Latest News

മനുതോമസിനെയും ക്വട്ടേഷൻ സംഘത്തെയും തള്ളി; പി ജയരാജനെ പിന്തുണച്ച് സിപിഎം

മനുതോമസിനെയും ക്വട്ടേഷൻ സംഘത്തെയും തള്ളി; പി ജയരാജനെ പിന്തുണച്ച് സിപിഎം
X

കണ്ണൂർ: ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം സംബന്ധിച്ച വിവാദത്തിൽ മനുതോമസിനെയും ക്വട്ടേഷൻ സംഘത്തെയും തള്ളിയും പി ജയരാജനെ പിന്തുണച്ചും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്.

ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി സിപിഎമ്മിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് യോഗം വിലയിരുത്തി. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നും അവരെ സഹായിക്കുന്നവരാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറും എന്നുമുള്ള വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഈ പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും കുടുങ്ങിപ്പോവരുതെന്നും ജാഗ്രത പാലിക്കുകയും വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. പാര്‍ട്ടി മെംബര്‍ഷിപ്പ് പുതുക്കാത്തതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നു ഒഴിവായ മനു തോമസ് സിപിഎം നേതാക്കള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്. അത് ജനങ്ങള്‍ തിരിച്ചറിയണം. സോഷ്യൽമീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വട്ടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല.തൊഴിലാളി -കര്‍ഷകാദി ബഹുജനങ്ങളെ അണിനിരത്തി അനീതിക്കും അഴിമതിക്കും കൊള്ളരുതായ്മക്കുമെതിരെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം വര്‍ഗീയതയ്ക്കും കോര്‍പറേറ്റ് നയങ്ങള്‍ക്കുമെതിരേ സന്ധിയില്ലാ സമരവും നടത്തുന്നു. ഇത്തരമൊരു പാര്‍ട്ടിയുടെ ജനകീയ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും നടത്തുന്നത്. അത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

Next Story

RELATED STORIES

Share it