Latest News

അഫ്ഗാനിസ്താന്‍ എന്ന അമേരിക്കന്‍ ദുരന്തം

അഫ്ഗാനിസ്താന്‍ എന്ന അമേരിക്കന്‍ ദുരന്തം
X

പ്രഫ. പി കോയ

എട്ടാം നൂറ്റാണ്ടില്‍ ഞങ്ങള്‍ പേര്‍സ്യക്കാരെ തോല്‍പ്പിച്ചു; 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരെ തുരത്തി; ഇരുപതാം നൂറ്റാണ്ടില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റുകളെ ആട്ടിപ്പായിച്ചു; 28 രാജ്യങ്ങളുടെ സൈന്യത്തെ ചെറുക്കുന്നതില്‍ ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും; കാബൂളിലെ തെരുവുകച്ചവടക്കാരന്‍ വരെ ഇങ്ങിനെയാണ് പ്രതികരിക്കാറ്. അടുത്ത സപ്തംബറില്‍ 20 വര്‍ഷം പൂര്‍ത്തിയാവുന്ന അധിനിവേശത്തിനു അന്ത്യം കുറിക്കാന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തയ്യാറെടുക്കുമ്പോള്‍ അഫ്ഗാന്‍ മലനിരകള്‍ ഒരു കടന്നുകയറ്റക്കാരനും പ്രാപ്യമല്ല എന്ന ചരിത്രമാണ് വീണ്ടും പുലരുക. 19-ാം നൂറ്റാണ്ടില്‍ കാബൂളിലേക്ക് പോയ ബ്രിട്ടീഷ് പട്ടാളത്തിന്റെ മേധാവിയോട് വഴി കാണിച്ചിരുന്ന ഒരു ഗോത്രത്തലവന്‍ ചോദിച്ചതും ഇവിടെ ഓര്‍ക്കാവുന്നതാണ്: കാബൂളിലേക്ക് പോവുന്നതെളുപ്പമാണ്. പക്ഷേ, നിങ്ങളെങ്ങിനെയാണ് തിരിച്ചുവരിക? അന്ന് തിരികെ ജലാലാബാദിലെത്തിയത് ഒരു ഡോക്ടറും അയാളുടെ കുതിരയുമായിരുന്നുവത്രെ. ഡോ. വില്യം ബ്രൈഡനെ ബ്രിട്ടീഷുകാര്‍ ഇപ്പോഴോര്‍ക്കുന്നത് ഒരു പെയ്ന്റ്റിംഗിലൂടെയാണ്. സൈന്യമെവിടെ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ തന്നെയാണ് സൈന്യം എന്നു തന്റെ രക്ഷകരോട് ബ്രൈഡന്‍ പ്രതിവചിച്ചുവത്രെ.

ഏകനായി ജലാലാബാദില്‍ തിരിച്ചെത്തിയ ഡോ. വില്യം ബ്രൈഡന്‍

യു.എസ്. അധിനിവേശത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിനാലാണ് അഫ്ഗാനിസ്താനിലെ ശേഷിക്കുന്ന പട്ടാളത്തെ പിന്‍വലിക്കുന്നതെന്ന് ബൈഡന്‍ വീമ്പു പറയുന്നുണ്ട്. ബിന്‍ലാദിന്‍ മരിച്ചു; അല്‍ഖായിദ തകര്‍ന്നു അതായിരുന്നുവത്രെ സൈനികദൗത്യത്തിന്റെ ലക്ഷ്യം. സത്യമതായിരുന്നില്ല. യു.എസും സഖ്യശക്തികളും പരാക്രമം എത്ര വ്യാപകമാക്കിയിട്ടും താലിബാന്‍ തകര്‍ന്നില്ല. അമേരിക്ക പിന്‍വാങ്ങിയാലും ഇല്ലെങ്കിലും മുല്ലാ ഉമറിന്റെ സൈനികര്‍ അഫ്ഗാനിസ്ഥാന്‍ മിക്കവാറും മുഴുവനായും കീഴടക്കും. എന്തായാലും ബൈഡന്‍ ഇങ്ങിനെ ഈ തിരുമാനമെടുക്കാന്‍ ഇത്തിരി തന്റേടം കാണിച്ചു. സി.ഐ.എയും ചീഫ് ഓഫ് സ്റ്റാഫ്, അഫ്ഗാന്‍ സൈനിക ദൗത്യത്തിന്റെ മേധാവി എന്നിവരടക്കം പെന്റഗണിലെ പല മുഖ്യന്‍മാരും വേണ്ട, വേണ്ട എന്നാണ് പറഞ്ഞിരുന്നത്. ഡെമോക്രാറ്റിക്-സെനറ്റര്‍ ജീന്‍ ശഹീനടക്കമുള്ള ചില നേതാക്കള്‍ ഇനി അഫ്ഗാന്‍ സ്ത്രീകളുടെ കാര്യമെന്താവും എന്നു സങ്കടപ്പെടുന്നുണ്ട്. ബൈഡന്‍ അതൊക്കെ അവഗണിച്ചു.

