- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംവരണവും മതപരിവര്‍ത്തനവും
കൃഷ്ണന്‍ എരഞ്ഞിക്കല്‍
പട്ടികജാതി/പട്ടികവര്‍ഗത്തില്‍ നിന്നു മതപരിവര്‍ത്തനം ചെയ്തവര്‍ക്കു സംവരണം നല്‍കണോ എന്നു തീരുമാനിക്കുന്നതിനു സമിതിയെ നിശ്ചയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംവരണവിരുദ്ധത പ്രകടിപ്പിക്കുന്ന വര്‍ണാധിഷ്ടിത ഭരണകൂടം എത്തരത്തിലാണ് രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ കാണുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ജുഡിഷ്യറിയില്‍ നിന്നുള്ള പ്രതിനിധി, കേന്ദ്ര മന്ത്രിസഭാംഗം, സര്‍ക്കാര്‍ സെക്രട്ടറി പദവിയില്‍നിന്നു വിരമിച്ച വ്യക്തി എന്നിവരുള്‍പ്പെടുന്ന സമിതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട അജണ്ടകളുടെ ഭാഗമായി രൂപം നല്‍കിയ ഒരു സമിതിയാണ് ഇത്. അതുകൊണ്ടുതന്നെ ഇത്തരം തട്ടിക്കൂട്ട് സമിതികളുടെ കണ്ടെത്തലുകള്‍ എത്തരത്തിലാവുമെന്നത് ഊഹിക്കാവുന്നതാണ്.
സംവരണത്തെ അട്ടിമറിക്കാനാണ് മുമ്പു സാമ്പത്തിക സംവരണം നടപ്പാക്കിയത്. രാജ്യത്തെ പിന്നാക്കാവസ്ഥയ്ക്കു നിദാനം സാമ്പത്തികമല്ല, മറിച്ച് വ്യവസ്ഥിതി ഏല്‍പ്പിച്ച സാമൂഹിക പ്രശ്‌നങ്ങളാണ് ഒരു ജനതയെ പിന്നാക്കത്തില്‍ നിന്നു പിന്നാക്കമാക്കിയതെന്ന ചരിത്ര യാഥാര്‍ഥ്യം തിരസ്‌കരിച്ചുകൊണ്ട് ഭരണഘടനയുടെ നിര്‍ദേശങ്ങളെ അട്ടിമറിക്കാന്‍ ബദല്‍മാര്‍ഗം സാമ്പത്തിക സംവരണമാണെന്ന തിരിച്ചറിവില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താല്‍പ്പര്യങ്ങളാണ് രാജ്യത്ത് പ്രകടമായിക്കൊണ്ടിരിക്കുന്നത്.
സംവരണത്തെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുച്ഛദം 4ല്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ് 'ഈ അനുച്ഛേദത്തില്‍ യാതൊന്നും രാഷ്ട്രത്തിന്റെ അഭിപ്രായത്തില്‍, രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പൗരന്‍മാര്‍ക്കു നിയമങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥ ഉണ്ടാക്കുന്നതില്‍നിന്നു രാഷ്ട്രത്തെ തടയുന്നില്ല' എന്നാണ്. ഇതു ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടും സംവരണത്തിനെതിരായി എടുക്കുന്ന നിലപാടുകള്‍ ഭരണഘടനാ ലംഘനമായി വ്യവഹരിക്കാന്‍ കഴിയുന്നില്ല.
ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികവകാശങ്ങള്‍ക്കൊപ്പമാണ് സംവരണത്തിനു പ്രാധാന്യം നല്‍കിയത്. മൗലികവകാശങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 14, 15, 16 ഉള്‍പ്പെടെയുള്ളവയുമായി താതാത്മ്യപ്പെടുത്തുന്ന, സംവരണത്തിന് വഴിയൊരുക്കുന്ന ആര്‍ട്ടിക്കിള്‍ 15 (4), 16 (4), 16 (5) വകുപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന വിശാലത ഇക്വാലിറ്റിക്ക് പൂരകമാണെന്നു സുപ്രിംകോടതിയും വിലയിരുത്തിയത് മറന്നുകൂടാ. സാമ്പത്തിക സംവരണത്തിലൂടെ ഏതെങ്കിലുമൊരു വിഭാഗത്തിനു മാത്രമായി സംവരണമേര്‍പ്പെടുത്തുന്നത് മുകളില്‍ പറഞ്ഞ ഭരണഘടനയുടെ വകുപ്പുകള്‍ക്കു വിരുദ്ധമായതിനാലാണ് സാമ്പത്തിക സംവരണം ഭരണഘടനയുടെ ലംഘനമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ചില കോടതി ഇടപെടലുകളില്‍ സംവരണവാദത്തെ എത്രമാത്രം സ്വാധീനിക്കുമെന്ന ചില സംശയങ്ങള്‍ ഉയര്‍ന്നുവരുന്നതു കാണാം. ഒബിസി വിഭാഗങ്ങളുടെ സംവരണം 27 ശതമാനമാക്കിയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത് കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടു ചിലര്‍ സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പരീക്ഷയിലെ മെറിറ്റും സംവരണവും രണ്ടായിത്തന്നെ കാണണമെന്നു ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ''മല്‍സരപ്പരീക്ഷകള്‍ക്ക് ഒരാളുടെ 'യോഗ്യത' പൂര്‍ണമായി എങ്ങനെ നിര്‍ണയിക്കാനാവുമെന്ന'' അതിപ്രധാനമായൊരു ചോദ്യം ഉന്നയിച്ചശേഷമാണ് ഹരജിക്കാരുടെ വാദം തള്ളി സുപ്രിംകോടതി കേന്ദ്ര വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയത്. വിധിയുടെ ഒരു മറുവശം മറ്റു തലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ വിധി പരോക്ഷമായി സാമ്പത്തിക സംവരണത്തെ ശരിവയ്ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. 2019 ജനുവരിയില്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമത്തിലൂടെയാണ് രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയത്. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം അനുവദിക്കുന്ന ബില്ലായിരുന്നു അംഗീകരിച്ചത്. നിലവിലുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമായാണ് ബിജെപി ഭരണകൂടം സാമ്പത്തിക സംവരണം മുന്നോട്ടുവച്ചത്. വിഭവപങ്കാളിത്തത്തിലും ഭരണ-ഉദ്യോഗ-അധികാര തലങ്ങളിലെ പ്രാതിനിധ്യവും ഉറപ്പിക്കാനുള്ള അവസരമാണ് സംവരണം മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ ഭരണപങ്കാളിത്തത്തില്‍ പ്രാതിനിധ്യമെന്നതു സംവരണ മണ്ഡലങ്ങളിലൂടെയുള്ളത് മാത്രമാണെന്ന് ഓര്‍ക്കണം. ഇതു നഷ്ടമാവുന്നതോടെ ഭരണതലങ്ങളിലെ പ്രാതിനിധ്യത്തിനു പര്യവസാനമാവുമെന്നതാണ് യാഥാര്‍ഥ്യം. ജനറല്‍ സീറ്റുകളില്‍നിന്നു സംവരണവിഭാഗങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുമെന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതാണ്. സംവരണത്തെ കുറിച്ചു സംവരണ വിഭാഗങ്ങള്‍ക്കുതന്നെ കൃത്യമായ അവബോധമില്ല എന്നതു സംവരണവിരുദ്ധര്‍ക്ക് അനുകൂലമായി മാറപ്പെടുന്നുവെന്നത് കാക്കാ കലേക്കര്‍ മുതല്‍ മണ്ഡല്‍ കമ്മീഷന്‍ വരെ ബോധ്യപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് സംവരണത്തെ കുറിച്ചു ചര്‍ച്ചകള്‍ രൂപപ്പെടുത്താന്‍ ഇടമില്ലാത്തവിധം ഇടുങ്ങിയ വ്യവസ്ഥിതിയിലേക്കു പൊതുബോധങ്ങളെ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്. സംവരണത്തിനനുകൂലമായ നിലപാടുകളിലേക്കുള്ള ചര്‍ച്ചകള്‍ രാജ്യത്ത് രൂപപ്പെടുകയും ചര്‍ച്ചകള്‍ പുരോഗമിക്കപ്പെടുകയും ചെയ്യുമ്പോള്‍, രാജ്യത്ത് സംവരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂക്ഷമാവും. അല്ലെങ്കില്‍, അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെടുകയോ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയോ ചെയ്യും. ഇത്തരം സ്ഥിരം തിരക്കഥകള്‍ പരുവപ്പെടുത്തി നാടകങ്ങള്‍ അരങ്ങേറുന്ന കാഴ്ചകളിലേക്കു പൊതുബോധത്തെ ഭരണകൂടം എത്തിക്കുന്നുവെന്നതു വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. സംവരണവിരുദ്ധതയിലൂടെ സവര്‍ണസമൂഹത്തെ തൃപ്തിപ്പെടുത്താന്‍ അജണ്ടകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭരണകൂടം രാജ്യം ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഭരണഘടന അനുവര്‍ത്തിക്കുന്ന സംവരണതാല്‍പ്പര്യങ്ങളെ അട്ടിമറിക്കപ്പെടുന്നതിനു വേണ്ടി സാമ്പത്തിക സംവരണം രാജ്യത്തു നടപ്പാക്കിയത്. സവര്‍ണ വ്യവസ്ഥിതിയുടെ നിയന്ത്രണത്തിലാണ് ഭരണകര്‍ത്താക്കളും നീതിനിര്‍വഹണ സംവിധാനങ്ങളും. അതുകൊണ്ടുതന്നെ പട്ടികജാതി/പട്ടികവര്‍ഗത്തില്‍ നിന്നു മതപരിവര്‍ത്തനം ചെയ്തവര്‍ക്കു സംവരണം നല്‍കണോ എന്നതു കേവല ചര്‍ച്ചകളില്‍ മാത്രമൊതുങ്ങും. പട്ടികജാതി-പട്ടികവര്‍ഗത്തില്‍ നിന്ന് ഇസ്‌ലാം, ക്രൈസ്തവ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ വിശ്വാസമാണ് മാറ്റപ്പെടുന്നത്. ഇവര്‍ ജീവിച്ചുവന്ന സാമൂഹികാവസ്ഥ അതേപടി നിലനില്‍ക്കുകയാണ്. ഇവര്‍ക്കു മതംമാറ്റത്തിന്റെ പേരില്‍ സംവരണം നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനമായാണ് വിലയിരുത്തുക.
മതപരിവര്‍ത്തനം തടയുക എന്ന അപ്രഖ്യാപിത നിഗൂഢ അജണ്ട ഒളിഞ്ഞിരിക്കുന്ന ഒളിയമ്പാണ് സംവരണനിഷേധത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. മതപരിവര്‍ത്തനത്തെ പ്രതിരോധിക്കാനുള്ള ആയുധമായിട്ടാണ് സാമ്പത്തിക സംവരണം കൊണ്ടുവന്നത് എന്നുവേണം കരുതാന്‍. സമത്വം കൈവരിക്കാന്‍ സഹായിക്കുന്ന വിമോചനാത്മകമായ മതസ്വത്വം സ്വാംശീകരിക്കുന്നതിനെ അടിച്ചമര്‍ത്തുകയും പുതുധാരയെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രപരതയാണ് നിഗൂഢ അജണ്ടയായി മാറ്റപ്പെട്ടത്. ജാതിവിവേചനം കൊണ്ട് മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ദലിത് സമൂഹം ക്രിസ്ത്യന്‍, ഇസ്്‌ലാം മതങ്ങളിലേക്കു പരിവര്‍ത്തിക്കപ്പെടുന്നത് തടയിടുക എന്നതാണ് സംവരണവിരുദ്ധര്‍ ലക്ഷ്യമാക്കുന്നത്. 1950ല്‍ ഡോ. അംബേദ്കറുടെ എതിര്‍പ്പിനെ മറികടന്നു രാഷ്ട്രപതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രസിഡന്‍ഷ്യന്‍ ഓര്‍ഡര്‍ മുതലേ ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. പ്രസിഡന്‍ഷ്യന്‍ ഓര്‍ഡര്‍ മൂന്നാം പാരഗ്രാഫ് 20ാം ഖണ്ഡിക 2ല്‍ പറയുന്നത് 'ഹിന്ദുമതത്തില്‍ നിന്നു വ്യത്യസ്തമായ ഒരു മതം പറയുന്ന ഒരു വ്യക്തിയും ഒരു പട്ടികജാതി അംഗമായി കണക്കാക്കില്ല' എന്നാണ്. ഈ ഉത്തരവ് ദലിതരെ ഹിന്ദുമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ തളച്ചിടാന്‍ മാത്രം ചുട്ടെടുത്തതാണെന്നു കൃത്യമായി വായിച്ചെടുക്കാന്‍ കഴിയും. അതായത്, സംവരണസമൂഹമായി നിലനില്‍ക്കണമെങ്കില്‍ ദലിതര്‍ ഹിന്ദുമതത്തില്‍ നിലനില്‍ക്കണമെന്ന വ്യവസ്ഥ നിയമം മൂലം ഈ ഉത്തരവിലൂടെ പ്രാബല്യമാക്കിയതിനു പിന്നിലെ ഉദ്ദേശ്യം ദലിതര്‍ ഹിന്ദുമതം വിട്ടുപോവരുതെന്ന താല്‍പ്പര്യമാണെന്നു വ്യക്തം. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്ന ഭരണകൂടം തന്നെ ഘര്‍ വാപ്പസി (തറവാട്ടിലേക്ക് മടങ്ങുക) നടത്തുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. ഹിന്ദുമതത്തെ നിലനിര്‍ത്തുക എന്ന അപ്രഖ്യാപിത അജണ്ടയാണ് ഇതിനു പിന്നിലെന്നു വ്യക്തം. ജാതീയമായ അസമത്വങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഹിന്ദുമതത്തിന്റെ തുടര്‍ച്ച പൂര്‍ത്തീകരിക്കുന്നതിലൂടെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് ബ്രാഹ്മണിക്കല്‍ മനുവാദ രാഷ്ട്ര നിര്‍മിതിയാണ്.
