Latest News

ആര് പിടിക്കും പാലക്കാടൻ കോട്ട? ജനം ഇന്നു വിധിയെഴുതും

ആര് പിടിക്കും പാലക്കാടൻ കോട്ട? ജനം ഇന്നു വിധിയെഴുതും
X

പാലക്കാട്: ഒരു മാസം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ പാലക്കാട്ടെ വോട്ടർമാർ ജനവിധിക്കൊരുങ്ങി പോളിങ് ബൂത്തുകളിലെത്തി. രാവിലെ ഏഴു മണിക്കു തന്നെ മണ്ഡലത്തില എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. തുടക്കം മുതൽ തന്നെ ബൂത്തുകൾക്കു മുമ്പിൽ നീണ്ട നിരകൾ ദൃശ്യമായിരുന്നു. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സമ്മതിദായകർ ആവേശപൂർവം പോളിങ് സ്റ്റേഷനുകളിലെത്തുന്ന കാഴ്ചയാണ് മണ്ഡലത്തിലെവിടെയും കാണാനാവുന്നത്.

ത്രികോണ മൽസരത്തിന് സാക്ഷ്യം വഹിക്കുന്ന പാലക്കാട്ട് മൂന്നു മുന്നണികളും വിജയപ്രതീക്ഷയിലാണ്. തുടക്കം മുതൽ വിവാദങ്ങളുടെ അകമ്പടിയോടെയാണ് പാലക്കാട്ട് തിരഞ്ഞെടുപ്പ് അങ്കം തുടങ്ങിയത്. മൂന്നു മുന്നണികളിലും ഏറിയും കുറഞ്ഞും വിവാദങ്ങൾ പുകഞ്ഞു. കത്തും കള്ളപ്പണവും കള്ള വോട്ടും വിവാദങ്ങൾക്ക് കൊഴുപ്പേകി. 'ഡീൽ' ആരോപണവും ഇത്തവണ പാലക്കാടിനെ സവിശേഷമാക്കി. തൃശൂരിലേതു പോലെ സിപിഎം-ബിജെപി ഡീൽ ആരോപിച്ച് യുഡിഎഫ് വെടിയുതിർത്തു. പാർട്ടി മാറ്റവും സ്ഥാനാർഥിത്വവും വിവാദ ചർച്ചകളിൽ നിറഞ്ഞുനിന്നു. മൂന്നു മുന്നണികളും ഇക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല.

പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്‌സഭാംഗമായതിനെ തുടർന്നാണ് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തുടർച്ചയായി രണ്ടു തവണയും യുഡിഎഫ് കൈവശം വച്ച മണ്ഡലത്തിൽ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തിയെന്നതും പാലക്കാടിൻ്റെ മറ്റൊരു സവിശേഷതയാണ്. ഭരണ-പ്രതിപക്ഷ മുന്നണികൾ പ്രചാരണ രംഗത്ത് കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ മണ്ഡലം പിടിക്കുമെന്ന മനക്കോട്ടയുമായി ആരവങ്ങളൊഴിഞ്ഞ പ്രവർത്തനത്തിലായിരുന്നു ബിജെപി.

കഴിഞ്ഞ കാലങ്ങളിലെ കണക്കുകളിലെ പിൻബലമാണ് യുഡിഎഫിൻ്റെ ആത്മവിശ്വാസത്തിന് ബലമേകുന്നതെങ്കിൽ സ്ഥാനാർഥിയുടെ മികവിൽ പ്രതീക്ഷയർപ്പിച്ചാണ് എൽഡിഎഫ്. മുന്നണികളെ പരമ്പരാഗതമായി സഹായിച്ചിരുന്ന സാമുദായിക ബലാബലത്തിൽ സമീപകാലത്തുണ്ടായ മാറ്റം ആശങ്കകൾ വിതയ്ക്കുന്നതാണ്. മണിപ്പൂർ കത്തിയാളുമ്പോഴും ക്രിസ്ത്യൻ മതന്യൂനപക്ഷം ബിജെപി പാളയത്തിലേക്ക് പാലമിടുന്നത് കേരളത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യത്തിന് വെല്ലുവിളിയാണ്. മുനമ്പം അക്കാര്യത്തിലൊരു നിമിത്തം മാത്രമാണ്. മുമ്പെങ്ങുമില്ലാത്ത വിധം പ്രചാരണ രംഗത്ത് പരസ്യമായി പോലും വർഗീയത ആധിപത്യം നേടുന്നത് ആശങ്കകളേറ്റുന്നതാണ്. വർഗീയതയുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട പാർട്ടിയെന്ന അപഖ്യാതി ബിജെപിക്ക് സ്വന്തമാണെങ്കിൽ പ്രച്ഛന്നവും പ്രത്യക്ഷവുമായ വർഗീയതയെ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നതിൽ അധാർമികതയില്ലെന്ന സിപിഎം നിലപാട് ആപൽക്കരമാണ്. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് മുതൽ പാലക്കാട്ടെ പത്രപ്പരസ്യം വരെ അതിൻ്റെ തെളിവാണ്.

ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് സമ്മതിദായകർ ഇന്ന് ബൂത്തിലെത്തുന്നത്. വിധി അവരെഴുതട്ടെ. നമുക്ക് മൂന്നു നാൾ കൂടി കാത്തിരിക്കാം. 23 നാണ് വോട്ടെണ്ണൽ.

Next Story

RELATED STORIES

Share it