Latest News

സ്വത്വരാഷ്ട്രീയമുയര്‍ത്തുന്ന ചോദ്യങ്ങള്‍

സ്വത്വരാഷ്ട്രീയമുയര്‍ത്തുന്ന ചോദ്യങ്ങള്‍
X

സമദ് കുന്നക്കാവ്

നാം കൊണ്ടാടുന്ന ആധുനികതയുടെ മൗലികമായ അപൂര്‍ണത അതു നമ്മുടെ ആധുനികതയല്ല എന്നതാണ്. അധിനിവേശത്തോടൊപ്പം അതിന്റെ കാരണവും ഫലവുമെന്ന നിലയിലാണ് ഇന്ത്യയില്‍ ദേശീയ ആധുനികത പിറവികൊള്ളുന്നത്. 15ാം ശതകത്തിനൊടുവില്‍ തുടങ്ങിയ ദേശാന്തര സമുദ്ര സഞ്ചാരങ്ങളില്‍ നിന്നു 19ാം നൂറ്റാണ്ടിലെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങളിലേക്കു പടിപടിയായി ചെന്നെത്തിയ ഒരു രാഷ്ട്രീയ അധികാര വ്യവസ്ഥയെന്ന് ആധുനിക ലോകത്തെ സാമാന്യമായി വിലയിരുത്താവുന്നതാണ്. അറിവിന്റെയും അധികാരത്തിന്റെയും ശരിരൂപങ്ങളായി യൂറോപ്യന്‍ മാതൃകകളെ സ്ഥാനപ്പെടുത്തിക്കൊണ്ടും കോളനി ജനതയുടെ എല്ലാതരം ആവിഷ്‌കാരങ്ങളെയും അപരമായി തരംതാഴ്ത്തിക്കൊണ്ടുമാണ് അധിനിവേശത്തിന്റെ ഈ വൈജ്ഞാനിക പദ്ധതി സ്വന്തം ദൗത്യം നിര്‍വഹിച്ചത്. വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ അറിവിന്റെയും സത്യാത്മകമായ സൗന്ദര്യാനുഭവത്തിന്റെയും ഉല്‍പ്പത്തിസ്ഥാനമായി യൂറോപ്പ് പ്രതിഷ്ഠിക്കപ്പെട്ടു. തന്‍മൂലം മാനവികത, സാമൂഹികത, ജനകീയത തുടങ്ങിയവയുടെ അനുഭവങ്ങളും മാതൃകകളും അധിനിവേശിത പ്രദേശങ്ങളുടെ ചരിത്ര സഞ്ചയത്തിലുണ്ടെന്ന അവബോധം ആധുനികതയുടെ ജ്ഞാനമണ്ഡലത്തില്‍ ഇടം നേടിയില്ല.

യൂറോപ്പിനെ കേന്ദ്രമാക്കുന്ന ലോകാവബോധത്തിന്റെ നിര്‍മാണ സാമഗ്രികളായും കോളനീകരണത്തിനുള്ള പ്രത്യക്ഷ സാധൂകരണമായും നിലനില്‍ക്കുന്ന ഇത്തരം പ്രമാണവല്‍ക്കരിക്കപ്പെട്ട അറിവധികാരങ്ങളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ് ഉത്തരാധുനികത രൂപപ്പെടുന്നത്.

ആധുനികതയുടെ പുരോഗതി സങ്കല്‍പ്പം ജന്മം നല്‍കിയ ഗുരുതരമായ പ്രതിസന്ധികളോടു കലഹം പ്രഖ്യാപിച്ചുകൊണ്ടാണ് ഉത്തരാധുനികത ഇന്നു സ്വന്തത്തെ സ്ഥാപിച്ചെടുക്കുന്നത്. പുരുഷാധിപത്യപരവും വര്‍ണവംശ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതവും പ്രകൃതിചൂഷകവുമായ ഒന്നായി ആധുനികത പടുത്തുയര്‍ത്തപ്പെട്ടതെങ്ങനെയെന്നു വിവിധ നിലകളില്‍ നോക്കിക്കാണുകയാണ് ആധുനികോത്തര പഠനങ്ങള്‍ ചെയ്യുന്നത്. വിവിധ ശാഖകളായി വികസിച്ചുവന്ന സ്ത്രീവാദപഠനങ്ങള്‍, പരിസ്ഥിതി പഠനങ്ങള്‍, പൗരസ്ത്യവാദം, പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി ധാരകള്‍ ഈ സമീപനത്തിലുള്‍പ്പെടുന്നുണ്ട്.

