Latest News

എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരും: വ്യോമയാന മന്ത്രി

76 ശതമാനം ഒാഹരി വില്‍ക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വാങ്ങാന്‍ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ചില നിബന്ധനകളോടെ മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരും: വ്യോമയാന മന്ത്രി
X

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നര വര്‍ഷമായി എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണന്നും എന്നാല്‍ കാര്യമായ പ്രതികരണം ഇതിനുണ്ടാവുന്നില്ലന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. ഈ വിഷയത്തെ സംബന്ധിച്ച് ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ചോദ്യത്തിനുളള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 76 ശതമാനം ഒാഹരി വില്‍ക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വാങ്ങാന്‍ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ചില നിബന്ധനകളോടെ മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1932 ല്‍ ടാറ്റ എയര്‍ലൈന്‍സായി ആരംഭിച്ച് പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറിയ എയര്‍ ഇന്ത്യയ്ക്ക് 11 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്. പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഭ്യന്തര വിമാന കമ്പനിയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സുമായി 2007 ല്‍ എയര്‍ ഇന്ത്യ ലയിപ്പിച്ചതിന് ശേഷം പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതു കൊണ്ട് ജീവനക്കാര്‍ക്കു യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള എല്ലാ തൊഴിലാളികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവിലുള്ള ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ ആശങ്കകളെല്ലാം പരിഹരിക്കുമെന്നും മന്ത്രി ഹര്‍ദീപ് സിങ് പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മോദി കണ്ട മാര്‍ഗമാണ്‌ എയര്‍ ഇന്ത്യയുടെ വില്‍പ്പന. കോര്‍പ്പറേറ്റ് നികുതി വെട്ടിച്ചുരുക്കല്‍, നികുതി സമാഹരണത്തിലെ തിരിച്ചടി എന്നിവ മൂലം രാജ്യത്ത് നിലനില്‍ക്കുന്ന ധനക്കമ്മി നികത്താന്‍ ഈ നടപടി സഹായകമാവുമെന്നാണ് കേന്ദത്തിന്റെ പ്രതീക്ഷ.


Next Story

RELATED STORIES

Share it