Latest News

മര്‍ദനത്തിന് പിന്നാലെ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐയുടെ ഭീഷണിയും

മര്‍ദനത്തിന് പിന്നാലെ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐയുടെ ഭീഷണിയും
X

കോഴിക്കോട്: മര്‍ദനത്തിന് പിന്നാലെ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐയുടെ ഭീഷണിയും. അധ്യാപകന്‍ രണ്ട് കാലില്‍ കോളജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു.

പറഞ്ഞത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്കുണ്ട്. അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐക്ക് അറിയാം. ഇപ്പോള്‍ സംയമനം പാലിക്കുകയാണ്. പ്രിന്‍സിപ്പലിനെ അടിച്ച് ആശുപത്രിയിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അത് ചെയ്‌തേനെയെന്നും നവതേജ് വ്യക്തമാക്കി.

കൊയിലാണ്ടി ഗുരുദേവ കോളജില്‍ ബിരുദ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കെയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഒരു വിഭാഗം എസ്എഫ്‌ഐക്കാര്‍ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍ ആരോപിച്ചു. പ്രിന്‍സിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലിസില്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ, അധ്യാപകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും രംഗത്തെത്തി. അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്നാണ് എസ്എഫ്‌ഐ പറയുന്നത്. എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Next Story

RELATED STORIES

Share it