Latest News

കടുത്ത മുസ്‌ലിം വിരുദ്ധതയുമായി ഒമാന്‍ സീബ് ഇന്ത്യന്‍ സ്‌കൂളിലെ ചോദ്യപേപ്പര്‍; വിവാദമായപ്പോള്‍ മാപ്പിരന്ന് പ്രിന്‍സിപ്പല്‍

ഇതൊരു മനഃപൂര്‍വമല്ലാത്ത പിഴവാണെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

കടുത്ത മുസ്‌ലിം വിരുദ്ധതയുമായി ഒമാന്‍ സീബ് ഇന്ത്യന്‍ സ്‌കൂളിലെ ചോദ്യപേപ്പര്‍; വിവാദമായപ്പോള്‍ മാപ്പിരന്ന് പ്രിന്‍സിപ്പല്‍
X
അല്‍ സീബ്: തൊപ്പിയും താടിയും തീവ്രവാദത്തിന്റെ അടയാളമാക്കിയ ചോദ്യ പേപ്പറുമായി ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍. അല്‍ സീബ് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരാണ് തൊപ്പിയും താടിയും വെച്ചയാളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ചോദ്യ പേപ്പര്‍ തയ്യാറാക്കിയത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഇവിഎസ് (പരിസ്ഥിതി പഠനം) പരീക്ഷയ്ക്കു നല്‍കിയ ചോദ്യപേപ്പറിലാണ് തീവ്രവാദത്തിന്റെ അടയാളമായി താടിയും തൊപ്പിയും ധരിച്ചയാളെ ചിത്രീകരിച്ചത്.

'താഴെ പറയുന്നവയില്‍ കമ്യൂണിറ്റി ഹെല്‍പ്പറുടെ വിഭാഗത്തില്‍ പെടാത്തത് ഏത്' എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരത്തിന്റെ നാല് ഓപ്ഷനുകളില്‍ ആദ്യത്തേതായി തീവ്രവാദിയെന്ന പേരില്‍ കൈയില്‍ തോക്കുമായി നില്‍ക്കുന്നയാളുടെ ചിത്രമാണുള്ളത്. തൊപ്പി, താടി, നിസ്‌കാര തഴമ്പ് എന്നിവയുള്ള ആളുടെ ചിത്രമാണ് നല്‍കിയത്. കര്‍ഷകന്‍, തയ്യല്‍ക്കാരന്‍, സൈനികന്‍ എന്നിവരാണ് മറ്റു മൂന്ന് പേര്‍.

ചോദ്യപേപ്പറിലൂടെ ഇത്തരത്തില്‍ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും പ്രതിഷേധം ശക്തമായി. രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ഷെമീര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, ചോദ്യ പേപ്പര്‍ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ഖേദപ്രകടനവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തി. 'ഇവിഎസ് ചോദ്യപേപ്പറിലെ ചോദ്യം മാതാപിതാക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ നിരുപാധികം മാപ്പ് പറയുന്നു' എന്നും പ്രിന്‍സിപ്പല്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇതൊരു മനഃപൂര്‍വമല്ലാത്ത പിഴവാണെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സീബ് ഇന്ത്യന്‍ സ്‌കൂളിലെ ചില അധ്യാപകര്‍ കടുത്ത സംഘ്പരിവാര്‍ അനുകൂലികളാണെന്ന് നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. സിഎഎ, എന്‍ആര്‍സി എന്നിവയെ അനുകൂലിച്ച് ഈ സ്‌കൂളിലെ അധ്യാപിക രംഗത്തുവന്നിരുന്നു. സിഎഎ, എന്‍ആര്‍സിക്കെതിരായ സമരക്കാരെ റോഡ് റോളര്‍ കയറ്റി കൊല്ലണമെന്ന് മുംബൈ സ്വദേശിനിയായ അധ്യാപിക വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിലും സ്‌കൂളിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it