Latest News

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി 60 അംഗ സംഘം ചാലിയാറില്‍ തിരച്ചില്‍ നടത്തും

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി 60 അംഗ സംഘം  ചാലിയാറില്‍ തിരച്ചില്‍ നടത്തും
X

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പോലിസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തിരച്ചില്‍.

60 അംഗ സംഘമാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലിസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ട്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ പരിശോധനയ്ക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്നെത്തും. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി വയനാട് എത്തുന്നത്. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. പത്ത് ദിവസത്തിനകം സംഘം സമര്‍പ്പിക്കുന്ന റിപോര്‍ട്ട് പരിഗണിച്ചാവും പുനരധിവാസടൗണ്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുക.

Next Story

RELATED STORIES

Share it