Latest News

കെജ്രിവാള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കെജ്രിവാള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി
X

ചണ്ഡീഘഢ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ താഴ്ന്ന തലത്തിലുള്ള രാഷ്ട്രീയം കളിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത കെജ്രിവാള്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി.

കേന്ദ്രം പാസ്സാക്കിയ അതേ നിയമങ്ങള്‍ ഡല്‍ഹി സര്‍ക്കാരും പാസ്സാക്കിയെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ ആരോപിച്ചിരുന്നു. കര്‍ഷകര്‍ സമരത്തിന്റെ തീച്ചൂളയില്‍ നില്‍ക്കുമ്പോള്‍ അമരീന്ദര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഇതിനോട് കെജ്രിവാള്‍ പ്രതികരിച്ചു. ഇതേ ആരോപണമാണ് ഇപ്പോള്‍ കെജ്രിവാളിനെതിരേ അമരീന്ദരും ഉയര്‍ത്തിയിട്ടുള്ളത്.

കര്‍ഷകര്‍ സമരം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് കെജ്രിവാള്‍ തന്റെ സംസ്ഥാനത്ത് അതില്‍ ഒരു നിയമം നോട്ടിഫൈ ചെയ്‌തെന്നാണ് അമരീന്ദറിന്റെ ആരോപണം. കേന്ദ്രത്തിനെതിരേ നിയമം പാസ്സാക്കിക്കൊണ്ട് എന്തുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങള്‍ ചെയ്തതുപോലെ ചെയ്ത്ുകൂടാ എന്ന് അമരീന്ദര്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് ചോദിച്ചു. ഈ നിയമം ഇല്ലാതാക്കാന്‍ കെജ്രിവാള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാള്‍ കേന്ദ്ര നിയമം നോട്ടിഫൈ ചെയ്യരുതായിരുന്നെന്നും പകരം നിയമം പാസ്സാക്കുകയാണ് വേണ്ടിയിരുന്നതെന്നുമാണ് അമരീന്ദര്‍ അഭിപ്രായപ്പെട്ടത്.

തനിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി തെറ്റായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് കെജ്രിവാളും അഭിപ്രായപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന്‍ കീഴിലാണോ എന്നും ബിജെപി നടത്തുന്നതുപോലെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് അതുകൊണ്ടാണോ എന്നും ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു. അമരീന്ദറിന്റെ കുടുംബത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇ.ഡി ഇടപെടുമെന്നതുകൊണ്ടാണോ ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it