Latest News

ലോക്ക് ഡൗണ്‍: മെയ് 3നു ശേഷമുള്ള നടപടികളില്‍ സംസ്ഥാനങ്ങള്‍ വ്യത്യസ്ത തട്ടില്‍

തിങ്കളാഴ്ച പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള യോഗം നടക്കുന്നുണ്ട്. ആ യോഗത്തിലായിരിക്കും സ്ഥിതിഗതികള്‍ വിലയിരുത്തുക.

ലോക്ക് ഡൗണ്‍: മെയ് 3നു ശേഷമുള്ള നടപടികളില്‍ സംസ്ഥാനങ്ങള്‍ വ്യത്യസ്ത തട്ടില്‍
X

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 3നു തീരുമ്പോള്‍ തുടര്‍നടപടികളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ പല തട്ടില്‍. ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ തുടരണമെന്ന അഭിപ്രായത്തിലാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ റെഡ് സോണിലും മറ്റും മാത്രമായി ചുരുക്കണമെന്ന നിലപാടിലാണ്.

തെലങ്കാന നിലവില്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു, മെയ് 7 വരെ. മെയ് പകുതി വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ ഡല്‍ഹി തീരുമാനിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം അവര്‍ ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ല. രാജ്യത്തെ കൊവിഡ് ബാധയുടെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പലപ്പോഴും ഡല്‍ഹിയാണ് വന്നിരുന്നത്. നിലവിലവിടെ 2,625 രോഗികളും 54 മരണങ്ങളും നടന്നിട്ടുണ്ട്.

ഇന്ത്യയിലെ കൊവിഡ് വ്യാപനം ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നിയന്ത്രണം പിന്‍വലിച്ചാല്‍ അത് വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് പലരുടെയും വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച കൊവിഡ് 19 കമ്മറ്റിയുടെ ചെയര്‍മാന്‍ ഡോ. എസ് കെ സറിന്‍ ഇക്കാര്യം തുറന്നുതന്നെ പറഞ്ഞു. മെയ് 16 വരെ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ കുറിച്ചാണ് അദ്ദേഹത്തിന്റെ ആലോചന. കൊവിഡ് കര്‍വ് ഉയരുന്ന സ്ഥിതി മാറിയശേഷം മതി ഇളവുകളെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

മഹാരാഷ്ട്ര രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ്. മാത്രമല്ല, ദിനംപ്രതി സ്ഥിതി വഷളാവുകയുമാണ്. മഹാരാഷ്ട്രയിലെ മുംബൈയും പൂനെയും കൊറോണയുടെ കേന്ദ്രവുമാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊറോണ കേസുള്ള സ്‌പോട്ടുമാണ് അത്.

കൊറോണ വ്യാപനം കുറഞ്ഞില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ നീട്ടുമെന്നാണ് സംസ്ഥാനത്തെ ആരോഗ്യമന്ത്രി രാജേഷ് തോപ് പറഞ്ഞത്. കുറഞ്ഞില്ലെങ്കില്‍ മെയ് 3 നു ശേഷം 15 ദിവസം വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ആലോചന.

മഹാരാഷ്ട്രയില്‍ നിലവില്‍ 6,817 കേസുകളില്‍ 4,447ഉം മുംബൈയില്‍ നിന്നാണ്. പൂനെയില്‍ 961 കേസുകള്‍.

മധ്യപ്രദേശില്‍ ഹോട്ട്‌സ്‌പോട്ടായ ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പെട്ടെന്നില്ലെന്നാണ് സസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരും അവസാന തീരുമാനെടുത്തിട്ടില്ല.

പഞ്ചാബ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ നിലപാടിനായി കാത്തിരിക്കുകയാണ്. അതുകഴിഞ്ഞാല്‍ മന്ത്രിസഭായോഗവും വിവിധ വകുപ്പുകളുടെ യോഗവും നടക്കും. തുടര്‍ന്നായിരിക്കും അവസാന തീരുമാനം വരുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര നയം പിന്തുടരുമെന്ന നിലപാടാണ് എടുത്തിട്ടുള്ളത്.

എന്തായാലും നാളെ തിങ്കളാഴ്ച പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള യോഗം നടക്കുന്നുണ്ട്. ആ യോഗത്തിലായിരിക്കും സ്ഥിതിഗതികള്‍ വിലയിരുത്തുക.

രോഗവ്യാപനമില്ലാത്ത ജില്ലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന നിലപാട് ചില സംസ്ഥാനങ്ങള്‍ എടുത്തിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയും ആന്ധ്രമുഖ്യമന്ത്രിയും മൊത്തം ജില്ലയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു പകരം രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച് ലോക്ക് ഡൗണ്‍ പ്രാദേശികമായി ഏര്‍പ്പെടുത്തണമെന്ന നിലപാടിലാണ്.

രാജസ്ഥാന്‍, ഒഡീഷ, ഛത്തീസ്ഗഡ്, കേരളം, ആന്ധ്ര, ബീഹാര്‍ സംസ്ഥാനങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറന്നുകൊടുക്കണമെന്ന അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it