Latest News

പിണറായിയുടെ രണ്ടാം മന്ത്രിസഭയുടെ പശ്ചാത്തലത്തില്‍ ചില ജാതി, മത ചിന്തകള്‍

പിണറായിയുടെ രണ്ടാം മന്ത്രിസഭയുടെ പശ്ചാത്തലത്തില്‍ ചില ജാതി, മത ചിന്തകള്‍
X

വി മനോജ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും ഈ സാഹചര്യത്തില്‍ മന്ത്രിമാരുടെ ജാതിയും മതവും തിരിച്ചുളള കണക്കുകള്‍ പരിശോധിക്കുകയാണ് ഇടത്പ്രവര്‍ത്തകനായ വി മനോജ് തന്റെ പോസ്റ്റില്‍. ഇടത് പക്ഷ സര്‍ക്കാരില്‍ വലിയ ശതമാനം മന്ത്രിമാരും സവര്‍ണ സമുദായത്തില്‍നിന്നാണെന്നാണ് വിശകലനങ്ങള്‍ തെളിയിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ മന്ത്രിമാരുടെ കണക്കില്‍ സവര്‍ണര്‍ നേടിയത് 50 ശതമാനമാണെന്ന ഞെട്ടിക്കുന്ന വിവരവും ഈ പോസ്റ്റിലുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സിപിഐ (എം)ന് മൊത്തം 12 മന്ത്രിമാരും ഒരു സ്പീക്കറും. ഇതില്‍ 5 മന്ത്രിമാരും നായര്‍ സമുദായത്തില്‍ നിന്നുള്ളവര്‍. സ്പീക്കറും നായര്‍ സമുദായാംഗമാണ്. അതായത് സി.പി..ഐ.(എം) മന്ത്രിമാരില്‍ 41.67 ശതമാനവും നായര്‍ സമുദായത്തില്‍ നിന്നും ഉള്ളവരാണ്.

സിപിഐ(എം)ന് ലഭിച്ച മൊത്തം ഭരണഘടനാ പദവിയില്‍ 46.15% വും നായര്‍ സമുദായത്തില്‍ നിന്നുള്ളരായവര്‍. എന്തുകൊണ്ട്!?

സിപിഐബക്ക് 4 മന്ത്രിമാര്‍. അതില്‍ മൂന്നും നായര്‍ വിഭാഗത്തില്‍ നിഞ്ഞുള്ളവര്‍. അതായത് സി.പി.ഐ.ക്ക് ലഭിച്ച മന്ത്രിമാരില്‍ 75% പേരും ഉന്നത ജാതിയില്‍ നിന്നുള്ളവരാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മൊത്തം 16 മന്ത്രിമാര്‍. അതില്‍ 8 പേര്‍ ഉന്നതകുലജാതര്‍. അതായത് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നല്‍കിയ മന്ത്രിമാരില്‍ 50 ശതമാനവും മുന്നോക്ക സദായത്തില്‍ നിന്നുള്ളവര്‍.

കേരളത്തിലെ ജനസംഖ്യയില്‍ നായര്‍ വിഭാഗം കേവലം 12.5% മാത്രം, മറ്റ് മുന്നോക്കക്കാര്‍ 1.3% വേറെ വരും. അപ്പോള്‍ ആകെ 13.8% ആളുകളാണ് ജനസംഖ്യയില്‍ മുന്നോക്ക വിഭാഗക്കാര്‍ ഉള്ളത്.

മുന്നോക്ക സംവരണം എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ഈ കണക്കുകള്‍ നമ്മോട് വിളിച്ചു പറയുന്നു.

മുസ്ളീം സമുദാമയംഗങ്ങള്‍ : സി.പി.ഐ.(എം) പ്രതിനിധികളായ 2 പേരും ഐ.എന്‍.എല്‍. പ്രതിനിധിയായി ഒരാളും. പുതിയ മന്ത്രിസഭയിലെ ആകെ മുസ്ലിം പ്രാതിനിധ്യം14.28%. കേരളത്തിലെ മുസ്ലിം ജനസംഖ്യ 26.9% ആണ്. ഇവിടെ മുസ്ലിം സമുദായ പ്രാതിനിധ്യം കേവലം 14.28%.മാത്രമായി ചുരുങ്ങുന്നത് യാദൃശ്ചികമല്ല.

ഇന്ന് രാജ്യത്ത് ഭൂരിപക്ഷ ഹിന്ദുവര്‍ഗീയ വാദികളുടെ മാനസികമായും കായികമായും ആക്രമിച്ച് ഇരകളാക്കപ്പെട്ടിട്ടുള്ള ഒരു വിഭാഗമാണ് മുസ്‌ലിംകള്‍.

