Latest News

സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

സാഡിസ്റ്റ്  മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സലേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ തുടക്കം കുറിച്ചതൊന്നും മുടക്കില്ല. കേരളം ഒരിഞ്ച് മുന്നോട്ട്് പോകാന്‍ പാടില്ല, ലേശം പുറകോട്ട് പോയാല്‍ അത്രയും അവര്‍ക്ക് സന്തോഷമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്് പറഞ്ഞു. സിഎജിയുടെ കിഫ്ബി വിമര്‍ശനത്തെ ചൂണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

'കിഫ്ബിയെ എങ്ങനെയൊക്കെ നിശ്ശേഷമാക്കാമെന്നും അപകീര്‍ത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളം ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്ന് അല്‍പ്പമെങ്കിലും പിന്നോട്ടു പോയാല്‍ ആശ്വാസവും സന്തോഷവും തോന്നുന്ന 'സാഡിസ്റ്റ്' മനോഭാവമുള്ളവരാണ് ഇതിനു പിന്നില്‍. ഇതു തിരിച്ചറിയണം. കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാല്‍ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാന്‍ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സര്‍ക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയില്‍ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കും'-മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, സിഎജി റിപോര്‍ട്ടിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വിവാദം ലക്ഷ്യമിട്ടുള്ളതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നത് പ്രാഥമിക റിപോര്‍ട്ട് മാത്രമാണ്. ഗോസിപ്പ് വാര്‍ത്തകള്‍ വികസനത്തെ ബാധിക്കും. വിവാദമുണ്ടാക്കുന്ന ആളുകള്‍ വസ്തുത പറയാന്‍ തയ്യാറാകണം.

സിഎജി റിപോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ട ഔദ്യോഗിക രേഖയാണ്. ഇപ്പോള്‍ ചില പ്രാഥമിക വിവരങ്ങളെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് സിഎജിയുടെ അന്തിമ റിപോര്‍ട്ടല്ല. നിലവില്‍ പുറത്തുവരുന്ന റിപോര്‍ട്ടുകളില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.


Next Story

RELATED STORIES

Share it