Latest News

സ്‌കൂളുകളില്‍ ഔഷധ തോട്ടങ്ങള്‍ ക്രമീകരിക്കാന്‍ പ്രത്യേക പദ്ധതി

ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഔഷധ സസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഡിപ്പാര്‍ട്‌മെന്റിനാണ് ഇത്തരം പ്രോജക്ടുകളുടെ മേല്‍നോട്ടമുള്ളത്.

സ്‌കൂളുകളില്‍ ഔഷധ തോട്ടങ്ങള്‍ ക്രമീകരിക്കാന്‍ പ്രത്യേക പദ്ധതി
X

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാലയങ്ങളില്‍ ഔഷധ തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകള്‍ക്ക് സഹായം നല്‍കുമെന്ന് ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് യെസ്സോ നായിക് ലോകസഭയില്‍ രേഖാമൂലം മറുപടി പറഞ്ഞു.

ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഔഷധ സസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഡിപ്പാര്‍ട്‌മെന്റിനാണ് ഇത്തരം പ്രോജക്ടുകളുടെ മേല്‍നോട്ടമുള്ളത്. ആയുഷ് മരുന്ന് വിപണിയില്‍ ഇന്ത്യ കൂടുതല്‍ ഉല്‍പാദനം നടത്തിവരുന്നു. ഈ മേഖലയില്‍ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. മരുന്ന് നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2015 മുതല്‍ 2019 വരെ 3984 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ദേശീയ ആയുഷ് മിഷന്‍ വഴി വിതരണം ചെയ്ത ഈ ധനസഹായം കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി നല്‍കിയ മറുപടിയില്‍ ഉണ്ട്.

എന്നാല്‍ ആയുഷ് മിഷന്റെ തന്നെ പ്രധാന പദ്ധതികളിലൊന്നായ അന്‍പത് പേരെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന ആയുഷ് കേന്ദ്രത്തിലൊന്ന് തൃശൂരില്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച പ്രതാപന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ 91 ആയുഷ് കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കി. 2017-2018 കാലയളവിലാണ് കേരളത്തിന് ഒരെണ്ണം ലഭിച്ചത്. മറുപടിയില്‍ പറയുന്നു.

ആയുഷ് ചികില്‍സാ രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോ ദിനങ്ങള്‍ ആചരിച്ചു വരുന്നു. ആഗോള തലത്തില്‍ നടക്കാറുള്ള ആരോഗ്യ സമ്മിറ്റുകളില്‍ ആയുഷ് മന്ത്രാലം സജീവ സാന്നിധ്യമാണെന്നും ടി എന്‍ പ്രതാപന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.



Next Story

RELATED STORIES

Share it