Latest News

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ കക്കൂസ് കഴുകണം; സിഖ് മത നിന്ദ കേസില്‍ ശിക്ഷിച്ച് അകാല്‍ തഖ്ത്

ശിരോമണി അകാലിദള്‍-ബിജെപി സഖ്യം പഞ്ചാബ് ഭരിച്ചിരുന്ന 2007-2017 കാലത്ത് സിഖുകാരുടെ മതഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് നിരവധി തവണ അവഹേളനത്തിന് ഇരയായിരുന്നു.

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ കക്കൂസ് കഴുകണം; സിഖ് മത നിന്ദ കേസില്‍ ശിക്ഷിച്ച് അകാല്‍ തഖ്ത്
X

അമൃത്‌സര്‍: സിഖ് മതനിന്ദ നടത്തിയ പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ പ്രസിഡന്റുമായ സുഖ്ബീര്‍ സിങ് ബാദലിനെ ശിക്ഷിച്ച് അകാല്‍ തഖ്ത്. അമൃത്‌സറിലെ ഹര്‍മന്ദിര്‍ സാഹിബിലെ (ഗോള്‍ഡന്‍ ടെംപിള്‍) കക്കൂസ് കഴുകി വൃത്തിയാക്കാനാണ് നിര്‍ദേശം. നാളെ ഉച്ചക്ക് 12 മണി മുതല്‍ ഒരു മണി വരെയാണ് കക്കൂസുകള്‍ വൃത്തിയാക്കേണ്ടത്. അതിന് ശേഷം കുളിച്ച് വൃത്തിയായി ഗോള്‍ഡന്‍ ടെംപിളിലെ മറ്റു സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. സംസ്ഥാനത്തെ മറ്റു അഞ്ചു പുരാതന ഗുരുദ്വാരകളിലെ കക്കൂസുകളും സുഖ്ബീര്‍ സിങ് ബാദല്‍ കഴുകണം. അതിന് ശേഷം ഭക്ഷണശാലയിലെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കണം.

ശിരോമണി അകാലിദള്‍-ബിജെപി സഖ്യം പഞ്ചാബ് ഭരിച്ചിരുന്ന 2007-2017 കാലത്ത് സിഖുകാരുടെ മതഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് നിരവധി തവണ അവഹേളനത്തിന് ഇരയായിരുന്നു. സിഖ് ഗുരുക്കളുടെ വേഷം കെട്ടിയ ദേരാ സച്ചാ സൗദ മേധാവി രാം റഹീം സിങിന് സര്‍ക്കാര്‍ മാപ്പ് നല്‍കിയതും കുറ്റമായി അകാല്‍ തഖ്ത് കണ്ടെത്തി.

ബാദലിന് പുറമെ അകാലി-ബിജെപി നേതാക്കളായ ബീബി ജഗീര്‍ കൗര്‍, പ്രേം സിങ്, സുര്‍ജിത് സിങ്, ബിക്രംജിത് സിങ് മജീദിയ, സോഹന്‍ സിങ്, മഹേഷ് ഇന്ദര്‍ സിങ്, അദേശ് പ്രതാപ് സിങ് തുടങ്ങിയവരെയും അകാല്‍ തഖ്ത് ശിക്ഷിച്ചു. സുഖ്ബീര്‍ സിങ് ബാദല്‍ മതനിന്ദാ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ നവംബര്‍ 20ന് നാല് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ മല്‍സരിച്ചിരുന്നില്ല. രാഷ്ട്രീയ കാംപയിന്‍ നടത്തരുതെന്ന അകാല്‍ തഖ്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പാര്‍ട്ടി തീരുമാനം.

ഗോള്‍ഡന്‍ ടെംപിളിന് സമീപമാണ് കാലാതീതമായ ദൈവത്തിന്റെ സിംഹാസനം എന്നറിയപ്പെടുന്ന അകാല്‍ തഖ്ത് സ്ഥിതി ചെയ്യുന്നത്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം അവിടെയുള്ള പുരോഹിതരാണ് എടുക്കുക.


AKHAL TAKTH

Next Story

RELATED STORIES

Share it