ആധുനികതയുടെ ആശയച്ചേരുവകളാല്‍ രൂപംകൊണ്ട സാഹിത്യങ്ങളും വിജ്ഞാനീയങ്ങളും പുരുഷാധിപത്യത്തിലധിഷ്ഠിതമാണ് എന്നതാണ് സ്ത്രീവാദത്തിന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നത്. ആധുനികതയുടെ ശാസ്ത്രാവബോധവും ഉപകരണ സാമഗ്രികളും പ്രകൃതിയെ സാരമായി മുറിവേല്‍പ്പിച്ചുവെന്നതാണ് പരിസ്ഥിതിവാദത്തിന്റെ ആകത്തുക. കൊളോണിയല്‍ ആധുനികത സവര്‍ണതയുമായി കൈകോര്‍ത്തതെങ്ങനെ എന്ന ചരിത്രപരമായ അന്വേഷണമാണ് കീഴാള പഠനങ്ങള്‍ പങ്കുവയ്ക്കുന്നത്. അധിനിവേശ ആധുനികതയുടെ കടന്നുകയറ്റത്തെ പ്രതിരോധിച്ച ദേശീയ പ്രസ്ഥാനത്തിലും അതിന്റെ നിയന്താക്കളിലും കൊളോണിയലിസത്തിന്റെ ആശയാവലികള്‍ കടന്നുകൂടിയതിനെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഉത്തരകൊളോണിയല്‍ പഠനങ്ങളായി നിലയുറപ്പിക്കുന്നത്. സൈദ്ധാന്തികമായി ഒരൊറ്റ അടിത്തറയില്‍ ഉറച്ചുനില്‍ക്കുന്നവയല്ലെങ്കിലും ആധുനികതാ വിമര്‍ശനത്തിന്റേതായ ഒരു പൊതുബോധം ഈ ധാരകളെല്ലാം മുന്നോട്ടുവയ്ക്കുന്നുണ്ട്.

വളക്കൂറുള്ള ആധുനികോത്തര മണ്ണില്‍ ആഴത്തില്‍ വേരുകളാഴ്ത്തി പിടിച്ചുനില്‍ക്കുന്ന ഇത്തരം ചിന്താപദ്ധതികളെ പരിപോഷിപ്പിക്കുന്നു എന്നതാണ് സ്വത്വരാഷ്ട്രീയത്തിന്റെ സമകാലിക ധര്‍മം. ഉത്തരാധുനികതയുടെ ബൃഹദ് ആഖ്യാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ബൗദ്ധിക മേഖലയിലും സാമൂഹിക മേഖലയിലും സജീവ സാന്നിധ്യമാവാന്‍ സ്വത്വരാഷ്ട്രീയത്തിന് ഇന്നു സാധ്യമാവുന്നുണ്ട്. അതാവട്ടെ ദേശീയത, ദേശീയ പ്രസ്ഥാനം, നവോത്ഥാനം, സവര്‍ണ പൗരത്വം തുടങ്ങി വിശുദ്ധമാക്കപ്പെട്ട പദാവലികളെ ആഴത്തില്‍ പരിക്കേല്‍പ്പിക്കുന്നുമുണ്ട്. കാരണം, ദേശീയാധുനികതയുടെ സവര്‍ണവും വൈദികവുമായ പൗരസങ്കല്‍പ്പം ദേശത്തില്‍നിന്നും ദേശരാഷ്ട്രത്തില്‍നിന്നും തങ്ങളെ നിഷ്‌കാസിതമാക്കിയതിന്റെ ചരിത്രമാണ് സ്വത്വരാഷ്ട്രീയ കീഴാള പഠനങ്ങള്‍ വിളംബരം ചെയ്യുന്നത്.

