Latest News

എലിസബത്ത് രാജ്ഞിക്ക് വിട നല്‍കി ബ്രിട്ടന്‍

എലിസബത്ത് രാജ്ഞിക്ക് വിട നല്‍കി ബ്രിട്ടന്‍
X

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനതയും ലോക നേതാക്കന്‍മാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ഇതിന് പിന്നാലെ രാജകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലേക്ക് മൃതദേഹ പേടകമെത്തിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായത്. ഏഴ് പതിറ്റാണ്ടോളം ബ്രിട്ടന്റെ ഭരണസാരഥ്യത്തില്‍ തുടര്‍ന്ന രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ ചടങ്ങുകള്‍ക്കുശേഷം വെല്ലിങ്ടണ്‍ ആര്‍ച്ചിലെ കിങ് ജോര്‍ജ് ആറാമന്‍ ചാപ്പലിലേക്കു നീങ്ങുമ്പോള്‍ ലണ്ടന്‍ നഗരം നിശബ്ദമായി രാജ്ഞിക്ക് വിടചൊല്ലി.

മൂവായിരത്തോളം ഭടന്‍മാര്‍ അകമ്പടി സേവിച്ച വിലാപയാത്ര നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളെ സ്പര്‍ശിച്ചാണ് ചാപ്പലിലേക്കു കൊണ്ടുവന്നത്. രാജകീയ രഥത്തിലാണ് ഭൗതിക ശരീരം കൊണ്ടുവന്നത്. 142 റോയല്‍ നേവി അംഗങ്ങള്‍ ചേര്‍ന്നാണ് ഈ യാത്ര നിയന്ത്രിച്ചത്. രാജ്ഞിയുടെ വിവാഹവും കിരീടധാരണവും നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലെ അന്തിമോപചാരചടങ്ങുകളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉള്‍പ്പെടെ അഞ്ഞൂറോളം ലോകനേതാക്കള്‍ പങ്കെടുത്തു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങി ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിമാര്‍ വരെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍നിന്നു വെല്ലിങ്ടണ്‍ ആര്‍ക്കിലെ വിന്‍ഡ്‌സര്‍ ചാപ്പലിലേക്കുള്ള വിലാപയാത്രയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവും മുതിര്‍ന്ന രാജകുടുംബാംഗങ്ങളും പേടകത്തെ അനുഗമിച്ചു.

ഹൈഡ്പാര്‍ക്കില്‍ ആചാരവെടികളും ഒരോ മിനിറ്റിന്റെ ഇടവേളകളില്‍ ബിഗ്‌ബെന്‍ മുഴങ്ങുന്നതിന്റെ തേങ്ങലുകളും ഒഴിച്ചാല്‍ നഗരം പൂര്‍ണനിശബ്ദതയിലായിരുന്നു. രാജ്ഞിയുടെ അന്ത്യയാത്രയില്‍ നിരത്തിനിരുപുറവുംനിന്ന് പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. സപ്തംബര്‍ എട്ടിന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച വരെ വെസറ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു.

ബ്രിട്ടീഷ് സമയം ഇന്നലെ രാത്രി ഏഴരയോടെയാണ് സെന്റ് ജോര്‍ജ് ചാപ്പലിലെ അന്ത്യകര്‍മങ്ങള്‍ തുടങ്ങിയത്. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറില്‍ വിലാപഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തികച്ചും സ്വകാര്യമായി നടത്തുന്ന ചടങ്ങുകളില്‍ രാജാവും ഏതാനും രാജകുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും സംസ്‌കരിച്ചത്.

Next Story

RELATED STORIES

Share it