Latest News

കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് എംഎം മണി; മണി പറഞ്ഞതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭവിട്ടു

കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് എംഎം മണി; മണി പറഞ്ഞതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കെകെ രമയ്ക്ക് എതിരായ പരാമര്‍ശത്തില്‍ ഉറച്ച് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. മണി പറഞ്ഞതില്‍ തെറ്റില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഒപ്പം പ്രതിപക്ഷത്തിനെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. പ്രതിപക്ഷം എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ നിന്ന് പുറത്തേക്ക് പോയി.

താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു മണി പറഞ്ഞു. തന്റെ വീക്ഷണത്തില്‍ തോന്നിയ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പോലിസാണ്. സഭയില്‍ കിടന്നു ബഹളമുണ്ടാക്കിയാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്തോ അപമാനിച്ചു' എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താന്‍ കേട്ടു. അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീര്‍ത്തികരമല്ല. പ്രധാന ചര്‍ച്ചകള്‍ വരുമ്പോള്‍ ഇത്തരത്തില്‍ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവര്‍ത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെയും സ്പീക്കറുടെയും നിലപാടില്‍ പ്രതിഷേധിച്ച് ധനാഭ്യര്‍ത്ഥന ചര്‍ച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയി. ഒരു ഭാഗം മാത്രം പറഞ്ഞ്, മറുപടി ഇല്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും ഇത് പര്‍ലമെന്ററി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും സഭ നിര്‍ത്തിവെക്കുകയും ചെയ്തു. എംഎം മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്നായിരുന്നു വിഡി സതീശന്റെ വിമര്‍ശനം. സഭ പിന്നീട് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു.

വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞത്

' ്ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെ മുന്‍ മന്ത്രി കൂടിയായ മന്ത്രി എംഎം മണി കെകെ രമയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം ഒരിക്കലും സഹിക്കാന്‍ പറ്റാത്തതും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഇവിടെ ഒരു മഹതി സര്‍ക്കാരിനെതിരെ പ്രസംഗിച്ചു, അവര്‍ വിധവയായി പോയി, അത് അവരുടെ വിധി എന്ന ക്രൂരമായ പരാമര്‍ശമാണ് മണി നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തി. പരാമര്‍ശം പിന്‍വലിക്കില്ലെന്ന ധിക്കാരപരമായ നിലപാട് എംഎം മണി സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി അതിന് കുടപിടിച്ചു കൊടുത്തു. ഈ പരാമര്‍ശം രേഖയില്‍ നിന്നും നീക്കം ചെയ്യാന്‍ പോലും സ്പീക്കര്‍ തയാറായില്ല.

കഴിഞ്ഞ കുറെക്കാലമായി സി.പി.എം കെകെ രമയെ വേട്ടയാടുകയാണ്. 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ചോര കുടിച്ചിട്ടും മതിയാകാത്ത കൊലയാളികള്‍ അദ്ദേഹത്തിന്റെ വിധവയായ രമയെയും വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന നേതാവ് രമയെ അധിക്ഷേപിച്ച് കോഴിക്കോട് പ്രസംഗിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നിയമസഭയ്ക്കകത്തും മണി രമയെ വേട്ടയാടുന്നത്. സി.പി.എമ്മിന്റെയും മുഖ്യന്ത്രിയുടെയും അനുമതിയോട് കൂടി ഗൂഡാലോചന നടത്തി ആസൂത്രിതമായി നടത്തിയ പരാമര്‍ശമാണിത്.

നിയമസഭയില്‍ ലഭിക്കുന്ന പരിമിതമായ സമയത്തിനുള്ളില്‍ നിന്നു കൊണ്ട് കെ.കെ രമ സംസാരിക്കുമ്പോള്‍, ടിപി ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ സംസാരിക്കുന്നതു പോലെ സി.പി.എം നേതാക്കള്‍ക്ക് തോന്നുന്നത് കൊണ്ടാണ് അവരെ വേട്ടയാടുന്നത്. നിരന്തരമായി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന വ്യക്തിയാണ് എംഎം മണി. ഞങ്ങളുടെ സഹോദരി ഈ വൃത്തിക്കെട്ട പരാമര്‍ശം കേട്ട് നിറകണ്ണുകളോടെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ നിയമസഭയില്‍ ഇരിക്കാനാകും'.

രമേശ് ചെന്നിത്തല

'സി.പി.എമ്മിന്റെ കൊലയാളി രാഷ്ട്രീയത്തിന് എതിരായ ചെറുത്ത് നില്‍പ്പിന്റെ പ്രതീകമായ കെകെ രമയെ കാണുമ്പോള്‍ അവര്‍ക്ക് ഹാലിളകും. രമയുടെ പ്രസംഗം എപ്പോഴും തടസപ്പെടുത്താറുണ്ട്. കെകെ രമ വിധവയായത് അവരുടെ വിധിയാണെന്നാണ് മണി പറഞ്ഞത്. ഉന്നതമായ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് പിണറായി വിജയന്‍ ഇരിക്കുന്നത്. മുഖ്യമന്ത്രിയെങ്കിലും മണിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ടിപി ചന്ദ്രശേഖരന്റെ കൊലയാളികളെ പ്രോത്സാഹിപ്പിച്ച പിണറായില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. മനസാക്ഷി മരവിച്ച പിണറായിക്ക് സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതൊന്നും ഒരു പ്രശ്‌നമല്ലെന്ന് വ്യക്തമായിരിക്കുകയാണ്'-രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

നാളെ സഭയില്‍ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it