Latest News

ഹിന്ദുയിസവും ഹിന്ദുത്വവും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെന്ന് രാഹുല്‍ ഗാന്ധി

ഹിന്ദുയിസവും ഹിന്ദുത്വവും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ഹിന്ദുയിസവും ഹിന്ദുത്വവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജന്‍ ജാഗ്രന്‍ അഭിയാന്‍ ഡിജിറ്റല്‍ കാംപയിന്റെ ഭാഗമായ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഹിന്ദുയിസവും ഹിന്ദുത്വവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. അവ ഒരേ കാര്യങ്ങളാണോ? അവ ഒന്നാണെങ്കില്‍ എന്തുകൊണ്ടാണ് അവ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നത്? അതിനര്‍ത്ഥം അവ വ്യത്യസ്തമാണെന്നാണ്. ഹിന്ദുയിസം ഒരു സിഖുകാരനെയോ മുസ് ലിമിനെയോ മര്‍ദ്ദിക്കുമോ? പക്ഷേ, ഹിന്ദുത്വം അത് ചെയ്യും''- രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സജീവമാണെന്നും പക്ഷേ, അത് മറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഇന്ന് നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആര്‍എസ്എസ്, ബിജെപി ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ദേശീയതയുടെയും സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും പ്രത്യയശാസ്ത്രത്തെ മറച്ചുവയ്ക്കുകയാണ്. അത് നാം അംഗീകരിച്ചേ തീരൂ. നമ്മുടെ ആശയം സജീവമാണ്. അത് പക്ഷേ, മറഞ്ഞിരിക്കുന്നു''- അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ വേണ്ട വിധത്തില്‍ പ്രചരിപ്പിക്കാത്തതുകൊണ്ടാണ് അത് മറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 14 മുതല്‍ 29വരെയാണ് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് 'ജന്‍ ജാഗ്രണ്‍ അഭിയാന്‍' എന്ന പേരില്‍ ദേശീയ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it