Latest News

സിദ്ദിഖ് കാപ്പനെ മൂന്നു തവണ മര്‍ദ്ദിച്ചു, മാനസികമായി പീഡിപ്പിച്ചു: എതിര്‍ സത്യവാങ്മൂലവുമായി പത്രപ്രവര്‍ത്തക യൂനിയന്‍

സിദ്ദിഖ് കാപ്പനെ മൂന്നു തവണ മര്‍ദ്ദിച്ചു, മാനസികമായി പീഡിപ്പിച്ചു: എതിര്‍  സത്യവാങ്മൂലവുമായി പത്രപ്രവര്‍ത്തക യൂനിയന്‍
X

ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മൂന്ന് തവണ മര്‍ദ്ദിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് യൂനിയന്‍, സിദ്ദിഖ് കാപ്പന്‍ നേരിട്ട പീഡനങ്ങള്‍ വിവരിച്ചത്.

നവംബര്‍ 21ന് മഥുരയില്‍ വച്ച് കാപ്പന്റെ അഭിഭാഷകനന്‍ കാപ്പനുമായി നടത്തിയ അര മണിക്കൂര്‍ സംഭാഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. അദ്ദേഹത്തിന്റെ തുടയില്‍ ലാത്തികൊണ്ട് മൂന്ന് തവണ മര്‍ദ്ദിച്ചതായും കണ്ണട എടുത്തുമാറ്റി മുഖത്ത് മര്‍ദ്ദിച്ചതായും വലിച്ചിഴച്ചതായും രാത്രി 6 മുതല്‍ രാവിലെ 6 വരെ ഉറങ്ങാതിരിക്കാന്‍ നിര്‍ബന്ധിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഒക്ടോബര്‍ 5നും 6നും കാപ്പനം മരുന്നുപോലും നല്‍കാതെ കടുത്ത മാനസിക പീഡനത്തിന് വിധേയമാക്കിയതായും യൂനിയന്‍ പറയുന്നു.

പ്രമേഹരോഗിയായ കാപ്പന് പോലിസ് മരുന്നുകള്‍ നിഷേധിച്ചു. ഒക്ടോബര്‍ 5-6 തിയ്യതികളില്‍ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഉറങ്ങാന്‍ അനുവദിച്ചില്ല- സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ഹാജരായ വില്‍സ് മാത്യു കാപ്പനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ആദ്യം അധികൃതര്‍ അനുമതി നല്‍കിയില്ല. പിന്നീട് സുപ്രിംകോടതിയുടെ ഇടപെടലിനു ശേഷം മാത്രമാണ് കാപ്പന് തന്റെ അഭിഭാഷകനെ കാണാനായത്.

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണ യുവാക്കള്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ കുറിച്ച് റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും പോലിസ് അറസ്റ്റ് ചെയ്തത്. ആദ്യം ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തുകയായിരുന്നു. കാപ്പനും കൂടെയുണ്ടായിരുന്നവരും ഹാഥ്‌റസില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് യുപി പോലിസിന്റെ ആരോപണം.

Next Story

RELATED STORIES

Share it