അവര്‍ക്ക് അനര്‍ഹമായ ഒന്നും നല്‍കേണ്ട! അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം ഉണ്ടാക്കുക എന്നത് സാമൂഹ്യനീതിക്ക് വേണ്ടിയുള്ള വാദം മാത്രമാണ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ട് മുസ് ലിം മന്ത്രിമാരാണ് ഉണ്ടായിരുന്നതും ഇവിടെ പ്രസക്തമായ ഒന്നാണ്.

പുതിയ മന്ത്രിമാരില്‍ ഇരു കേരളാ കോണ്ഗ്രസ്സ് പ്രതിനിധികളായ റോഷി അഗസ്റ്റിനും ആന്റണി രാജുവും, സിപി.ഐ. (എം) പ്രതിനിധികളായ സജി ചെറിയാനും വീണാജോര്‍ജ്ജും ക്രിസ്ത്യന്‍ ജനവിഭാഗത്തില്‍ നിന്നുള്ളവരാണ്. കേരളത്തിലെ 18.% മാണ് ക്രിസ്ത്യന്‍ ജനവിഭാഗത്തില്‍ നിന്നുള്ളവര്‍. എന്നാല്‍ പുതിയ മന്ത്രിസഭയിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യം 19.05% മാണ്.

പട്ടിക ജാതി വിഭാഗങ്ങള്‍ സി.പി.ഐ. (എം) മന്ത്രിയാകുന്ന കെ.രാധാകൃഷ്ണന്‍ മാത്രം; അതായത് 4.15% മാത്രം. കേരളത്തിലെ ഏറ്റവും ദുര്‍ബലമായ പട്ടിക ജാതിവിഭാഗം ജനസംഖ്യയുടെ 9.1% ആണെന്ന പ്രസക്തമായ കണക്ക് നിലനില്‍ക്കുമ്പോഴാണ് കേവലം 4.15% പങ്കാളിത്തം നല്‍കിക്കൊണ്ട്, ആ ഓട്ടയടക്കാന്‍ ഇവിടെ ശ്രമിക്കുന്നത്.

ഇനിയും, ഒബിസിയുടെതടക്കം ചില കണക്കുകള്‍ പുറകെ വരാനുണ്ട്.

കേരളത്തിലെ ഏറ്റവും ദുര്‍ബലമായ രണ്ട് സമുദായങ്ങളുടെ കണക്കുകള്‍ മാത്രമാണ് ഞാന്‍ ഇവിടെ ഉന്നയിച്ചിട്ടുള്ളത്. അവരോട് പട്ടികജാതി, മുസ്‌ലിം വിഭാഗങ്ങളോട് കേരളം കാണിക്കുന്ന നെറികേട് ഇവിടെ ചര്‍ച്ചക്ക് വരേണ്ടതുണ്ട്.

വലതുപക്ഷവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല കാര്യങ്ങള്‍. കേരളത്തിലെ മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രത്യേകിച്ച് മലബാറില്‍ പാര്‍ട്ടിക്കുള്ളില്‍ പിടിച്ചുനില്‍ക്കാന്‍ വലിയ പാടാണെന്ന് ഒരിക്കല്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് ഓര്‍ക്കുന്നു.

സ്വാതന്ത്ര്യ സമര സേനാനി മലബാര്‍ സിംഹം മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിനുപോലും, അക്കാലത്ത് എത്ര തിക്തമായ അനുഭവങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത് എന്നതുമായി ഇതിനെകൂട്ടി വെക്കാന്‍ നമുക്ക് കഴിയണം.

ഞങ്ങള്‍ ജാതിയും മതവും സമുദായവും നോക്കിയല്ല മന്ത്രിമാരെയും എം.എല്‍.എ.മാരെയും തീരുമാനിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ആരും ഇവിടെ രംഗത്ത് വരേണ്ടതില്ല.

അങ്ങിനെ പറഞ്ഞ് വരുന്നവരോട് ഇപ്പറഞ്ഞ വിഭാഗങ്ങളില്‍ (പട്ടികജാതി, മുസ്‌ലിം, ഒബിസി) നിന്നുള്ള മന്ത്രിമാരും എംഎല്‍എ മാരും എന്തുകൊണ്ട് കൂടുതലായി/ ആവശ്യത്തിന് ഉണ്ടാക്കുന്നില്ല എന്ന് വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.

Next Story

RELATED STORIES

Share it