ്ധതിരിക്കുന്നതിനും അതിക്രമത്തെ ന്യായീകരിക്കുന്നതിനുമായിരുന്നു യുവാക്കളെ തടവിലാക്കിയതെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. യുവാക്കള്‍ക്കെതിരായി യുഎപിഎക്ക് ആധാരമായി ചൂണ്ടിക്കാട്ടിയത് ചില പുസ്തകങ്ങളും ലഘുലേഖകളുമായിരുന്നു. അതെല്ലാം പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞിരിക്കുകയാണ്. കോടതി നിരീക്ഷണം എന്‍ഐഎയുടെയും ഇടതു സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. താഹയുടെ ജാമ്യത്തെ സ്വാഗതം ചെയ്യുന്ന പി ജയരാജന്റെ പ്രസ്താവന കാപട്യമാണ്. യുവാക്കളുടെ അറസ്റ്റ് രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിച്ചവര്‍ തന്നെ അവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ അതും നേട്ടമാക്കാന്‍ നടത്തുന്ന ശ്രമം അപഹാസ്യമാണെന്നും പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.

(Panteerankavu UAPA case- SDPI- - bail- -state government - NIA

Next Story

RELATED STORIES

Share it