Latest News

തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം

തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം
X

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. പഠിക്കാനുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നു ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സിവില്‍ സര്‍വീസിന് പരിശീലിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. അമ്മ ശകാരിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നെന്നു പോലിസ് പറഞ്ഞു. കുടുംബപ്രശ്‌നം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

വിദ്യാര്‍ഥിനിയെ ഐഎഎസ് ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് മൂന്ന് പ്ലസ്ടു വിദ്യാര്‍ഥിനികളാണ്.

നേരത്തെ കള്ളക്കുറിച്ചിയിലും, തിരുവള്ളൂരിലുമുള്ള പെണ്‍കുട്ടികളാണ് ജീവനൊടുക്കിയത്. ജൂലായ് 13ന് കള്ളക്കുറിച്ചിയിലെ ശക്തി സ്‌കൂളിലെ ഹോസ്റ്റലില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സ്‌കൂളില്‍ വന്‍ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. തിരുവള്ളൂരിലെ സേക്രഡ് ഹാര്‍ട്ട്‌സ് എയ്ഡഡ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ വിഴുപുരത്ത് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും റിപോര്‍ട്ട് ചെയ്തിരുന്നു. വിക്രവാണ്ടിയിലെ ഫാര്‍മസി കോളേജിലാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന കുറിപ്പെഴുതിവച്ച ശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it