Latest News

ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകള്‍ 14ന് ആരംഭിക്കും; മറ്റു സ്‌കൂള്‍-കോളജ് ക്ലാസുകള്‍ ഈ മാസം ഏഴുമുതല്‍

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും

ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകള്‍ 14ന് ആരംഭിക്കും; മറ്റു സ്‌കൂള്‍-കോളജ് ക്ലാസുകള്‍ ഈ മാസം ഏഴുമുതല്‍
X

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും.

പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. ഹയര്‍സെക്കന്‍ഡറി, പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അധ്യയനം വൈകിട്ട് വരെയാക്കാനും ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ ആലോചനയുണ്ടായി. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാവും.

അവലോകനയോഗത്തിലെ മറ്റു തീരുമാനങ്ങള്‍

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്‌സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു.

ജില്ലകളുടെ കാറ്റഗറിയില്‍ മാറ്റം വന്നിട്ടുണ്ട്. 'സി' കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. കാറ്റഗറി 'ബി' യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി 'എ' യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.

Next Story

RELATED STORIES

Share it