Latest News

പൂനം പാണ്ഡെ സെര്‍വിക്കല്‍ കാന്‍സര്‍ കാംപയിന്‍ അംബാസഡര്‍; പ്രചാരണം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൂനം പാണ്ഡെ സെര്‍വിക്കല്‍ കാന്‍സര്‍ കാംപയിന്‍ അംബാസഡര്‍; പ്രചാരണം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കാംപയിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി പൂനം പാണ്ഡെയെ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പാണ്ഡെ പ്രചാരണത്തിന്റെ മുഖമാവാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തിയത്. ഫെബ്രുവരി 2ന് പൂനം പാണ്ഡെ സെര്‍വിക്കല്‍ കാന്‍സര്‍ കാരണം അന്തരിച്ചെന്ന വാര്‍ത്ത പടര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. എന്നാല്‍, വാര്‍ത്ത വ്യാജമാണെന്നും സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള 'അവബോധം' സൃഷ്ടിക്കാനുമായി നടിയും സംഘവും നടത്തിയ ഒരു വ്യാജ മരണ നാടകമായിരുന്നു ഇതെന്നും പിന്നീട് തെളിഞ്ഞു.

സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ 9-14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് പ്രോല്‍സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാജ്യത്തെ സെര്‍വിക്കല്‍ കാന്‍സര്‍ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായും വിവിധ ആരോഗ്യ വകുപ്പുകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2022 ജൂണില്‍ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം സാര്‍വത്രിക പ്രതിരോധ കുത്തിവയ്പില്‍ എച്ച്പിവി വാക്‌സിന്‍ അവതരിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it