Latest News

രാഷ്ട്രപതി ഭവന്‍ ഇനി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം; ദിവസം, സമയം, ടിക്കറ്റ് നിരക്ക് അറിയാം

രാഷ്ട്രപതി ഭവന്‍ ഇനി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം; ദിവസം, സമയം, ടിക്കറ്റ് നിരക്ക് അറിയാം
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം ഡിസംബര്‍ ഒന്ന് മുതല്‍ പുനരാരംഭിച്ചു. ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെയും ഒരുമണിക്കൂര്‍ വീതമുള്ള അഞ്ച് സ്ലോട്ടുകളിലായാണ് രാഷ്ട്രപ്രതി ഭവന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവന്‍. വാസ്തുശില്‍പികളായ സര്‍ എഡ്വിന്‍ ലൂട്ടിയന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരുടെ സൃഷ്ടിയാണ് ഇത്. 330 ഏക്കര്‍ എസ്‌റ്റേറ്റില്‍ 5 ഏക്കര്‍ വിസ്തൃതിയില്‍ എച്ച് ആകൃതിയിലുള്ള കെട്ടിടമാണിത്. രാഷ്ട്രപതി ഭവനില്‍ നാല് നിലകളിലായി 340 മുറികള്‍, 2.5 കിലോമീറ്റര്‍ വലിപ്പമുള്ള ഇടനാഴികള്‍, 190 ഏക്കര്‍ ഗാര്‍ഡന്‍ ഏരിയ എന്നിവയുണ്ട്.

കൊവിഡ് വ്യാപനം കാരണം രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദര്‍ശനം പൊതുജനങ്ങള്‍ക്ക് വെറും രണ്ടുദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, വീണ്ടും ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനും പ്രവൃത്തിദിവസങ്ങളിലും അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കേണ്ടത് ഏത് ദിവസങ്ങളില്‍ ?

രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിന്റെ (സര്‍ക്യൂട്ട് 1) ഭാഗങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഗസറ്റഡ് അവധി ദിവസങ്ങളില്‍ ഒഴികെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. രാഷ്ട്രപതി ഭവന്‍ സര്‍ക്യൂട്ട് 1 ല്‍ പ്രധാന കെട്ടിടം, ഫോര്‍കോര്‍ട്ട്, റിസപ്ഷന്‍, നവാചര, ബാങ്ക്വറ്റ് ഹാള്‍, അപ്പര്‍ ലോഗ്ഗിയ, ലുട്ടിയന്‍സ് ഗ്രാന്‍ഡ് സ്‌റ്റെയര്‍, ഗസ്റ്റ് വിങ്, അശോക് ഹാള്‍, നോര്‍ത്ത് ഡ്രോയിങ് റൂം, ലോങ് ഡ്രോയിങ് റൂം, ലൈബ്രറി, ദര്‍ബാര്‍ ഹാള്‍, ബുദ്ധ പ്രതിമ എന്നിവ ഉള്‍പ്പെടുന്നു.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കേണ്ട സമയം

പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും ഒരുമണിക്കൂര്‍ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദര്‍ശകര്‍ വരെ ഉണ്ടാവും.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് നിരക്ക്

ഓരോ സര്‍ക്യൂട്ടിലും ഒരു സന്ദര്‍ശകന് 50 രൂപയാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്. 30 പേര്‍ അടങ്ങുന്ന ഒരു സന്ദര്‍ശക സംഘത്തിന് ഓരോ സന്ദര്‍ശനത്തിനും 1200 രൂപയാണ് ഈടാക്കുക. എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനുള്ള രജിസ്‌ട്രേഷന്‍ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 30ലധികം പേരുള്ള ഒരു ഗ്രൂപ്പിലെ സന്ദര്‍ശകര്‍ക്ക് 1200 രൂപയും അധിക സന്ദര്‍ശകനില്‍ നിന്ന് 50 രൂപയും ഈടാക്കും. രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ റീഫണ്ടോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനായി ബുക്കിങ് നടത്തേണ്ടത് ?

രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ ഓണ്‍ലൈനായോ റിസപ്ഷനില്‍ സന്ദര്‍ശിക്കുന്ന സമയത്തോ അടയ്‌ക്കേണ്ടതാണ്. നിങ്ങളുടെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശന ടിക്കറ്റുകള്‍ ഇവിടെ ബുക്ക് ചെയ്യാം: rashtrapatisachivalaya.gov.in/rbtour/.

രാഷ്ട്രപതി ഭവന്‍ മ്യൂസിയം കോംപ്ലക്‌സ് (സര്‍ക്യൂട്ട് 2) സന്ദര്‍ശിക്കേണ്ടക് ഏത് ദിവസങ്ങളില്‍ ?

ഗസറ്റഡ് അവധി ദിവസങ്ങളില്‍ ഒഴികെ ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെ ആഴ്ചയില്‍ ആറ് ദിവസവും രാഷ്ട്രപതി ഭവന്‍ മ്യൂസിയം കോംപ്ലക്‌സ് സന്ദര്‍ശിക്കാം. മ്യൂസിയം സമുച്ചയത്തില്‍ സ്‌റ്റേബിളുകളും പുരാവസ്തുക്കളുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

എപ്പോഴാണ് ഗാര്‍ഡ് മാറ്റം ചടങ്ങ് നടക്കുന്നത് ?

എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതല്‍ 9 വരെ രാഷ്ട്രപതിഭവന്‍ ഫോര്‍കോര്‍ട്ടിലെ ഗാര്‍ഡ് മാറ്റ ചടങ്ങിന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം. പ്രസിഡന്റിന്റെ അംഗരക്ഷകരുടെ പുതിയ സംഘത്തെ ചുമതലയേല്‍പ്പിക്കാന്‍ എല്ലാ ആഴ്ചയും നടക്കുന്ന ഒരു സൈനിക പാരമ്പര്യമാണ് ഗാര്‍ഡ് മാറ്റ ചടങ്ങ്.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും, നിങ്ങള്‍ക്ക് മാനേജ്‌മെന്റ് സെല്ലുമായി ബന്ധപ്പെടാം: ഫോണ്‍ നമ്പര്‍: 011 23013287, 23015321. ഇമെയില്‍: receptionofficer@rb.nic.in.

Next Story

RELATED STORIES

Share it