ഇന്ത്യയില്‍ മതപരിവര്‍ത്തിത വിഭാഗങ്ങളുടെ കൂട്ടായ്മ ഏകീകരിക്കപ്പെട്ടിട്ടില്ല. ദലിത് സമൂഹത്തില്‍നിന്ന് ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്തവരുടെ കൂട്ടായ്മ ഡല്‍ഹിയില്‍ രൂപപ്പെട്ടിരുന്നു. ദേശീയതലത്തില്‍ ഏകീകൃത രൂപം പ്രകടമാവാത്ത കാലത്തോളം ഘര്‍വാപ്പസിക്കു വേണ്ടി സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ സംഘപരിവാരം കോപ്പുകൂട്ടുമെന്നു തീര്‍ച്ചയാണ്. മതപരിവര്‍ത്തനത്തിനു ശേഷം സാമൂഹിക വിവേചനമനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ ഏകീകൃത പ്രക്ഷോഭങ്ങള്‍ രൂപപ്പെടുകയും നീതിനിഷേധത്തിനെതിരേ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തപ്പെടുകയും ചെയ്യുന്നുവെന്നതു പറയാതെ വയ്യ. എന്നാല്‍, ഇസ്‌ലാമിലേക്കു പരിവര്‍ത്തിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും സാമൂഹിക നിലനില്‍പ്പ് ഭദ്രമാക്കാനും നിലവില്‍ സംവിധാനങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം. ദലിത്-മുസ്്‌ലിം-ക്രിസ്ത്യന്‍ ഐക്യം കേവല ചടങ്ങുകള്‍ക്കായി പ്രയോഗിക്കപ്പെടുന്ന രാഷ്ട്രീയ പദപ്രയോഗ സാധ്യതയായി വിലയിരുത്തുന്നതിനു പകരം മുസ്‌ലിം-ക്രിസ്ത്യന്‍ മതാധ്യക്ഷന്‍ മാര്‍ 'ഫത്‌വ'യായി ദലിത് ഐക്യം പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ചാല്‍ രൂപപ്പെടുന്ന മാറ്റം ഒരു വിമോചനാത്മകമായ മുന്നേറ്റമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ മതങ്ങളിലെ അവാന്തരവിഭാഗ മതനേതൃത്വങ്ങള്‍ എങ്ങനെ ഇതിനെ നോക്കിക്കാണുമെന്നതാണ് തര്‍ക്കമായി നിലനില്‍ക്കുന്നത്. സംവരണത്തിനെതിരേ രൂപപ്പെടുന്ന ഭരണകൂട താല്‍പ്പര്യങ്ങളെ നിയമപോരാട്ടങ്ങളിലൂടെ നേരിടാന്‍ മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ബുദ്ധിജീവികള്‍ തയ്യാറെടുപ്പു നടത്താതിരുന്നാല്‍ സംവരണം അട്ടിമറിക്കുന്നതിനു കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വരുന്ന അവസ്ഥയാവും ഉണ്ടാവുക.
(തേജസ് ദൈ്വവാരികയില്‍ ഫെബ്രുവരി 15-30 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)
RELATED STORIES
മുസ്‌ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMT