Latest News

പഞ്ചാബ് കോണ്‍ഗ്രസ് പ്രതിസന്ധി; സംസ്ഥാന ജനറല്‍ സെക്രട്ടറി പര്‍ഗത് സിങ്ങിനെതിരേ ഹരീഷ് റാവത്ത്

പഞ്ചാബ് കോണ്‍ഗ്രസ് പ്രതിസന്ധി; സംസ്ഥാന ജനറല്‍ സെക്രട്ടറി പര്‍ഗത് സിങ്ങിനെതിരേ ഹരീഷ് റാവത്ത്
X

ഡറാഡൂണ്‍: അമരീന്ദര്‍ സിങ്ങിനോട് പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തിയ പഞ്ചാബ് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പര്‍ഗത് സിങിനെതിരേ ഐഐസിസി പഞ്ചാബ് സംസ്ഥാന ഇന്‍ ചാര്‍ജ് ഹരീഷ് റാവത്ത്. താന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനൊപ്പം നില്‍ക്കുന്നുവെന്നാണ് പാര്‍ട്ടിയിലെ പലരും നേരത്തെ ആരോപിച്ചിരുന്നതെന്നും റാവത്ത് ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ്സില്‍ ധാരാളം മുഖങ്ങളുണ്ട്. പക്ഷേ, കേന്ദ്ര ഇന്‍ചാര്‍ജ്ജ് റാവത്ത് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിനെ അന്യായമായി പിന്തുണയ്ക്കുന്നുവെന്നായിരുന്നു പര്‍ഗത് സിങ്ങിന്റെ ആരോപണം.

''നവ്‌ജ്യോത് സിങ്ങിനൊപ്പം നില്‍ക്കുന്നുവെന്നാണ് ഇവര്‍ നേരത്തെ ആരോപിച്ചിരുന്നത്. ഞങ്ങള്‍ക്ക് പല നിലവാരത്തിലുള്ള നേതാക്കളുണ്ട്. ദേശീയതലത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍. പ്രാദേശിക തലത്തിലും നേതാക്കളുണ്ട്, നവ്‌ജ്യോത് സിങ് സിദ്ദു, അമരീന്ദര്‍സിങ്, പര്‍ഗത് സിങ്... ആരും അക്ഷമരാകരുത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാവരും കോണ്‍ഗ്രസ്സിനെ ഉറ്റുനോക്കുകയാണ്. എന്തെങ്കിലും എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ പറയണം. എന്താണ് എപ്പോഴാണ് പറയേണ്ടത് എന്നെനിക്കറിയാം''- പര്‍ഗത് സിങ്ങിന്റെ ആരോപണത്തോട് റാവത്ത് പ്രതികരിച്ചു.

പഞ്ചാബിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ ഹരീഷ് റാവത്തിന് എന്തവകാശമാണ് ഉള്ളതെന്ന് പര്‍ഗത് സിങ് ചോദിച്ചു. നവ് ജ്യോത് സിങ് സിദ്ദുവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രഗത് സിങ്.

''ഏതാനും മാസം മുമ്പ് പഞ്ചാബിലെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ഖാര്‍ഗെ നേതൃത്വം നല്‍കുന്ന മൂന്നംഗ കമ്മിറ്റിക്കു മുന്നില്‍ ഹാജരായപ്പോള്‍ 2022 നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത് സോണിയാ ഗന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലായിരിക്കണമെന്ന് തീരുമാനിച്ചതാണ്. ഇപ്പോള്‍ ഹരീഷ് റാവത്ത് പറയുന്നത് അമരീന്ദര്‍ സിങ്ങാണ് നിയമസഭാ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയെന്നാണ്. ഈ തീരുമാനം ആരാണ് എടുത്തതെന്ന് വ്യക്തമാക്കണം''- പര്‍ഗത് സിങ് ചോദിച്ചു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും നേരിടുകയെന്ന് കഴിഞ്ഞ ദിവസം റാവത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെയും പിസിസി മേധാവി നവ് ജ്യോത് സിങ്ങി സിദ്ദുവിനെയും നേരില്‍ കാണുന്നതിനുവേണ്ടി അടുത്ത ആഴ്ച റാവത്ത് പഞ്ചാബ് സന്ദര്‍ശിക്കാനിരിക്കെയാണ് പഞ്ചാബ് നിയമസഭാ എംഎല്‍എ കൂടിയായ പ്രഗത് സിങ് രംഗത്തുവന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയാണ് റാവത്ത് പഞ്ചാബ് സന്ദര്‍ശിക്കുന്നത്.

അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മില്‍ ദീര്‍ഘകാലമായി നീണ്ടു നിന്ന പോര് കേന്ദ്രം നേരിട്ടിടപെട്ടാണ് പരിഹരിച്ചതെങ്കിലും ഏറെ താമസിയാതെ പുനരാരംഭിക്കുകയായിരുന്നു. തര്‍ക്കപരിഹാരമെന്ന നിലയിലാണ് സിദ്ദുവിനെ പിസിസി മേധാവിയാക്കിയത്.

Next Story

RELATED STORIES

Share it