Latest News

എസ്എംഎസിന് 50 രൂപ കവറിന് 300; പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിര്‍ബന്ധിച്ചുള്ള കൊള്ള ?

എസ്എംഎസിന് 50 രൂപ കവറിന് 300; പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിര്‍ബന്ധിച്ചുള്ള കൊള്ള ?
X
കോഴിക്കോട്: എസ്എംഎസിനും പാസ്‌പോര്‍ട്ട് കവറുകള്‍ക്കുമായി അപേക്ഷകരെ നിര്‍ബന്ധിക്കുകയാണ് പാസ്‌പോര്‍ട്ട് ഓഫിസുകളെന്ന് ആക്ഷേപം. പാസ്‌പോര്‍ട്ട് ട്രാക്കിങ്ങിനായി എസ്എംഎസ് അലര്‍ട്ട് ലഭിക്കാന്‍ 50രൂപയും പാസ്‌പോര്‍ട്ട് പൊതിയുന്ന കവറുകള്‍ക്ക് 350രൂപയും നല്‍കാന്‍ അപേക്ഷകരോട് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണെന്നാണ് പരാതി. അപേക്ഷകന് പാസ്‌പോര്‍ട്ട് ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് എസ്എംഎസ് അലര്‍ട്ട്. സാധാരണ ഫീച്ചര്‍ ഫോണുകള്‍ക്കാണ് ഈ സംവിധാനം വേണ്ടത്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് എസ്എംഎസ് സംവിധാനം നിര്‍ബന്ധമില്ല. ഓണ്‍ലൈനായി പരിശോധിച്ചാല്‍ തന്നെ ഈ വിവരം അറിയാന്‍ സാധിക്കും. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളുള്ള അപേക്ഷകര്‍ക്കും എസ്എംഎസ് അലര്‍ട്ട് സംവിധാനം നിര്‍ബന്ധിച്ച് നല്‍കുകയാണ് ഉദ്യോഗസ്ഥര്‍. പാസ്‌പോര്‍ട്ട് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ വളരെ കൃത്യമായി നല്‍കിയിട്ടുണ്ടെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ്താക്കള്‍ക്കും എന്തിനാണ് എസ്എംഎസ് അലര്‍ട്ട് എന്നാണ് അപേക്ഷകര്‍ ചോദിക്കുന്നത്.


ഫഹദ് ടി കുളങ്ങര തന്റെ ഫേസ്ബുക്കിലാണ് പാസ്‌പോര്‍ട്ട് ഓഫിസിലെ ഈ നിര്‍ബന്ധിച്ചുള്ള കൊള്ളയെക്കുറിച്ച് വിവരിക്കുന്നത്

അദ്ദേഹത്തിന്റെ പോസറ്റിന്റെ പൂര്‍ണരൂപം വായിക്കാം

പാസ്സ്പ്പോർട്ട് ഓഫീസിലെ പകൽ കൊള്ള.

അടുത്തിടെ പാസ്പ്പോർട്ട് റിന്യൂ ചെയ്യാനായി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്തു. ഇപ്പൊ സിസ്റ്റം എല്ലാം upgrade ചെയ്തു. പഴയതുപോലെ പാസ്പ്പോർട്ട് ഓഫിസിനു മുന്നിൽ ഊഴവും കാത്തു ദിവസം മുഴുവൻ ഇരുന്നു മുഷിയണ്ട. അപ്പോയിന്മെന്റ് എടുക്കുമ്പോ തന്നെ ഓൺലൈനിൽ പണവും അടയ്ക്കാം. 12.30 അപ്പോയ്ന്റ്മെന്റ് ടൈം എടുത്ത ഞാൻ 12.20 അവിടെ എത്തി ഒരു 1.15 ഓടെ എല്ലാം കഴിഞ്ഞു പുറത്തിറങ്ങി. അതായത് ഒരു മണിക്കൂറിൽ താഴെ സമയമേ വേണ്ടതുള്ളൂ.

പോകുമ്പോൾ അവിടെ കാശായിട്ടൊന്നും അടക്കേണ്ടതില്ല. അവര് വളരെ നൈസായിട്ട് നിർബന്ധിക്കുമെങ്കിലും ആവശ്യമെങ്കിൽ / താല്പര്യമുണ്ടെങ്കിൽ മാത്രം പാസ്പ്പോർട്ട് കവറും പൈസ കൊടുത്തു മേടിക്കാം. 350 രൂപ കൊടുക്കണം. അടുത്ത കാലത്തു 350 രൂപ കൊടുത്തു പാസ്സ്പോർട്ടിന്റെ കൂടെ ഈ ഹോൾഡറും വാങ്ങിയ ചില സുഹൃത്തുക്കൾ മോശം അഭിപ്രായം പറഞ്ഞത് കാരണം പാസ്പ്പോർട്ട് കവർ വാങ്ങണ്ട എന്ന് ആദ്യമേ വിചാരിച്ചാണ് കോഴിക്കോട് പാസ്പ്പോർട്ട് സേവാ കേന്ദ്രത്തിൽ പോയത്. അകത്തു കയറി ടോക്കൺ കൗണ്ടറിൽ ക്യൂ നിന്നു. രേഖകൾ എല്ലാം നോക്കിയ ശേഷം അവര് ടോക്കൺ നമ്പർ ആപ്ലിക്കേഷനിൽ എഴുതി തന്നിട്ട് അടുത്ത മുറിയിലെ വെയ്റ്റിംഗ് ലോഞ്ചിൽ ഇരിക്കാൻ പറഞ്ഞു. മുൻപിലുള്ള സ്‌ക്രീനിൽ ടോക്കൺ നമ്പറും കൗണ്ടറും തെളിയുമ്പോൾ അതാതു കൗണ്ടറിലേക്ക് പോകണം.

