Latest News

'പാട്യാല ഞങ്ങള്‍ക്കൊപ്പം 400 കൊല്ലമായുണ്ട്, സിദ്ദുവിനെക്കണ്ട് പേടിക്കില്ല'; പാട്യാലയില്‍ത്തന്നെ മല്‍സരിക്കുമെന്ന് അമരീന്ദര്‍ സിങ്

പാട്യാല ഞങ്ങള്‍ക്കൊപ്പം 400 കൊല്ലമായുണ്ട്, സിദ്ദുവിനെക്കണ്ട് പേടിക്കില്ല; പാട്യാലയില്‍ത്തന്നെ മല്‍സരിക്കുമെന്ന് അമരീന്ദര്‍ സിങ്
X

പാട്യാല: അടുത്ത പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാട്യാല നിയോജക മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് അമരീന്ദര്‍ സിങ്. പാട്യാല കഴിഞ്ഞ 400 കൊല്ലമായി തങ്ങളുടെ കുടുംബത്തോടൊപ്പമുണ്ടെന്നും സിദ്ദുവിനെക്കരുതി ഉപേക്ഷിക്കില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.

''ഞാന്‍ പാട്യാലയില്‍ നിന്ന് മല്‍സരിക്കും. പാട്യാല കഴിഞ്ഞ 400 കൊല്ലമായി ഞങ്ങളോടപ്പമുണ്ട്. സിദ്ദുവിനെക്കരുതി പാട്യാല ഉപേക്ഷിക്കില്ല''- അമരീന്ദര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ എഴുതി.

സര്‍ യാദവീന്ദര്‍ സിങ്

പാട്യാല നിയോജകമണ്ഡലം അമരീന്ദര്‍ സിങ്ങിന്റെ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ്. അമരീന്ദറിന്റെ പിതാവ് സര്‍ യാദവീന്ദര്‍ സിങ് പാട്യാല നാട്ടുരാജ്യത്തിന്റെ അവസാന മഹാരാജാവായിരുന്നു.

പാട്യാല മണ്ഡലത്തില്‍ നിന്ന് അമരീന്ദര്‍ നാല് തവണ വിജയിച്ചിട്ടുണ്ട്. 2014 മുതല്‍ 2017വരെ ഇതേ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും എംഎല്‍എയായി.

ഏതാനും മാസം മുമ്പാണ് അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ തന്റെ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 117 നിയോജകമണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍ അമരീന്ദര്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോദ് സിങ് സിദ്ദുവിനെ തനിക്കെതിരേ മല്‍സരിക്കാന്‍ വെല്ലുവിളിച്ചിരുന്നു.

അമരീന്ദറും സിദ്ദുവും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് ഒടുവില്‍ അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി വിടാനും ഒടുവില്‍ സ്വന്തം നിലയില്‍ പാര്‍ട്ടി രൂപീകരിക്കാനും കാരണമായത്.

2017 തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജനറല്‍ (റിട്ട) ജെ ജെ സിങ്ങിനെ 60,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി 11.1 ശതമാനം വോട്ടോടു കൂടി കെട്ടിവച്ച കാശ് നഷ്ടപ്പെടുത്താന്‍ ഇടയാക്കിയതുപോലെ സിദ്ദിവിനെയും തോല്‍പ്പിക്കുമെന്നായിരുന്നു അമരീന്ദറിന്റെ വെല്ലുവിളി.

'പഞ്ചാബിന്റെ മനസാക്ഷിയെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും... എന്റെ ആത്മാവ് പഞ്ചാബാണ്, പഞ്ചാബിന്റെ ആത്മാവ് ഗുരു ഗ്രന്ഥ സാഹിബാണ്... നീതിക്കും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമാണ് ഞങ്ങളുടെ പോരാട്ടം''- എന്നായിരുന്നു സിദ്ദുവിന്റെ മറുപടി ട്വീറ്റ്.

Next Story

RELATED STORIES

Share it