Latest News

അമിത് ഷായുടെ സിഖ് വിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി

അമിത് ഷായുടെ സിഖ് വിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി
X

അമൃത്‌സര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സിഖ് വിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രമേയം പാസാക്കി. പഞ്ചാബിലെ ചിലര്‍ ജര്‍ണൈല്‍ സിംഗ് ബിന്ദ്രന്‍ വാലയെ പോലെ പ്രവര്‍ത്തിക്കുകയാണെന്നും അതില്‍ ചിലര്‍ അസമിലെ ജയിലില്‍ ഗുരുഗ്രന്ഥ് സാഹിബ് പാരായണം ചെയ്യുകയുമാണെന്നുമുള്ള അമിത് ഷായുടെ ലോക്‌സഭയിലെ പ്രസ്താവനയാണ് വിവാദമായത്. ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അസമിലെ ജയിലില്‍ അടച്ചിരിക്കുന്ന ഖഡൂര്‍ സാഹിബ് എംപി അമൃത് പാല്‍ സിംഗിനെ ഉദ്ദേശിച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ദം ദമി തക്‌സല്‍ എന്ന സിഖ് വിഭാഗത്തിന്റെ മേധാവിയായിരുന്ന ജര്‍ണൈല്‍ സിംഗ് ബിന്ദ്രന്‍വാലെ സിഖുകാരുടെ ദേശീയ രക്തസാക്ഷിയാണെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പാസാക്കിയ പ്രമേയം പറയുന്നു. സിഖുകാരുടെ അന്തസ് സംരക്ഷിക്കാനാണ് ജര്‍ണൈല്‍ സിംഗ് പോരാടിയത്. മഹാനായ ജര്‍ണൈല്‍ സിംഗിനെതിരായ കേന്ദ്രമന്ത്രിയുടെ ലോക്‌സഭയിലെ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണ്. ഗുരുഗ്രന്ഥ് സാഹിബ് പാരായണം ചെയ്യുന്നു എന്ന കളിയാക്കലിനെയും എസ്ജിപിസി വിമര്‍ശിച്ചു.

'' ഗുരുഗ്രന്ഥ് സാഹിബ് സിഖ് മതത്തിന്റെ അവിഭാജ്യവും പവിത്രവുമായ ഘടകമാണ്. മോശം രീതിയില്‍ ഗുരുഗ്രന്ഥ് സാഹിബിനെ കുറിച്ച് പറയുന്നത് പോലും അനാദരവാണ്. ഗുരുഗ്രന്ഥ് സാഹിബിനെ സംരക്ഷിക്കാന്‍ സിഖ് സമൂഹം വലിയ വില കൊടുത്തിട്ടുണ്ട്.''-പ്രമേയം പറയുന്നു.

സിഖ് മതത്തോട് ബഹുമാനം കാണിക്കണമെന്നും രാജ്യത്തെ കൂടുതല്‍ വിഭജിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എസ്ജിപിസി ആവശ്യപ്പെട്ടു. 1984 മുതല്‍ സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. പാകിസ്താനിലെ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാന്‍ പോവുന്നവര്‍ക്കായി അമൃത്‌സറില്‍ വിസ ഓഫിസ് തുറക്കണം. ഇന്ത്യന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക് പ്രത്യേക ക്വാട്ട അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it