എന്റെ ടോക്കൺ നമ്പറായി. ഇനിയാണ് ട്വിസ്റ്റ്. അകത്തുള്ള കൗണ്ടറിൽ ചെന്നിരുന്നു. ബയോമെട്രിക് രേഖകളും ഫോട്ടോയും എടുത്ത ശേഷം പാസ്പ്പോർട്ട് വാങ്ങിപ്പിക്കാനുള്ള ശ്രമമായി. ഏറെ പറഞ്ഞിട്ടും എനിക്ക് വേണ്ട എന്ന് തന്നെ പറഞ്ഞപ്പോൾ.

കൗണ്ടറിലുള്ള ആൾ :- കവർ വേണ്ടെങ്കിൽ വേണ്ട. Sms അലേർട്ടിനുള്ള 50 രൂപ ഇവിടെയാണ് അടക്കേണ്ടത് കേട്ടോ...

ഞാൻ :- sms അലെർട്ടോ. അതെന്ത്?

കൗ..ആൾ :- അത് നിങ്ങൾക്ക് പാസ്പ്പോർട്ടിന്റെ സ്റ്റാറ്റസ് അറിയിച്ചു കൊണ്ടുള്ള sms മെസ്സേജുകൾ നിങ്ങളുടെ മൊബൈലിൽ വരും. പാസ്പ്പോർട്ട് എവിടെയെത്തിയെന്നൊക്കെ ട്രാക്ക് ചെയ്യാം.

ഞാൻ :- അങ്ങനൊരു ചാർജിനെക്കുറിച്ചു ബുക്ക് ചെയ്യുന്ന സമയത് വെബ്‌സൈറ്റിലൊന്നും കണ്ടില്ലല്ലോ.

കൗ..ആൾ :- ഉണ്ടല്ലോ. വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.

ഞാൻ :- sms അലേർട്ട് ഉണ്ടായാലും ഇല്ലെങ്കിലും പാസ്പ്പോർട്ട് പോസ്റ്റലായി വീട്ടിൽ എത്തില്ലേ ?

കൗ..ആൾ :- എത്തും.

ഞാൻ :- എങ്കിൽ എനിക്ക് മൊബൈൽ അലേർട്ട് വേണ്ട. (പാസ്പ്പോർട്ട് കയ്യിൽ കിട്ടുന്നത് വരേ അതിന്റെ സ്റ്റാറ്റസ് അറിഞ്ഞിട്ട് എന്ത് കാര്യം).

കൗ..ആൾ :- (ആദ്യത്തെ സൗമ്യ മുഖഭാവമൊക്കെ മാറിയിട്ടുണ്ട്) ശെരി.

വേണ്ടെങ്കിൽ വേണ്ട. C കൗണ്ടറിലേക്ക് പൊയ്ക്കോ.

എല്ലാം കഴിഞ്ഞു പുറത്തിറങ്ങി. മൊബൈലിൽ updated ആയി SMS അലേർട്ടും ഉം വന്നു. നാലഞ്ചു ദിവസം കൊണ്ട് പാസ്സ്പോർട്ടും കയ്യിൽ കിട്ടി.

ഞാനവിടെ വെയിറ്റ് ചെയ്തിരിക്കുമ്പോ, അകത്തു കയറിയ സ്ത്രീകളും, കുട്ടികളുമൊക്കെ ഈ 50 രൂപ വാങ്ങാൻ പുറത്തിറങ്ങി കൂടെവന്നവരുടെ അടുത്ത് പോയി തിരിച്ചു വരുന്നത് കണ്ടിട്ടുണ്ട്. വെരിഫിക്കേഷൻ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയ പലരോടും ചോദിച്ചപ്പോ എല്ലാവരും ഈ 50 രൂപ കൊടുത്തവരാണ്‌. ആർക്കും receipt കിട്ടിയിട്ടില്ല. കാശ് വാങ്ങി നേരെ മേശ വലിപ്പിലെക്കിടും.

പാസ്പ്പോർട്ട് ന്റെ കാര്യമായത് കൊണ്ട് ആരും ഇതൊന്നും കാര്യമാക്കില്ല. 50 രൂപയുടെ കാര്യമല്ലേ...ഇനി എങ്ങാനും അത് കൊടുക്കാത്തത് കൊണ്ട് പാസ്പ്പോർട്ട് കിട്ടാതെ പോയാലോ എന്ന് വിചാരിച്ചാണ് ആരും പ്രതികരിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ കാശ് കൊടുക്കുന്നത്. ഓരോ 15 മിനിറ്റ് ഇടവെട്ടാണ് അപ്പോണിട്മെന്റ് ടൈം. ഓരോ ടൈമിലും 10 പേരോളം അകത്തു കയറുന്നുണ്ട്. അതായത് ഏകദേശം കുറഞ്ഞത് 200 പേർ പാസ്പ്പോർട്ടോഫീസിൽ ചെന്നാൽ ഓരോരുത്തരോടും 50 വെച്ച് 10,000 ദിവസേന യാതൊരുളുപ്പുമില്ലാതെ പാസ്പ്പോർട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാർ പൊതുജനങ്ങളോട് ഇരന്നു വാങ്ങുന്നുണ്ട്.

വരും ദിവസങ്ങളിൽ ആരെങ്കിലും പാസ്പ്പോർട്ട് എടുക്കാനോ റിന്യൂ ചെയ്യാനോ പോകുന്നുണ്ടെങ്കിൽ 50 രൂപ കൊടുക്കേണ്ടതില്ല. Sms അലേർട്ട് ഫ്രീയാണ്. അതിന്റെ പേരിലുള്ള പിരിവ് നിയമവിരുദ്ധവും കൈക്കൂലിയുമാണ്.




Next Story

RELATED STORIES

Share it