80,000ത്തിലധികം ബോംബുകള്‍

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താലിബാനുമായുണ്ടാക്കിയ കരാര്‍ പ്രകാരം മെയ് ഒന്നിനു സൈനിക പിന്‍മാറ്റമാരംഭിക്കേണ്ടതാണ്. അതുറപ്പിക്കാതെ ഇനി യു.എന്‍ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നു താലിബാന്‍ വക്താവ് മുഹമ്മദ് നഈം മുന്നറിയിപ്പ് നല്‍കിയത് ഒന്നും കാണാതെയല്ല. അമേരിക്കയുടെ വാക്കും കീറച്ചാക്കും ഒരുപോലെയാണെന്നാണ് അഫ്ഗാനികള്‍ കരുതുന്നത്. രണ്ടു ദശാബ്ദത്തിന്നുള്ളില്‍ 80,000ത്തിലധികം ബോംബുകളാണ് അഫ്ഗാന്‍ ഗ്രാമങ്ങളില്‍ നിലംപതിച്ചത്. അമേരിക്കന്‍ ആയുധ ഗവേഷകര്‍ വികസിപ്പിക്കുന്ന പുതിയ ആയുധങ്ങള്‍ പരീക്ഷണാര്‍ത്ഥം അഫ്ഗാനിലും ഇറാഖിലുമായിരുന്നു പ്രയോഗിച്ചിരുന്നത്. പുറമെ കാണുന്നതിന്നപ്പുറം സി.ഐ.എ. രഹസ്യമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കൂലിപ്പടയാളികളുടെ ആക്രമണങ്ങള്‍ അതിനു പുറമെയായിരുന്നു.

സപ്തംബര്‍ 11ന്റെ മറവില്‍ മധ്യേഷ്യന്‍ പ്രദേശങ്ങളില്‍ നിയന്ത്രണം സ്ഥാപിക്കുക എന്നതായിരുന്നു അമേരിക്കന്‍ പദ്ധതി. 2001ല്‍ പ്രത്യേക പരിശീലനം നേടിയ ആയിരത്തില്‍ താഴെയുള്ള യുഎസ് സൈനികര്‍ താലിബാനെയും അല്‍ഖായിദയെയും കാബൂളില്‍ നിന്നോടിക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. യു.എസുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്നും ഉസാമാബിന്‍ ലാദിനെ വിചാരണ ചെയ്യാന്‍ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണലിനെ ഏല്‍പ്പിക്കാമെന്നും താലിബാന്‍ പ്രഖ്യാപിച്ചുവെങ്കിലും അലക്‌സാണ്ടറും ചെങ്കിഷ്ഖാനും തൈമൂറും വിക്ടോറിയയും ബ്രഷ്‌നേവുമൊക്കെയാണ് താന്‍ എന്നു കരുതിയ ബുഷ് രണ്ടാമന്‍ വഴങ്ങിയില്ല. അതുകൊണ്ട് വിനാശകരമായ യുദ്ധം തുടര്‍ന്നു. അതിനെ ന്യായീകരിക്കാന്‍ വേണ്ടത്ര യുദ്ധതന്ത്രവിദഗ്ധന്‍മാരും കൂലിയെഴുത്തുകാരുമുണ്ടായിരുന്നു. ഇപ്പോള്‍ തന്നെ ബൈഡന്‍ അമേരിക്കയുടെ ശക്തി വേണ്ടത്ര കാണിക്കുന്നില്ല എന്ന മട്ടിലുള്ള 'ഗഹനമായ' ലേഖനങ്ങള്‍ വന്നു തുടങ്ങി. മുമ്പ് അധിനിവേശം അഫ്ഗാന്‍ സ്ത്രീകളെ മോചിപ്പിക്കാനാണ് എന്നെഴുതിയ സംഘം തന്നെയാണ് ഇപ്പോള്‍ പേനയെടുത്തിരിക്കുന്നത്. അതോടൊപ്പം മയക്കുമരുന്നു വ്യാപാരം നിര്‍ത്തുക, അഫ്ഗാനിസ്താനെ ജനാധിപത്യവല്‍ക്കരിക്കുക, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ പൈങ്കിളിവാചകങ്ങളും റിപോര്‍ട്ടുകളില്‍ ധാരാളമായി കണ്ടിരുന്നു.

