Latest News

പരിശോധന നടത്താതെ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരി മെഡിക്കല്‍ കോളെജിനു സമീപത്തെ ലാബ് പൂട്ടാന്‍ നോട്ടീസ്

പരിശോധന നടത്താതെ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരി മെഡിക്കല്‍ കോളെജിനു സമീപത്തെ ലാബ് പൂട്ടാന്‍ നോട്ടീസ്
X
മഞ്ചേരി : പരിശോധന പോലും നടത്താതെ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലാബ് പൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളെജിനു സമീപത്തെ സ്വകാര്യ ലാബ് പൂട്ടാനാണ് നോട്ടീസ് നല്‍കിയത്. സ്രവ പരിശോധനയില്ലാതെ സര്‍ക്കാര്‍ അംഗീകൃത ലാബിന്റെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് നടപടി.


സുതാര്യമല്ലാത്ത പരിശോധന ഫലം നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ലാബ് താല്‍ക്കാലികമായി അടച്ചുപൂട്ടാനാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയത്. ജില്ല മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. പരിശോധനക്കായി സ്രവം നല്‍കാതെയും വ്യക്തി നേരിട്ടെത്താതെയും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാവിലെ 9.30ഓടെ പരിശോധനക്ക് എത്തിയ സംഘം ലാബിലെ രേഖകളും കമ്പ്യൂട്ടറുകളും പരിശോധിച്ചു.


ഐ ടി വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു കമ്പ്യൂട്ടറുകള്‍ പരിശോധിച്ചത്. ലാബിലെ സ്രവ പരിശോധന വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങളുമായി യോജിക്കുന്നില്ലെന്ന് തെളിഞ്ഞു. രണ്ട് പരിശോധന ഫലങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി അഫ്‌സല്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന ലാല്‍, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനിത, ജില്ല ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഡോ. എം സി നിഷിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.




Next Story

RELATED STORIES

Share it