Latest News

കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി

കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹരജി. പ്രവാസി ലീഗല്‍ സെല്‍ ആണ് കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2008ല്‍ കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമനിയമം പാസാക്കിയിരുന്നു. തുടര്‍ന്നു പ്രവാസികള്‍ക്ക് പെന്‍ഷനുള്‍പ്പെടെ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ക്ഷേമ ബോര്‍ഡ് സ്ഥാപിക്കുകയും പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനായി ക്ഷേമനിധി രൂപീകരിക്കുകയും ചെയ്തു.

നിലവില്‍ ഈ ക്ഷേമനിധിയില്‍ അംഗത്വമെടുക്കുവാനുള്ള പ്രായപരിധി 60 വയസാണ്. എന്നാല്‍ ഈ ക്ഷേമനിധിയെകുറിച്ചു നിരവധി പ്രവാസികള്‍ക്ക് അറിവില്ലാത്തതിനെ തുടര്‍ന്ന് ഇതില്‍ ചേരാന്‍ പലര്‍ക്കും ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പോള്‍ കൊവിഡിനെയും മറ്റും തുടര്‍ന്നു നിരവധി പ്രവാസികളാണ് നാട്ടിലേക്കെത്തുന്നത്. 60 വയസിനു ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കാതിരിക്കുന്നത് വിവേചനപരമാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്ന എല്ലാവര്‍ക്കും പ്രവാസ ക്ഷേമനിധിയില്‍ അംഗത്വം നല്‍കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.

പ്രായപരിധി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നിരവധി പ്രവാസ സംഘടനകളും മറ്റും നിവേദനം നല്‍കിയിട്ടുണ്ട്. എങ്കിലും അവയൊന്നും ഇതുവരെയും പരിഗണിച്ചിട്ടില്ല. പ്രവാസി ലീഗല്‍ സെല്‍ ഈ ആവശ്യം ഉന്നയിച്ചു നല്‍കിയ നിവേദനം കേരള സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹരജിയില്‍ ആവശ്യപെടുന്നു. പ്രവാസി ലീഗല്‍ സെല്ലിനുവേണ്ടി അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹരജി അടുത്ത ദിവസം ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് പരിഗണിക്കും. അറുപതു വയസിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവര്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ ഹരജിയുടെ പശ്ചത്തലത്തില്‍ സ്വീകരിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.

Next Story

RELATED STORIES

Share it