യുഎസ് താലിബാന്‍ സമാധാനച്ചര്‍ച്ച

കിന്നരിതലപ്പാവുകള്‍

അമേരിക്കന്‍ സൈനിക-വ്യവസായ സമുച്ചയത്തിനു എപ്പോഴും ഒരു ശത്രു വേണം. എങ്കില്‍ മാത്രമേ പെന്റഗണ്‍ വലിയ വിലകൊടുത്തു ആയുധങ്ങള്‍ വാങ്ങൂ. സോവിയറ്റു യൂണിയനായിരുന്നു മുമ്പ് ശത്രു. പിന്നെയത് അന്താരാഷ്ട്ര ഭീകരത എന്ന ഒളിവില്‍ കഴിയുന്ന ഒരു ഭൂതമായി. ഇപ്പോള്‍ ചൈനയുയര്‍ത്തുന്ന ഭീഷണിയാണ് വലിയ ചര്‍ച്ചയാവുന്നത്.ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം, ഒരേയൊരു സൂപ്പര്‍പവര്‍, ശീതയുദ്ധജേതാവ്, പൂര്‍ണ്ണമായ അധീശത്വമുള്ള രാജ്യം അങ്ങിനെ പലതരം കിന്നരിതലപ്പാവുകളാണ് രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്ക തലയിലേറ്റിയത്. എന്നാല്‍ വിയറ്റ്‌നാം തൊട്ട് വലിയ സൈനികാഭ്യാസങ്ങളിലൊന്നും അമേരിക്ക വിജയം നേടിയില്ല. ഇല്ലെന്നു പറഞ്ഞുകൂടാ. ദയനീയമാംവിധം ദുര്‍ബലമായ ഡോമിനിക്കന്‍ റിപ്പബ്ലിക്ക്(1965), ഗ്രനാഡ(1983), പാനമ(1989) എന്നിവിടങ്ങളില്‍ അമേരിക്കന്‍ ഭടനെ സല്യൂട്ട് ചെയ്യുന്ന ഭരണാധികാരികളെയവര്‍ സ്ഥാപിച്ചു.

എന്തുകൊണ്ടാണ് അമേരിക്ക തോല്‍ക്കുന്നതെന്നു ചരിത്രം പിന്നീട് വിശദമായി വിലയിരുത്തും. എങ്കിലും രണ്ടുമൂന്നു കാര്യങ്ങള്‍ ആരുടെയും കണ്ണില്‍പ്പെടും.

