Latest News

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കം പുനപ്പരിശോധിക്കാമെന്ന് ദക്ഷിണ റെയില്‍വേയുടെ ഉറപ്പ്

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കം പുനപ്പരിശോധിക്കാമെന്ന് ദക്ഷിണ റെയില്‍വേയുടെ ഉറപ്പ്
X

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കം പുനപ്പരിശോധിക്കാമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിങ് ഉറപ്പുനല്‍കി. ഡോ.വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിനുള്ള പ്രതികരണമായാണിത് പറഞ്ഞത്. ദക്ഷിണ റെയില്‍വേയില്‍ 22,000 ഒഴിവുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും യാത്രക്കാരുടെ എണ്ണം കൊവിഡിന് ശേഷം 10 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് വാഷ്‌റൂം, ടോയ്‌ലെറ്റ് ഫെസിലിറ്റികള്‍ അധികമാണെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞപ്പോള്‍ ആ അപരിഷ്‌കൃത മാനദണ്ഡം അടിയന്തരമായി മാറ്റണമെന്ന് ഡോ.വി ശിവദാസന്‍ നിര്‍ദേശിച്ചു. ഇത്തരം പ്രാകൃത വ്യവസ്ഥകള്‍ കാരണമാണ് റെയില്‍വേ ട്രാക്കും റെയില്‍വേ സ്‌റ്റേഷന്‍ പരിസരവുമെല്ലാം വൃത്തിഹീനമായി കിടക്കുന്നതെന്നും ഡോ. വി ശിവദാസന്‍ എംപി കൂട്ടിച്ചേര്‍ത്തു. ഇരുപതിനായിരത്തിലധികം യാത്രക്കാരുള്ള റയില്‍വേ സ്‌റ്റേഷനില്‍ കേവലം പത്ത് ടോയ്‌ലറ്റുകള്‍ മാത്രം മതിയെന്ന റെയില്‍വേയുടെ മാനദണ്ഡം പരിഷ്‌കൃത സമൂഹത്തിന് അനുയോജ്യമല്ല.

ആയിരം ആളുകള്‍ മാത്രം യാത്രികരായുള്ള പഞ്ചായത്ത് ബസ് സ്റ്റാന്റുകളില്‍ പോലും പത്തിലധികം ടോയ്‌ലറ്റുകള്‍ കാണാനാവും. അതുകൊണ്ട് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള റെയിവേ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം അടിയന്തരമായി മെച്ചപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോം പണി ആരംഭിക്കാത്തത് ബിപിസിഎല്‍ ഷിഫ്റ്റ് ചെയ്യാത്തതുകൊണ്ടാണെന്നും, ബിപിസിഎല്‍ മാറ്റുന്ന മുറയ്ക്ക് പ്ലാറ്റ്‌ഫോം നിര്‍മാണം ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

റെയില്‍വെ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകളുടെ നവീകരണവും പുതിയ ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മാണവും പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കും. കണ്ണൂര്‍ തായത്തെരു റെയില്‍വെ കട്ടിങ് വീതികൂട്ടാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്നും റെയില്‍വെ വ്യക്തമാക്കി. അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023- 2024 വര്‍ഷത്തോടെ തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ നവീകരിക്കുമെന്നും റെയില്‍വെ ജനറല്‍ മാനേജര്‍ എംപിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it