Latest News

അന്നമനട കെഎസ്ഇബി കാര്യാലയം മാറ്റുന്നതിനു പിന്നില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണെന്ന് സിപിഐ

അന്നമനട കെഎസ്ഇബി കാര്യാലയം മാറ്റുന്നതിനു പിന്നില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണെന്ന് സിപിഐ
X

മാളഃ അന്നമനട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി കാര്യാലയം നിലവിലുള്ള അവസ്ഥയില്‍ നിന്നും മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രമം നടത്തുന്നതായി സിപിഐ ലോക്കല്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യമാണ് ഇതിനു പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് 28 തിങ്കളാഴ്ച രാവിലെ 11ന് ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണ മുന്‍ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ധര്‍ണയില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

വാടകയിനത്തില്‍ കുടിശ്ശികയുള്ള തുകക്ക് മുന്നറിയിറിപ്പ് നല്‍കാതെ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചത് ഗൂഢ ഉദ്ദേശ്യത്തോടെയാണ്. ഓഫിസ് അന്നമനടയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 സെന്റ് ഭൂമി സ്വകാര്യവ്യക്തി നല്‍കിയിട്ടുണ്ട്. ഇതിന്റെ പേപ്പര്‍ വര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇവിടെ കളക്ഷന്‍ സെന്റര്‍ തുടങ്ങാനാവും. ഇതിന് ശ്രമം നടത്തിയിട്ടില്ല. അന്നമനട ഗ്രാമപഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് സൗകര്യപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് നിലവിലെ ഓഫിസ്. രണ്ടു കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തിലേക്ക് കെഎസ്ഇബി ഓഫിസും കളക്ഷന്‍ സെന്ററും മാറ്റിയാല്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ദുരിതത്തിലാവും. ഗ്രാമപഞ്ചായത്തിന്റെ പിടിവാശി കൊണ്ടാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതേ കെട്ടിടത്തില്‍ സബ്ട്രഷറിക്ക് വാടകയില്ലാതെ പ്രവര്‍ത്തിക്കുന്നതിന് അനുമതിയുണ്ട്. ഈ രീതി കെഎസ്ഇബിക്കും കഴിയുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ലോക്കല്‍ സെക്രട്ടറി ഇ കെ അനിലന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ പി സലി തുടങ്ങിയവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it