@ വളരെ സങ്കീര്‍ണ്ണമായ ആയുധങ്ങള്‍ക്കാണ് പെന്റഗണ്‍ മുന്‍ഗണന നല്‍കാറ്. സ്റ്റാര്‍വാര്‍സ് സിനിമകളില്‍ കാണുന്നതരം ആയുധങ്ങള്‍ വില്‍ക്കുന്നതിനു ആയുധനിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കും. അങ്ങിനെ നേരിടേണ്ട എതിരാളികള്‍ ഇപ്പോഴില്ല. വിയറ്റ്‌നാംകാരും അഫ്ഗാനികളും ഇറാഖികളും ചെലവുകുറഞ്ഞ ആയുധങ്ങള്‍ കൊണ്ടാണ് അമേരിക്കയെ തടഞ്ഞു നിര്‍ത്തിയത്. എ കെ 47നും കുഴിബോംബുകളും നാടന്‍ ബോംബുകളുമാണ് അമേരിക്കന്‍ പട്ടാളക്കാരെ ഭയപ്പെടുത്തിയത്. കൊലപ്പെടുത്തിയതും. മാധ്യമങ്ങളില്‍ ബോംബുവര്‍ഷമല്ല മരണമാണ് തലക്കെട്ടായി വരിക. അമേരിക്കയില്‍ യുദ്ധ തന്ത്രങ്ങള്‍ നിശ്ചയിക്കുന്നത് പെന്റഗണും ആയുധ നിര്‍മ്മാതാക്കളുമാണ്. രണ്ടും തമ്മില്‍ ദൃഢസഖ്യമുണ്ട്. ബുഷ് രണ്ടാമനും ക്ലിന്റണും ഭരിക്കുന്ന കാലത്ത് പല ആയുധനിര്‍മ്മാണകമ്പനികളും വലിയ സൗഹൃദങ്ങളുടെ സഹായത്തോടെ സംയോജിച്ചു ഭരണകൂടത്തിനു നിയന്ത്രിക്കാനാവാത്തവിധം ശക്തിയാര്‍ജ്ജിച്ചു.

@ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നതിന്റെ കണക്ക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവും. അമേരിക്കക്കാര്‍ ഒട്ടും ഇഷ്ടപ്പെടാത്ത കാര്യമാണത്. ഡ്രോണ്‍ ആക്രമണമാണവര്‍ക്കിഷ്ടം. വിയറ്റ്‌നാം യുദ്ധം നീണ്ടുപോയപ്പോള്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു രംഗത്തുവന്നത് മരണനിരക്ക് കൂടിയപ്പോഴാണ്. അമേരിക്ക വിയറ്റ്‌നാമില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ മരണം 60,000 ത്തിനടുത്തായിരുന്നു. കീഴടക്കുന്ന പ്രദേശങ്ങളിലെ ജനവിഭാഗങ്ങളെ സൈനികര്‍ അപരിഷ്‌കൃത ഗ്രാമീണരായി പരിഗണിക്കാറാണ് പതിവ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊക്കെ വലിയ ലാഭമടിക്കുന്ന അമേരിക്കന്‍ കമ്പനികളാണ് നടത്തുക. അതിനാല്‍ വിശ്വസിക്കുന്ന പ്രാദേശിക സുഹൃത്തുക്കള്‍ കുറവായിരിക്കും.

@ സാമ്പത്തിക മാന്ദ്യം നേരിടുന്ന യു.എസിനു 70 രാജ്യങ്ങളിലായി ചെറുതും വലുതുമായ 800 സൈനികത്താവളങ്ങളുണ്ട്. (ബ്രിട്ടനും ഫ്രാന്‍സിനും റഷ്യക്കും ഏതാണ്ട് 30 താവളങ്ങളേയുള്ളൂ.) ഇതിനൊക്കെ പ്രതിവര്‍ഷം 160 തൊട്ട് 200 ബില്യന്‍ ഡോളര്‍ ചെലവുവരും. കച്ചവടക്കാരനായ ട്രംപ് ഇതിന്റെ ചെലവ് സമ്പന്ന രാഷ്ട്രങ്ങള്‍ വഹിക്കണമെന്ന് നിര്‍ദേശിച്ചത് വലിയ വിവാദമായിരുന്നു.

