Latest News

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; തീരുമാനം ഗവര്‍ണറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന്

വരുന്ന ആറ് മാസക്കാലത്തേക്കാണ് രാഷ്ട്രപതിഭരണമെങ്കിലും ഏത് സമയത്തും പിന്‍വലിക്കാന്‍ കഴിയും.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; തീരുമാനം ഗവര്‍ണറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന്
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനുളള ഗവര്‍ണറുടെ ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം ശരിവച്ചതിനെ തുടര്‍ന്നാണ് നടപടി. വരുന്ന ആറ് മാസക്കാലത്തേക്കാണ് രാഷ്ട്രപതിഭരണമെങ്കിലും ഏത് സമയത്തും പിന്‍വലിക്കാന്‍ കഴിയും.

പതിനഞ്ച് ദിവസം മുമ്പ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവര്‍ണര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തരത്തിലുള്ള ഒരു സുരക്ഷിര ഭരണം നടത്താന്‍ നിലവില്‍ സാധ്യമല്ലെന്നും ആ സാഹചര്യത്തിലാണ് ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച് രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്തതെന്നു രാജ്യഭവന്‍ വൃത്തങ്ങളും അറിയിച്ചു.

രാഷ്ട്രപതിഭരണം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ ശുപാര്‍ശ ഉച്ചയോടെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. അതിനെ തുടര്‍ന്നാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭയും തീരുമാനിച്ചത്. ഭരണഘടനയുടെ 356(1) പ്രകാരമായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്. അതോടെ നിലവിലുള്ള നിയമസഭ ഫലത്തില്‍ നിര്‍ജ്ജീവമാകും. മന്ത്രിസഭായോഗത്തിനു ശേഷം രാഷ്ട്രപതിക്കയച്ച റിപോര്‍ട്ടിലോ ഗവര്‍ണറുടെ ശുപാര്‍ശയിലോ കുതിരക്കച്ചവടത്തെ കുറിച്ച് സൂചനകളൊന്നുമില്ല.

ഗവര്‍ണറുടെ നിലപാടിനെ പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. കോണ്‍ഗ്രസ്സും എന്‍സിപിയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഗവര്‍ണര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രന്‍ദീപ് സര്‍ജെവാല ആരോപിച്ചു.

സര്‍ക്കാര്‍ രൂപീകരണത്തിനു വേണ്ടി കോണ്‍ഗ്രസ്സിനെ ക്ഷണിക്കാതിരുന്നത് എസ് ആര്‍ ബൊമ്മെ വിധിക്കെതിരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയും ശിവസേനയും എന്‍സിപിയും കഴിഞ്ഞാല്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാതിരുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് 48 മണിക്കൂര്‍ അനുവദിച്ച ഗവര്‍ണര്‍ ശിവസേനക്ക് 24 മണിക്കൂറും എന്‍സിപിക്ക് 24 മമിക്കൂറില്‍ കുറവുമാണ് അനുവദിച്ചതെന്നും രന്‍ദീപ് ട്വിറ്ററില്‍ കുറിച്ചു.

മഹാഹാഷ്ട്ര ഗവര്‍ണര്‍ ഭരണഘടനയെ കശാപ്പുചെയ്‌തെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. എന്‍സിപിക്ക് ഇന്ന് 8.30 വരെ സമയമുണ്ടായിരുന്നിട്ടും എങ്ങനെയാണ് അതിനു മുമ്പ് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യുന്നതെന്നും യച്ചൂരി ചോദിച്ചു.

ഗവര്‍ണരുടെ ശുപാര്‍ശക്കെതിരെയും രാഷ്ട്രപതിഭരണം നടപ്പാക്കിയതിനെതിരേയും ശിവസേന സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് 48 മണിക്കൂര്‍ നല്‍കിയ ഗവര്‍ണര്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് ഗവര്‍ണര്‍ നല്‍കിയതെന്ന് ശിവസേന ആരോപിച്ചു.

Next Story

RELATED STORIES

Share it