Latest News

ഗൗതം നവ്‌ലാഖയുടെയും ആനന്ദ് തെല്‍തുംദെയുടെയും ജാമ്യാപേക്ഷ തള്ളി

ഗൗതം നവ്‌ലാഖയുടെയും ആനന്ദ് തെല്‍തുംദെയുടെയും ജാമ്യാപേക്ഷ തള്ളി
X

മുംബൈ: ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസില്‍ ജയിലില്‍ കഴിയുന്ന ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംദെ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളി. പ്രത്യേക കോടതി ജഡ്ജി ദിനേഷ് ഇ കൊതാലികര്‍ ആണ് ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷ തള്ളിയത്. തലോജ സെന്‍ട്രല്‍ ജയില്‍ കഴിയുന്ന ഇരുവരും കൊവിഡ് കാലത്ത് 60വയസ്സിനു മുകളിലുള്ളവരെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ജാമ്യത്തില്‍ വിടാമെന്ന സുപ്രിംകോടതി നിര്‍ദേശം ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ വഴി നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്.

ഇരുവര്‍ക്കെതിരേയും ചുമത്തിയ കുറ്റകൃത്യങ്ങള്‍ അതീവ ഗുരുതരമാണെന്നും ജാമ്യത്തില്‍ വിടരുതെന്നും എന്‍ഐഎ വാദിച്ചു. തെല്‍തുംദെ സാധാരണ നിലയില്‍ നല്‍കിയ ജാമ്യാപേക്ഷ ഏതാനും മാസം മുമ്പ് തള്ളിയിരുന്നു. ഇതും ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ജാമ്യാപേക്ഷക്കെതിരേ നിലപാടെടുത്തത്.

അതിനിടയില്‍ ഈ കേസില്‍ 22 പേര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. വരവര റാവു, സുധ ഭരദ്വാജ്, ആനന്ദ് തെല്‍തുംദെ, വെര്‍ണോണ്‍ ഗോണ്‍സാല്‍വേസ്, ഗൗതം നവ്‌ലാഖ, സുധീര്‍ ധാവ്‌ലെ അടക്കമുള്ള കുറ്റാരോപിതര്‍ക്കെതിരേ 17 കുറ്റങ്ങളാണ് എന്‍ഐഎ തിങ്കളാഴ്ച്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും കുറ്റാരോപിതര്‍ ഭീഷണിയാണെന്നും സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ ആരോപിക്കുന്നു. ജെഎന്‍യു, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) അടക്കം വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ 'ഭീകര പ്രവര്‍ത്തനത്തിനായി' ഇവര്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it