ബുഷ് രണ്ടാമന്റെ കാലത്ത് നവയാഥാസ്ഥിതികര്‍ 19-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ ശക്തികളെപ്പോലെ യു എസും ഇറാഖില്‍ നവലിബറല്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇറാഖിനു ശേഷം ഇറാനെയും സിറിയയെയും കീഴടക്കുക എന്ന അമര്‍ചിത്രകഥയായിരുന്നു അവര്‍ മെനഞ്ഞത്. പക്ഷേ, ഫലത്തില്‍ സംഭവിച്ചത് എന്താണെന്ന് നാം കണ്ടു. മരണം കൂടാന്‍ തുടങ്ങിയതോടെ ആദ്യത്തിലുള്ള ആവേശം കെട്ടടങ്ങി. അയല്‍പക്കത്തെ വെനീസ്വലയിലേക്ക് പട്ടാളത്തെ അയക്കാന്‍ യു എസ് മടിച്ചുനിന്നത് ഇക്കാരണത്താലാണ്...

കൊളോണിയല്‍ വ്യവസ്ഥ നിലനിന്നിരുന്നത് തദ്ദേശീയരിലൊരു വിഭാഗത്തിന്റെ സഹകരണം മൂലമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത് മേല്‍ജാതികളുടെയും ഭൂവുടമകളുടെയും സഹായത്തോടെയായിരുന്നു. ഫ്രാന്‍സിനും അതുപോലെ ആഫ്രിക്കയില്‍ പലയിടത്തും കങ്കാണിമാരോ തദ്ദേശീയര്‍ അംഗങ്ങളായ സൈനികദളങ്ങളോ ഉണ്ടായിരുന്നു. വന്‍തോതില്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട അവരാണ് പിന്നീട് ഭരണാധികാരികളായി മാറിയത്. അത്തരമൊരു തന്ത്രത്തില്‍ അമേരിക്ക വിജയിക്കുകയുണ്ടായില്ല.

അഫ്ഗാനിസ്താന്‍ പാനമയോ ഗ്രനാഡയോ അല്ലെന്നു പറയേണ്ടതില്ല. നാറ്റോ സൈന്യം മലഞ്ചെരുവുകളില്‍ നടത്തിയ നിഷ്ഠൂരമായ ആക്രമണങ്ങളും അറപ്പുളവാക്കുന്ന അഴിമതിയുടെ ദുര്‍ഗന്ധം പേറിയ പാവഭരണകൂടങ്ങളും താലിബാന്റെ പടയാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു വലിയ സഹായമായി. അവസരം നോക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാനെന്ന പേരിലെത്തിയ ഇന്ത്യയെപ്പോലുള്ള അയല്‍പക്ക നാടുകള്‍ തദ്ദേശീയരുടെ രോഷം വര്‍ധിപ്പിക്കുകയും ചെയ്തു.

'ബന്ധനസ്ഥരായവര്‍'

ആധുനികപൂര്‍വ്വ മുസ്‌ലിം സമൂഹങ്ങളെ പരിഷ്‌കരിക്കാന്‍ സാധ്യമല്ലെന്ന ഓറിയന്റലിസ്റ്റ് കഥനം ആവര്‍ത്തിക്കുകയാണിപ്പോള്‍ ബ്രിട്ടീഷ്-അമേരിക്കന്‍ ബുദ്ധിജീവികള്‍. റിച്ചാഡ് ഡോകിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്(2011 ല്‍ മരിച്ചു) തുടങ്ങിയ നവ നാസ്തിക-യാഥാസ്ഥിതികര്‍ ഒന്നിച്ചു തീവ്രവലതുപക്ഷത്തുള്ള ജോര്‍ജ്ജ് ബുഷിനു പിന്തുണ പ്രഖ്യാപിച്ചത് അവരിപ്പോള്‍ കയ്‌പ്പോടെ അനുസ്മരിക്കുന്നുണ്ടാവും.

