Latest News

വായയിലൂടെ തലയോട്ടിയില്‍ തറച്ച വെടിയുണ്ട പുറത്തെടുത്തു; മെഡി.കോളജ് ആശുപത്രിക്ക് വീണ്ടും പൊന്‍തൂവല്‍

വര്‍ക്കല സ്വദേശിയായ 36 കാരനെയാണ് ഇത്തവണ വെടിയുണ്ട തലയോട്ടിയില്‍ തറച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. എയര്‍ഗണ്‍ തുടച്ചു വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയ്ക്കടിയില്‍ മെഡുലയ്ക്ക് മുന്നിലായി തറക്കുകയുമായിരുന്നു.

വായയിലൂടെ തലയോട്ടിയില്‍ തറച്ച വെടിയുണ്ട പുറത്തെടുത്തു; മെഡി.കോളജ് ആശുപത്രിക്ക് വീണ്ടും പൊന്‍തൂവല്‍
X

തിരുവനന്തപുരം: എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയുണ്ട അബദ്ധത്തില്‍ വായിലൂടെ തുളച്ചു കയറി തലയോട്ടിയില്‍ തറച്ച യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ മരണത്തില്‍ നിന്നും രക്ഷിച്ചു. ശരീരത്തിനുള്ളില്‍ കടന്ന ഫോറിന്‍ ബോഡി അഥവാ അന്യ വസ്തുവിനെ പുറത്തെടുക്കാന്‍ അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്നത്.

വര്‍ക്കല സ്വദേശിയായ 36 കാരനെയാണ് ഇത്തവണ വെടിയുണ്ട തലയോട്ടിയില്‍ തറച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. എയര്‍ഗണ്‍ തുടച്ചു വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയ്ക്കടിയില്‍ മെഡുലയ്ക്ക് മുന്നിലായി തറക്കുകയുമായിരുന്നു.

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ അഡീഷണല്‍ പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എം എസ് ഷര്‍മ്മദിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മൈക്രോസ്‌കോപ്പ്, സി ആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. അഭിഷേക്, ഡോ. രാജ് എസ് ചന്ദ്രന്‍, ഡോ. ദീപു, ഇഎന്‍ടി വിഭാഗത്തിലെ ഡോ. നിഖില, ഡോ. മുബിന്‍, ഡോ. ലെമിന്‍, ഡോ. ഷാന്‍, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ഉഷാകുമാരി, ഡോ. ജയചന്ദ്രന്‍, ഡോ. നരേഷ്, ഡോ. ഗായത്രി, ഡോ. രാഹുല്‍, നേഴ്‌സുമാരായ ബ്ലെസി, സിന്ധു തീയേറ്റര്‍ ടെക്‌നീഷ്യന്‍ ജിജി, സയന്റിഫിക് അസിസ്റ്റന്റ് റിസ് വി, തീയേറ്റര്‍ അസിസ്റ്റന്റുമാരായ നിപിന്‍, വിഷ്ണു എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

ഏതാനും ദിവസം മുമ്പ് ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളില്‍ കടന്ന നിലയില്‍ ആശുപത്രിയിലെത്തിയ മറ്റൊരു യുവാവിനെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയതും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ യശസ് ഉയര്‍ത്തിയ സംഭവമാണ്.

Next Story

RELATED STORIES

Share it