Latest News

'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ അനുസ്മരണത്തിൽ മകൻ്റെ ഹോട്ടൽ ജീവിതം നേതാക്കളെ ഓർമിപ്പിച്ച് റെഡ് ആർമി

ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...; ചടയൻ ഗോവിന്ദൻ്റെ അനുസ്മരണത്തിൽ മകൻ്റെ ഹോട്ടൽ ജീവിതം നേതാക്കളെ ഓർമിപ്പിച്ച് റെഡ് ആർമി
X

കണ്ണൂർ: മക്കളുടെ ജീവിതരീതിയും വ്യാപാര ബന്ധവും കാരണം പാർട്ടി പ്രതിസന്ധിയിലാവുന്നത് തുടർക്കഥയാവുന്നതിനിടെ ചടയൻ ഗോവിന്ദൻ്റെ അനുസ്മരണത്തിൽ മകൻ്റെ ഹോട്ടൽ ജീവിതം സി പി എം നേതാക്കളെ ഓർമിപ്പിച്ച് റെഡ് ആർമി. മുൻ സംസ്ഥാന സെക്രട്ടറിയും അഴിക്കോട് എംഎൽഎയുമൊക്കെയായ ചടയൻ ഗോവിന്ദൻ്റെ മകൻ സുഭാഷ് കമ്പിലിലെ ഗായത്രി ഹോട്ടലിൽ ചായയുണ്ടാക്കുന്ന ചിത്രത്തോടെയാണ് കുറിപ്പ് പങ്കിട്ടത്. ചടയൻ നേതാവായിരിക്കെ പാർട്ടി പത്രത്തിൽ സുഭാഷിന് ജോലി ലഭിച്ചപ്പോൾ വിവാദവും പ്രതിഷേധവും ഉയർന്നു. ഇതോടെ മകനോട് ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ചെയ്തു. പിന്നീട് കൂലിപ്പണിയെടുത്തും സുഹൃത്തിനോടൊപ്പം ഹോട്ടൽ നടത്തിയുമാണ് ഇത്രയും കാലം ജീവിച്ചത്. അന്ന് പ്രതിഷേധിച്ചവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനങ്ങളിലെ കഴകക്കാരാണെന്നും ചടയനെ പോലെ ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടായിരുന്നുവെന്നും റെഡ് ആർമി ഓർമിപ്പിക്കുന്നുണ്ട്. നേരത്തേ പിജെ ആർമിയായിരുന്ന പേജാണ് വിവാദമായതോടെ റെഡ് ആർമിയായത്. പി ജയരാജനുമായി ബന്ധുള്ളവരാണ് റെഡ് ആർമിക്കു പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.

റെഡ് ആർമി പങ്കിട്ട ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഇത് സുഭാഷ് ചടയൻ.... സിപിഐഎം സംസ്ഥാന സെക്രട്ടറിയും അഴിക്കോട് എംഎൽഎ യുമായിരുന്ന ചടയൻ ഗോവിന്ദൻ്റെ ഇളയ മകൻ കമ്പിൽ ടൗണിൽ " ഗായത്രി "ഹോട്ടൽ നടത്തുകയാണ്. ദേശാഭിമാനി കണ്ണൂർ എഡിഷൻ തുടങ്ങിയ നാളുകളിൽ ബിരുദധാരിയായ സുഭാഷിന് ദേശാഭിമാനിയിൽ ജോലികിട്ടി. എന്നാൽ പൊടുന്നനേയായിരുന്നു കാര്യങ്ങൾ അട്ടിമറിഞ്ഞത്. നേതാവിൻ്റെ മകന് ജോലി നൽകിയതിൽ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടി. അണിയറയിലെ പ്രതിഷേധം മനസ്സിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നു. അന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധം കുത്തിപ്പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തിൽ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. പിന്നീട് സുഭാഷ് നീണ്ടയാത്രയിലായിരുന്നു. ജോലി തേടിയുള്ള യാത്ര, ഒടുവിലാണ് കമ്പിൽ ടൗണിൽ സുഹൃത്തുമായി ചേർന്ന് ഹോട്ടൽ തുടങ്ങിയത്. ഇടതു വലതു നേതാക്കളിൽ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ്. മക്കളുടെ ഭാവിയോർത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളിൽ എത്തിക്കണം. ചടയനെ പോലെ ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു. പാർട്ടി ലോക്കൽ കമ്മിറ്റി നിർമിച്ചു കൊടുത്ത വീട്ടിലായിരുന്നു ജീവിതാന്ത്യംവരെ ചടയൻ താമസിച്ചത്. രാഷ്ട്രീയ - ചരിത്ര വിദ്യാർത്ഥികൾ ചടയൻ്റെ രാഷ്ട്രീയ കാലഘട്ടത്തെ സിപിഐഎംൻ്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടാണ് അടയാളപ്പെടുത്തുക. വൈദേശീയ കോർപറേറ്റ് മൂലധനത്തിൻ്റെ കടന്നു വരവിനെ പ്രതിരോധിച്ചു എന്നതാണ് ചരിത്രത്തിൽ ചടയൻ്റെ സ്ഥാനം. ചടയൻ്റെ കാലത്തിന് ശേഷമാണ് വൻതോതിലുള്ള വൈദേശീക മൂലധനം സമസ്ത മേഖലകളിലേക്കും കടന്നുകയറിയത്. എന്തുകൊണ്ടാണ് ചടയൻ്റെ മകനെ ഒരു multinational company യുടെ തലപ്പത്തോ പാർട്ടി സ്ഥാപനങ്ങളിലോ പ്രതിഷ്ഠിക്കാൻ ചടയന് കഴിയാതെ പോയത്. അത് ചടയൻ്റെ ദൗർബല്യമായിരുന്നില്ല, ചടയൻ്റെ രാഷ്ട്രീയ മൂല്യബോധമായിരുന്നു അതിന് തടസ്സമായത്. പാലോളി സഖാവിനേയും ഇക്കാര്യത്തിൽ മറക്കാനാകില്ല (കടപ്പാട്)


https://www.facebook.com/share/p/CUSmybHU4iqWh5sH/?mibextid=oFDknk


Next Story

RELATED STORIES

Share it