2002 ജനുവരിയില്‍ ബുഷ് രാഷ്ട്രത്തെ അഭിമുഖീകരിച്ചു നടത്തുന്ന സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തില്‍ അഫ്ഗാന്‍ അധിനിവേശത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിയതില്‍ ഒന്നു അവിടെ നാറ്റോ സൈന്യം നടപ്പിലാക്കിയ സ്ത്രീ വിമോചനമായിരുന്നു 'കഴിഞ്ഞ വര്‍ഷം ഈ ഹാളില്‍ നാം സമ്മേളിച്ചപ്പോള്‍ അഫ്ഗാനിസ്താനിലെ മാതാക്കളും പുത്രിമാരും സ്വന്തം വീടുകളില്‍ ബന്ധനസ്ഥരായിരുന്നു. അവര്‍ക്ക് സ്‌കൂളില്‍ പോവാനോ ജോലിയെടുക്കാനോ അനുമതിയുണ്ടായിരുന്നില്ല. ഇന്നവര്‍ സ്വതന്ത്രരാണ്.' അഫ്ഗാന്‍ അധിനിവേശത്തിനു ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം എന്നായിരുന്നു പേര്. അഫ്ഗാന്‍ സ്ത്രീകള്‍ അവരുടെ കാലാവസ്ഥക്കു ചേരുന്ന ബുര്‍ഖ ധരിക്കുന്നതിലായിരുന്നു ബുഷിനു സങ്കടം. ബുര്‍ഖയായിരുന്നില്ല അഫ്ഗാന്‍ സ്ത്രീകളുടെ പ്രശ്‌നം. പട്ടിണിയായിരുന്നു. തണുപ്പുകാലം വരുമ്പോള്‍ ചില പ്രവിശ്യകളില്‍ പാതി പേരെങ്കിലും വിശന്നാണുറങ്ങാന്‍ പോവുക. വിവാഹാഘോഷങ്ങളില്‍ ബോംബിട്ടുകൊണ്ടിരുന്ന നാറ്റോ സൈന്യത്തിനു അതായിരുന്നില്ല പ്രശ്‌നം. സോവിയറ്റ് അധിനിവേശം തൊട്ട് 15 ലക്ഷം പേര്‍ കൊല്ലപ്പെട്ട നാട്ടില്‍ ഏറ്റവുമധികം ക്ലേശമനുഭവിക്കുന്നത് വിധവകളാണ്. കാബൂളില്‍ മാത്രം 40,000ത്തിലധികം വിധവകളുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അധിനിവേശസേനകള്‍ക്കോ പ്രസിഡന്റ് അഷ്‌റഫ് ഗനിക്കോ അധിനിവേശത്തെ വരവേറ്റ ഇടതുപക്ഷവനിതാ പ്രവര്‍ത്തകര്‍ക്കോ പ്രശ്‌നമാവില്ല. വിദൂരഗ്രാമങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളല്ല അവരുടെ മുന്‍ഗണന. പാശ്ചാത്യ മീഡിയ സ്ത്രീവിരുദ്ധമായ താലിബാന്‍ എന്ന നുണ പ്രചരിപ്പിക്കുന്ന ജോലി ഇപ്പോഴും തുടരുകയും അക്കാരണത്താല്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അധിനിവേശകാലത്ത് നഗരങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമേ വിദ്യാഭ്യാസവും ചികില്‍സാ സൗകര്യങ്ങളും ലഭ്യമായുള്ളൂ. രാജ്യത്തെ ജനസംഖ്യയില്‍ 76 ശതമാനവും അമേരിക്കയും കാബൂള്‍ ഭരണകൂടവും കാരണക്കാരായ ആഭ്യന്തരകലാപത്തിന്റെ ഇരകളാണ്.

സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോ ജനതയും അതിന്റെ ബൗദ്ധിക-ധാര്‍മ്മിക വ്യവസ്ഥയെയാണ് ആധാരമാക്കുക. കൊളോണിയല്‍ സാമ്രാജ്യങ്ങള്‍ തങ്ങള്‍ 'പ്രാകൃത ജനത'കളെ പരിഷ്‌കരിക്കാനിറങ്ങിയിരിക്കയാണ് എന്നാണുല്‍ഘോഷിച്ചിരുന്നത്. അതിന്റെ പേരിലാണ് ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലും ദക്ഷിണ അമേരിക്കയിലും വന്‍ കൂട്ടക്കൊലകളും ചൂഷണവും നടന്നത്. അത്തരം ഉടായിപ്പുകളുമായി വന്‍ശക്തികള്‍ ഇറങ്ങിപ്പുറപ്പെടേണ്ട എന്നാണ് അഫ്ഗാനിസ്താനില്‍ പരാജയപ്പെട്ട യാങ്കി സാഹസികത നല്‍കുന്ന പ്രധാന പാഠം.

