Latest News

വിഴിഞ്ഞം അദാനി തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ ഏതാവശ്യവും പരിഗണിക്കും: മുഖ്യമന്ത്രി

യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം

വിഴിഞ്ഞം അദാനി തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ ഏതാവശ്യവും പരിഗണിക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം എന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. അതിനവര്‍ തയ്യാറാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും.

ഏറെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീരശോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

സംസ്ഥാനത്തിന്റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം. 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണ

പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്‍രെ അക്രഡിറ്റഡ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണല്‍ ഗ്രീന്‍ െ്രെടബ്യൂണല്‍ ഈ പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. െ്രെടബ്യൂണല്‍ പദ്ധതിപ്രദേശ

ത്തിന്റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ 6 മാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ ഷോര്‍ലൈന്‍ നിരീക്ഷിക്കുവാന്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടും ഉണ്ട്. തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായാണ് കാണുന്നത്. ഇതില്‍ ചിലത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളവയും ചിലത് അടിയന്തിരമായി പരഗിണിക്കേണ്ടവയുമാണ്.

എന്നാല്‍ ഒരു വിഭാഗം കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമായും ഏഴ് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്തിന്റെ പരിസരത്തും സമരം നടത്തി വരികയാണ്. അവര്‍ ഉന്നയിച്ച ഏഴ് പ്രധാന ആവശ്യങ്ങളില്‍ ഭൂരിഭാഗത്തിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തോട് സര്‍ക്കാരിന് യോജിക്കാന്‍ കഴിയുകയില്ല.

സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ഇവയാണ്

1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക,

2. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കുക,

3. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക,

4. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക,

5. മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ ഇടപെടുക; തമിഴ് നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക,

6. കാലാവാസ്ഥാ മുന്നറിയിപ്പ് കാരണം കടലില്‍ പോകുവാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക,

7. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക.

സമരം നടത്തുന്നവരുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ കടലോര മേഖലയില്‍ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആശങ്ക ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ പരിഗണിച്ചുവരികയാണ്. ഇവ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളും സഹകരിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ അവര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുമുണ്ട്.

ക്യാമ്പുകളില്‍ കഴിയുന്നവരുടെയും സിആര്‍ഇസഡ് പരിധിയിലുള്ളവരുടെയും പുനരധിവാസം

തുറമുഖ പദ്ധതിക്കായി മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. തുറമുഖ നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുമില്ല. കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും ഇഞദ പരിധിക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. ഇതിനായി തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മുട്ടത്തറയിലുള്ള 8 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന്റെയും സിആര്‍ഇസഡ് നിയന്ത്രണങ്ങളുടെയും ഭാഗമായി വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പുനരധിവാസം വേണ്ടി

വരുന്നവരുടെ ആവശ്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതുവരെ 5500 രൂപ പ്രതിമാസ വാടകയും സര്‍ക്കാര്‍ വഹിക്കും. ഇതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനര്‍ഗേഹം പദ്ധതിയില്‍ 2450 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സര്‍ക്കാര്‍ നടപ്പാക്കുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. തിരുവനന്തപുരം ജില്ലയില്‍ 335 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്. സ്വന്തമായി വീട് വയ്ക്കാന്‍ തയ്യാറാവുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്.

പുനരധിവാസ പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം കാര്യക്ഷമമായി നടപ്പാക്കാന്‍ മാസംതോറും അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും ഫീഷറീസ്, ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു സമിതി രൂപീകരിക്കും.

കടലാക്രമണ ഭീഷണിയും തീരശോഷണവുംതടയാന്‍ നടപടി

202122 ലെ ബഡ്ജറ്റില്‍ സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി 5 വര്‍ഷക്കാലയളവിലേക്ക് 5300 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെല്ലാനം തീരത്ത് ആദ്യഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഗുണഫലം ഈ കാലവര്‍ഷത്തില്‍ കണ്ടതുമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ജിയോ ട്യൂബുകള്‍, ജിയോ കണ്ടെയ്‌നറു കള്‍, റോളിംഗ് ബാരിയര്‍ സംവിധാനങ്ങള്‍,

ടെട്രാപോഡുകള്‍ തുടങ്ങിയവയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഉചിതമായ തീരസംരക്ഷണം പ്രാദേശിക പങ്കാളിത്തത്തോടെയും കൂടിയാലോചനകളോടെയും നടപ്പാക്കും.

പൂന്തുറയ്ക്കും വലിയതുറയ്ക്കും ഇടയ്ക്ക് കണ്ടെത്തിയിട്ടുള്ള എല്ലാ ഹോട്ട് സ്‌പോട്ടുകളിലും തീരസംരക്ഷണത്തിന് 150 കോടി രൂപയുടെ ഒരു പദ്ധതി പുരോഗമിക്കു കയാണ്. പൂന്തുറയില്‍ 100 മീറ്ററില്‍ നടപ്പാക്കിയ പദ്ധതിയുടെ വിലയിരുത്തലിന് ശേഷം മറ്റു ഹോട്ട്‌സ്‌പോട്ടുകളും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ശംഖുമുഖം പാതയോര സംരക്ഷണം പുരോഗമിക്കുകയാണ്. കോവളം ബീച്ച് പുനരുദ്ധാരണ ടൂറിസം പദ്ധതിയ്ക്കായുള്ള 58 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കിക്കഴിഞ്ഞു.

മണ്ണെണ്ണ വിലക്കയറ്റം

മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ല. മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. നിലവില്‍ ലിറ്ററിന് 25 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കണം. ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണ

ത്തോടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ഒരു പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍ നടപ്പാക്കും.

തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള പരിഹാരം

പ്രകൃതിക്ഷോഭം പോലുള്ള ഘട്ടങ്ങളിലും കോവിഡ് സാഹചര്യത്തിലും എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായവും, സൗജന്യ റേഷനും, ഭക്ഷ്യക്കിറ്റും, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ന്നും ആവശ്യാനുസരണം ഉചിതമായ നടപടി സ്വീകരിക്കും.

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍

മുതലപ്പൊഴി ഹാര്‍ബറിന്റെ വടക്കുവശത്തായി 23 കോടി രൂപ ചെലവില്‍ 1.91 കി.മീ ദൂരം ഗ്രോയിന്‍ സംരക്ഷണത്തിനായി ഏറ്റെടുത്തിട്ടുണ്ട്. ഇത് തുറമുഖത്ത് ലാന്റിംഗ് സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യത്തൊഴിലാളി മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍

പദ്ധതി പ്രദേശങ്ങളില്‍ ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ചിപ്പി ശേഖരണത്തിലും ലോബ്സ്റ്റര്‍ മത്സ്യബന്ധന തൊഴിലിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കരമടി മത്സ്യബന്ധന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും റിസോര്‍ട്ട് തൊഴിലാളികള്‍ക്കും എല്ലാം ഇതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ട്. നിലവിലെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ 100 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തുറമുഖ പദ്ധതിക്കായി 7.3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റിനു പുറമെ, കഴിഞ്ഞ വര്‍ഷം 1.74 കോടി രൂപ ചെലവില്‍ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആയിരത്തില്‍പ്പരം ജലവിതരണ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. മാലിന്യനിര്‍മ്മാര്‍ ജ്ജനത്തിനായി വിപുലമായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കോട്ടപ്പുറം പ്രദേശത്ത് ഭവനരഹിതരായ 1026ല്‍ പരം ആളുകള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ മാത്രം 340 കുടുംബങ്ങളെ ഫ്‌ളാറ്റ് നിര്‍മ്മിച്ച് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. മുട്ടത്തറയില്‍ 192 ഉം കാരോട് 128 ഉം ബീമാപള്ളിയില്‍ 20 കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ വീട് നിര്‍മ്മിക്കാനായി 832 പേര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 399 പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നു.

പഠനത്തിനായി വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിക്കും

തീരശോഷണം ഉണ്ടാകുന്നതിന് തുറമുഖം നിര്‍മ്മാണവുമായി ബന്ധമില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ കാണിക്കുന്നത്. എങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഗണിച്ച് ഇക്കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. ഈ സമിതിയോട് 3 മാസത്തിനകം ഒരു ഇടക്കാല റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിര്‍ദ്ദേശിക്കും. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കും.

പൊതുവായി ചെയ്യാവുന്ന കാര്യങ്ങള്‍

ഇവകൂടാതെ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ആവശ്യങ്ങള്‍ക്കായി ഒരു ബോട്ട് ലാന്‍ഡിംഗ് സ്‌റ്റേഷന്‍ ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

തുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടൊപ്പം ഒരു പാരമ്പര്യേതര ഊര്‍ജ്ജ പാര്‍ക്ക് (ഞലിലംമയഹല ഋിലൃഴ്യ ജമൃസ) സ്ഥാപിക്കുന്നുണ്ട്. ഇതിനുള്ള ഡിപിആര്‍ തയ്യാറാക്കുകയാണ്. പദ്ധതി പൂര്‍ത്തിയായാല്‍ പാര്‍ക്കില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഏറ്റവും അധികം പദ്ധതികളും ആനുകൂല്യ ങ്ങളും അനുവദിച്ച സര്‍ക്കാരാണിത്. അവര്‍ ഉന്നയിക്കുന്ന ഏത് ന്യായമായ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുക തന്നെ ചെയ്യും. മന്ത്രിതല സമിതി ഇതിനകം നിരവധി ചര്‍ച്ചകളും ആശയവിനിമയങ്ങളും നടത്തിക്കഴിഞ്ഞു. സമരക്കാര്‍ ഉന്നയിച്ച 7 ആവശ്യങ്ങളില്‍ മഹാഭൂരിഭാഗവും പരിഗണിച്ച് നടപ്പിലാക്കുവാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവാത്തതാണ്. ദേശീയ പ്രാധാന്യമുള്ളതും ഇത്രയധികം പുരോഗമിച്ചതുമായ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം യുക്തിസഹമല്ല; അംഗീകരിക്കാനാവുന്നതുമല്ല. പദ്ധതിയിലെ കാലതാമസം സംബന്ധിച്ചുള്ള ആര്‍ബിട്രേഷന്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്. സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും നമുക്ക് സ്വീകരിക്കാനാവില്ല.

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പൊതുമേഖലയില്‍ ആരംഭിക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിനാല്‍ പദ്ധതി തുടരട്ടെ എന്ന നിലപാട് സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഇപ്പോള്‍ 6 വര്‍ഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിര്‍വ്വഹണത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്കാനേ ആവില്ല.

മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ സംയമന

ത്തോടെയാണ് സര്‍ക്കാരും പോലീസും കൈകാര്യം ചെയ്യുന്നത്. ഒരുതരത്തിലും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഏത് വിധേനയും സംഘര്‍ഷമുണ്ടാക്കണമെന്ന രീതിയില്‍ ഒരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനാവില്ല. ചിലരുടെ പ്രവര്‍ത്തനം സദുദ്ദേശ ത്തോടെയല്ലായെന്നും ചിലര്‍ക്കെങ്കിലും രാഷ്ട്രീയ ലക്ഷ്യ മുണ്ടെന്നതും വിസ്മരിക്കാനാവില്ല. ഇപ്പോള്‍ ഈ വിഷയം ബഹു. ഹൈക്കോടതി പരിഗണിച്ചുവരികയുമാണ്. നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന് ബഹു. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമായിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it