Latest News

കൊവിഡ്19: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് സുപ്രിംകോടതിയുടെ അനുമതി

കൊവിഡ്19: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് സുപ്രിംകോടതിയുടെ അനുമതി
X

ന്യൂഡല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് സുപ്രിംകോടതി നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. കൊവിഡ് ആരോഗ്യനിര്‍ദേശങ്ങളില്‍ വീഴ്ച വരുത്താതെയായിരിക്കണം ആചാരം നടപ്പാക്കേണ്ടത്. അതുസംബന്ധിച്ച സമയോചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും ക്ഷേത്ര ഭാരവാഹികള്‍ക്കും സുപ്രിംകോടതി അധികാരം നല്‍കി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു തോന്നിയാല്‍ രഥയാത്ര വേണ്ടെന്നു വെയ്ക്കാനും അവകാശമുണ്ട്. ജൂണ്‍ 23നാണ് ഒഡീഷയിലെ സുപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര.

രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും ഇന്ന് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. രഥയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ജൂണ്‍ 18ലെ വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ആവശ്യം.

കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രഥയാത്രയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ''രഥയാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും ഇത് കോടിക്കണക്കിനു പേരുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ജഗന്നാഥ ഭഗവാന്‍ ഇപ്പോള്‍ വന്നില്ലെങ്കില്‍ ഇനി 12 വര്‍ഷത്തേക്ക് വരില്ലെന്നുമാണ് പാരമ്പര്യ വിശ്വാസമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വിശദീകരിച്ചു.

ആഘോഷങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളുടെ നീണ്ട ഒരു ലിസ്റ്റ് തുഷാര്‍ മേത്ത കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. ജനങ്ങള്‍ തിങ്ങിക്കൂടാതെ തന്നെ ആചാരങ്ങള്‍ നടപ്പാക്കാനും കൊവിഡ് നെഗറ്റീവ് ആയ ആളുകളെ മാത്രം ക്ഷേത്രാചാരങ്ങളില്‍ പങ്കെടുപ്പിക്കാമെന്നുമായിരുന്നു നിര്‍ദേശം. ഒഡീഷ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ഹാരിഷ് സാല്‍വയും തുഷാര്‍ മേത്തയോട് യോജിച്ചു.

ജൂണ്‍ 23ന് നടക്കേണ്ട രഥ യാത്രയ്ക്ക് ജൂണ്‍ 18ന് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക്. സാധാരണ വര്‍ഷാവര്‍ഷം നടക്കുന്ന രഥയാത്രയില്‍ 10 ലക്ഷം പേരാണ് പങ്കെടുക്കുക. ഒഡീഷയിലെ എന്‍ജിഒ ആയ ഒഡീഷ വികാസ് പരിഷത്ത് ആണ് കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രഥയാത്ര വിലക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. മാസങ്ങളായി രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ രഥയാത്ര അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം.

Next Story

RELATED STORIES

Share it