സ്വന്തം സൈനിക ശക്തിയെക്കുറിച്ചുളള ഗര്‍വ് കൂടുമ്പോള്‍ പക്ഷേ, സാമ്രാജ്യങ്ങള്‍ അത്തരം ചരിത്രപുസ്തകങ്ങളൊന്നും വായിച്ചുനോക്കാറില്ല. 2010 തുടക്കത്തില്‍ സോവിയറ്റു യൂണിയനെ കുളിപ്പിച്ചുകിടത്തിയ മിഖായേല്‍ ഗോര്‍ബച്ചേവ് യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമക്ക് വിലപിടിച്ചൊരുപദേശം നല്‍കിയിരുന്നു. സമയത്ത് തീരുമാനമെടുത്തില്ലെങ്കില്‍ അമേരിക്ക അവിടെ തന്ത്രപരമായി പരാജയപ്പെടുമെന്ന് ഗോര്‍ബച്ചേവ് മുന്നറിയിപ്പ് നല്‍കി. 1979 ല്‍ സോവിയറ്റ് പോളിറ്റ് ബ്യൂറോയിലെ 'കഴുകന്‍'മാരുടെ എതിര്‍പ്പ് പരിഗണിക്കാതെ ഗോര്‍ബച്ചേവ് അഫ്ഗാനിസ്ഥാന്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. 1989 ലാണ് അവസാനത്തെ സോവിയറ്റ് ഭടന്‍ അഫ്ഗാനിസ്ഥാന്‍ വിടുന്നത്. താലിബാന്‍ പോലുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുമായി സംഭാഷണം നടത്തണമെന്നും ഗോര്‍ബച്ചേവ് ഉപദേശിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് സ്വന്തം ജനതക്കുറപ്പു നല്‍കിയ ഒബാമ ആ ഉപദേശം സ്വീകരിച്ചില്ല. എന്നാല്‍ ഗോര്‍ബച്ചേവിന്റെ അഭിപ്രായം പരിഗണിച്ചു താലിബാനുമായി രഹസ്യ സമാധാനചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ വിജയിച്ചില്ല. പിന്നീട് 2020ല്‍ അഫ്ഗാന്‍ വംശജനായ സല്‍മയ് ഖലീല്‍സാദ് മുന്‍കയ്യെടുത്തു നടന്ന ചര്‍ച്ചയാണ് 2021 മെയ് 31 നകം സൈന്യത്തെ പിന്‍വലിക്കാനുള്ള കരാറിലെത്തിയത്. ന്യൂയോര്‍ക്കര്‍ വാരിക പറഞ്ഞപോലെ അതിദീര്‍ഘമായ ഒരു യുദ്ധത്തിനു ശേഷം അമേരിക്ക തോല്‍വി സമ്മതിക്കുകയാണ്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ താവളങ്ങളും പാക് ഇന്റലിജന്‍സിന്റെ സഹായവുമുള്ള താലിബാനെ ബോംബിട്ടു തകര്‍ക്കുക സാധ്യമായിരുന്നില്ല. മുമ്പ് സോവിയറ്റു യൂണിയനെ തകര്‍ത്തതും അതേ തന്ത്രമായിരുന്നു.

വിസ്മയിപ്പിക്കുന്ന ഒരു കാര്യം: അന്താരാഷ്ട്ര വേദികളില്‍ വലിയ സാന്നിധ്യമില്ലാത്ത ഈ നീളക്കുപ്പായക്കാര്‍ കിസിംജറെ തോല്‍പ്പിക്കുന്ന മിടുക്കാണ് ചര്‍ച്ചകളില്‍ കാണിച്ചത്.

Next Story

RELATED STORIES

Share it