സ്വത്വരാഷ്ട്രീയവും ദേശരാഷ്ട്ര വിമര്‍ശനവും

കൊളോണിയല്‍ ആധുനികതയുടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പിറവിയെടുത്ത ആശയങ്ങളാണ് ദേശീയതയും ദേശീയ പ്രസ്ഥാനവും. പ്രസ്തുത ആശയങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രസക്തമായ മൂന്നു ഘടകങ്ങള്‍ നിര്‍മാണാത്മകമായ പങ്കുവഹിച്ചു എന്നത് ഏറക്കുറേ ഇന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വവിരുദ്ധതയായിരുന്നു അതില്‍ പ്രഥമസ്ഥാനത്തെങ്കില്‍ ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെ രാഷ്ട്രസംവിധാനങ്ങളും ഉപകരണ സാമഗ്രികളുമായിരുന്നു മറ്റൊന്ന്. വൈദിക പാരമ്പര്യത്തില്‍ വേരോടിനില്‍ക്കുന്ന ആര്‍ഷഭാരത സങ്കല്‍പ്പമാണ് മൂന്നാമതായി ദേശീയ പ്രസ്ഥാനത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചത്. ഇന്ത്യയുടെ മുഴുവന്‍ പൗരത്വങ്ങളെയും കൂട്ടിയിണക്കുന്ന സാംസ്‌കാരിക യുക്തിയായി പ്രചരിപ്പിക്കപ്പെടുകയും അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്ത ഈ ബ്രാഹ്മണ്യം അനിവാര്യമായും മറ്റു പലതിനെയും പാര്‍ശ്വവല്‍ക്കരിച്ചു. ദേശീയാധുനികതയുടെ സവര്‍ണ പ്രത്യയശാസ്ത്രം അതിന്റേതായ മനുഷ്യ മാതൃകകള്‍ക്കു ജന്മം നല്‍കിയപ്പോള്‍ മുസ്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങിയ മനുഷ്യാവസ്ഥകള്‍ അപരവല്‍ക്കരിക്കപ്പെട്ടു. ആര്‍ഷ സംസ്‌കാരത്തിന്റെ ആശയ പ്രതലത്തില്‍ ദേശീയതയുടെ നെടുംതൂണ്‍ താഴ്ത്തിയപ്പോള്‍ ഇസ്‌ലാമിനും മറ്റു സംസ്‌കാരങ്ങള്‍ക്കും അതിന്റെ ദേശീയ പദവി നഷ്ടപ്പെട്ടു. ദലിതുകള്‍ക്ക് ദേശീയ ഭൂപടത്തില്‍ സ്ഥാനം കണ്ടെത്തല്‍ അനിവാര്യമായി. സ്ത്രീകള്‍ ആധുനിക പൗരുഷത്താല്‍ നിയന്ത്രിക്കപ്പെട്ട ഗാര്‍ഹികത്തളങ്ങളിലെ മാതൃകാ കുടുംബിനികളായി മാറി. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സ്വത്വരാഷ്ട്രീയത്തിന്റെ ചരിത്രം ദേശീയമായ അധീശ വ്യവസ്ഥയോടുള്ള സമര ചരിത്രം കൂടിയാണ്.

19ാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലെ അടക്കമുള്ളവര്‍ തിരികൊളുത്തിയ കീഴാള പ്രതിരോധങ്ങള്‍ സ്വത്വവാദത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും ആദിമ ശബ്ദങ്ങളായി ശ്രവിക്കാവുന്നതാണ്. 1875ല്‍ ഫൂലെ രൂപം കൊടുത്ത അധസ്ഥിത പിന്നാക്ക പ്രസ്ഥാനമായ സത്യശോധക് സമാജം 1885ല്‍ രൂപംകൊണ്ട ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനു സമാന്തരമായി സജീവ സാന്നിധ്യമാവുന്നുണ്ട്. അധസ്ഥിത വിഭാഗങ്ങളില്‍നിന്നു നാമമാത്രമായ ദലിത് പ്രതിനിധാനം പോലും ഇക്കാലത്ത് കോണ്‍ഗ്രസ്സിലേക്കു കടന്നുവന്നിരുന്നില്ല. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യകാല സമ്മേളനങ്ങളില്‍ പങ്കെടുത്ത മദ്രാസ് പ്രതിനിധികളില്‍ 80 ശതമാനവും പൂനെ പ്രതിനിധികളില്‍ 100 ശതമാനവും ബ്രാഹ്മണരായിരുന്നു എന്ന വസ്തുത മേല്‍വാദത്തെ ദൃഢീകരിക്കുന്നതാണ്. ദേശീയ പ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കീഴാള സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തിപ്പെട്ടു. പഞ്ചാബിലെ ആദിധര്‍മ പ്രസ്ഥാനം, തമിഴ്‌നാട്ടിലെ ആദി ദ്രാവിഡ പ്രസ്ഥാനം, ആന്ധ്രയിലെ ആദി ആന്ധ്ര, കര്‍ണാടകയിലെ ആദി കര്‍ണാടക, ഉത്തര്‍പ്രദേശിലെയും ഹൈദരാബാദിലെയും ആദി ഹിന്ദു പ്രസ്ഥാനം, ബംഗാളിലെ നാമ ശുദ്രപ്രസ്ഥാനം എന്നിവ രൂപംകൊള്ളുന്നത് സവിശേഷമായ ഈ ചരിത്ര സ്ഥലിയിലാണ്. കീഴാള പ്രക്ഷോഭങ്ങളുടെ ഇത്തരം അലയൊലികളുടെ ഭാഗമായിക്കൊണ്ടാണ് കേരളത്തില്‍ ശ്രീനാരായണ അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ പൊതുമണ്ഡലത്തില്‍ കാലുറപ്പിക്കുന്നത്. സുവര്‍ണവും സവര്‍ണവുമായ ബ്രാഹ്മണിക് ആശയാവലികളെ തിരസ്‌കരിച്ചുകൊണ്ട് ആദിമനിവാസികളായ തങ്ങള്‍ക്കു സ്വാതന്ത്ര്യവും വ്യതിരിക്തവുമായ മതപാരമ്പര്യങ്ങളുണ്ടെന്നു സമര്‍ഥിച്ച് അഹൈന്ദവമായ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിക്കാട്ടുകയാണ് ഈ പ്രസ്ഥാനങ്ങള്‍ ചെയ്തത്.

