Latest News

എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തിരിച്ചെത്തുന്നു; ഇനി ഗ്രൂപ്പ് എഡിറ്റോറിയല്‍ ഉപദേഷ്ടാവ്

എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തിരിച്ചെത്തുന്നു; ഇനി ഗ്രൂപ്പ് എഡിറ്റോറിയല്‍ ഉപദേഷ്ടാവ്
X

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റില്‍ തിരിച്ചെത്തുന്നു. മുന്‍ ചീഫ് എഡിറ്റര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായി പുതിയ നിയമനം. സെപ്തംബര്‍ ഒന്നിന് എംജിആര്‍ ചുമതലയേല്‍ക്കും. മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ഡിജിറ്റല്‍, ടിവി വാര്‍ത്താ സംവിധാനങ്ങളുടെ ചുമതലയാണ് മാനേജ്‌മെന്റ് എംജിആറിന് നല്‍കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് സംഘപരിവാര പക്ഷത്തേക്ക് പൂര്‍ണമായി ചായുന്നു എന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ്, എംജിആറിനെ മടക്കിക്കൊണ്ടുവരുന്നത്. അതേസമയം, ഉപദേഷ്ടാവായി മടങ്ങിയെത്തുന്ന എംജിആറിന് ദൈനംദിന വാര്‍ത്തകളില്‍ ഇടപെടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല.

മാതൃഭൂമിയില്‍ നിന്നും രാജിവെച്ച, വലതുപക്ഷ ചായ്‌വുള്ള മനോജ് കെ ദാസിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിയമിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചീഫ് എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണന്‍ രാജി വെച്ചിരുന്നു. എഡിറ്റര്‍ സ്ഥാനത്തിനും മുകളില്‍ ഒരാളെ നിയമിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതിനോട് വിയോജിച്ചാണ് രാജിക്കത്ത് നല്‍കിയത്. എംജിആറിനെ നിലനിര്‍ത്താനും അനുനയിപ്പിക്കാനും ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് ചര്‍ച്ചകള്‍ തുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ തീരുമാനത്തിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ആകെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ മനോജ് കെ ദാസിനെ നിയമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാനേജ്‌മെന്റ് എംജി രാധാകൃഷ്ണനെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എഡിറ്ററായ തനിക്ക് മേല്‍ എഡിറ്റോറിയല്‍ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയുന്ന ഒരാളുണ്ടെങ്കില്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് എംജി രാധാകൃഷ്ണന്‍ മാനേജ്‌മെന്റിന് മറുപടി നല്‍കി.

നേരത്തെ ബിജെപി, ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിമര്‍ശനം ഉന്നയിച്ച് ബഹിഷ്‌ക്കരണാഹ്വാനം നല്‍കിയിരുന്നു.

ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് ചാനലിലെ താക്കോല്‍ സ്ഥാനത്ത് മാറ്റം വന്നത്.

Next Story

RELATED STORIES

Share it