Latest News

സംസ്ഥാന ബജറ്റ്; കൊവിഡിനെ മുന്നില്‍ നിര്‍ത്തിയുള്ള നിഴല്‍ യുദ്ധം: എസ്ഡിപിഐ

കര്‍ഷകരുടെ വിളകള്‍ക്ക് വിലസ്ഥിരതയും വിപണിയും ഉറപ്പാക്കാനുള്ള പ്രായോഗിക പദ്ധതികളില്ല. കേവലം പ്രഖ്യാപനങ്ങള്‍ പതിവ് പല്ലവികളാണ്

സംസ്ഥാന ബജറ്റ്; കൊവിഡിനെ മുന്നില്‍ നിര്‍ത്തിയുള്ള നിഴല്‍ യുദ്ധം: എസ്ഡിപിഐ
X

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് കൊവിഡ് മഹാമാരിയെ മുന്നില്‍ നിര്‍ത്തിയുള്ള നിഴല്‍ യുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കൊവിഡ് മൂലം ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് 8900 കോടി രൂപ നേരിട്ട് പണമായി കൈകളിലെത്തിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയത് അത് ക്ഷേമപെന്‍ഷനുകളുടെ കാര്യമാണെന്നാണ്.

കൊവിഡും അതേതുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഉപജീവനം തടയപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും യാതൊരു പെന്‍ഷന്‍ ആനുകുല്യവും കൈപ്പറ്റുന്നവരല്ല. ചെറുകിട കച്ചവടക്കാര്‍, ടൂറിസ്റ്റ്- ടാക്സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ അതാതു ദിവസത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്ന ലക്ഷക്കണക്കിനു പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അതുവഴി നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് വായ്പകള്‍ നല്‍കുന്നത് അവരെ നിത്യ കടക്കെണിയിലാക്കും. ബജറ്റിന്റെ തുടക്കത്തില്‍ ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണം വിശദീകരിക്കാന്‍ വളരെയധികം സമയം മാറ്റിവെച്ച് ബജറ്റ് അവതരണം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തിയത്. കര്‍ഷകരുടെ വിളകള്‍ക്ക് വിലസ്ഥിരതയും വിപണിയും ഉറപ്പാക്കാനുള്ള പ്രായോഗിക പദ്ധതികളില്ല. കേവലം പ്രഖ്യാപനങ്ങള്‍ പതിവ് പല്ലവികളാണ്. ലക്ഷക്കണക്കിന് ടണ്‍ കപ്പ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് വില്‍ക്കാന്‍ കഴിയാതെ നശിക്കുന്നത്. അതിദാരിദ്ര്യ ലഘൂകരണത്തിന് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ എത്ര കാലമെടുക്കും എന്നത് സംബന്ധിച്ച് വിശദീകരണമില്ല. കുടംബശ്രീയുടെ രാഷ്ട്രീയവല്‍ക്കരണം മൂലം അര്‍ഹതപ്പെട്ട പലരും ആനുകുല്യത്തിന് പുറത്താവുകയാണ്. സംരംഭകത്വ പരിശീലനവും വായ്പയും സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍. എന്നാല്‍ കോവിഡും ലോക്ഡൗണും തുടരുമ്പോള്‍ ഇവ എങ്ങിനെ പ്രാവര്‍ത്തികമാക്കാമെന്നത് സംശയകരമാണെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it