ഇത്തരം മുന്നേറ്റങ്ങളുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയായിക്കൊണ്ടാണ് പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ രൂപംകൊണ്ട ദലിത്-കീഴാള തിരിച്ചറിവുകളെയും കാണേണ്ടത്. എന്നാല്‍, ജ്യോതിറാവു ഫൂലെയില്‍ തുടങ്ങി ശരണ്‍കുമാര്‍ ലിംബാലെയിലെത്തി നില്‍ക്കുന്ന കീഴാളസ്വത്വവാദങ്ങളോടും സ്വത്വരാഷ്ട്രീയത്തോടും അങ്ങേയറ്റം ഹിംസാത്മകവും പ്രതിലോമപരവുമായ സമീപനങ്ങളാണ് മുഖ്യധാരാ ദേശീയ രാഷ്ട്രീയ കര്‍തൃത്വങ്ങള്‍ കൈക്കൊണ്ടു പോന്നിട്ടുള്ളത്.

ഇന്ത്യയിലെ വരേണ്യജാതികള്‍ ഗൃഹാതുരതയോടെ കൊണ്ടുനടക്കുന്ന സുവര്‍ണ ഭൂതകാല സ്മരണകള്‍ക്കു സമാനമായി അധസ്ഥിത ദലിത് സമൂഹങ്ങളിലും ഒരു ദ്രാവിഡബോധം നിലനില്‍ക്കുന്നുണ്ട്. പൗരാണിക ഇന്ത്യന്‍ സംസ്‌കാരം ദ്രാവിഡമായിരുന്നെന്നും എന്നാല്‍, മോഹന്‍ജെദാരോയിലും ഹാരപ്പയിലും ഉടലെടുത്ത ആര്യാധിനിവേശത്തിന്റെ സന്ദര്‍ഭത്തില്‍ ദ്രാവിഡ സമൂഹം തെക്കെ ഇന്ത്യയെ ആവാസ സ്ഥലമാക്കിയെന്നും ചരിത്രവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. പുതിയ കാലത്തെ പുലയര്‍, കുറവര്‍, പറയര്‍ എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്ന ജാതികള്‍ പ്രാചീനകാലത്ത് ഉന്നത സ്ഥാനങ്ങള്‍ കൈയാളിയിരുന്നവരാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കീഴാള സമൂഹം വച്ചുപുലര്‍ത്തുന്ന ഈ ഭൂതകാല സ്മരണയെ കൊളോണിയല്‍ ആധുനികതയുടെ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനം ബ്രാഹ്മണേതരമായ കള്‍ച്ചറല്‍ ഐഡിയോളജിയായി നികൃഷ്ടവല്‍ക്കരിച്ചു പുറന്തള്ളുകയായിരുന്നു. ഇത്തരമൊരു സമീപനത്തിന്റെ തുടര്‍ച്ചതന്നെയാണ് നവോത്ഥാനാനന്തര കാലയളവില്‍ വികസിച്ചുവന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും കീഴാള സമൂഹങ്ങളോടെടുത്തത്. ദേശത്തിനകത്തു സമരോല്‍സുകമായി കത്തിക്കയറിയ കീഴാള മുന്നേറ്റങ്ങളെ മുതലാളിത്ത പൂര്‍വ സാംസ്‌കാരിക ഘടകങ്ങളെന്ന പേരില്‍ മൊഴിചൊല്ലി സൈദ്ധാന്തിക മണ്ഡലത്തിനു പുറത്തിരുത്തുകയാണ് ഇന്ത്യന്‍ ഇടതുപക്ഷം ചെയ്തത്.

(തുടരും)

Next Story

RELATED STORIES

Share it