Latest News

'പോരാട്ടം തുടരുകതന്നെ ചെയ്യും'; നടാഷ നര്‍വാള്‍ ദേവാംഗന കലിത- അഭിമുഖം

പോരാട്ടം തുടരുകതന്നെ ചെയ്യും; നടാഷ നര്‍വാള്‍ ദേവാംഗന കലിത- അഭിമുഖം
X

പൗരത്വ ബില്ലിനെതിരേ രാജ്യത്താകമാനം നടന്ന സമരങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധമാണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. സരത്തിനു പിന്നാലെ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജില്‍ ഇമാമിനെയാണ് ആദ്യം പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തുടങ്ങി പതിനെട്ടോളം പേര്‍ അറസ്റ്റിലായി. ഡല്‍ഹി സര്‍ക്കാര്‍ ഇവര്‍ക്കെതിരേ കേസെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22നായിരുന്നു ഇവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയത്. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ഇവരെ തീഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു.

ജയിലില്‍ നിന്ന് പുറത്തുവന്നശേഷം ഇവര്‍ ഇന്ത്യ ടുഡെയുടെ രജ്ദീപ് സര്‍ദേശായിയുമായി സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ഒടുവില്‍ ജയില്‍ മോചിതരായി? ആദ്യ പ്രതികരണമെന്താണ്?

നടാഷ നല്‍വാള്‍: ഞാന്‍ അമ്പരപ്പിലാണ്. ഇപ്പോഴും കേസ് സുപ്രിംകോടതിയിലാണ്. ഡല്‍ഹി ഹൈക്കോടതി വിധി ഞങ്ങള്‍ക്ക് പ്രതീക്ഷയും ധൈര്യവും നല്‍കി. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലുളള വിശ്വാസം തിരിച്ചുനല്‍കി. ഇനിയും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ജനാധിപത്യപരമായ രീതിയില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടും.

ജയിലിയായിട്ട് 13 മാസം കഴിഞ്ഞു. ഈ കാലത്ത് നിങ്ങള്‍ക്ക് പിതാവ് നഷ്ടപ്പെട്ടു. മരണസമയത്ത് കൂടെയുണ്ടായില്ല, അതില്‍ രോഷാകുലയാണോ?

നടാഷ: തീര്‍ച്ചയായും ദുഃഖവും അമര്‍ഷവുമുണ്ട്. അതാണ് ആകെയുള്ളത്. അല്ലെങ്കില്‍ ഈ വര്‍ഷം കടന്നുകൂടുമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചതിനു പിന്നില്‍ ഞാന്‍ ജയിലിലായതും ഒരു കാരണമാവണം. അദ്ദേഹം കൊവിഡ് ബാധിച്ചാണ് മരിച്ചത്. സര്‍ക്കാര്‍ ആവശ്യമായ ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കാത്തതുമൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, അതിലും എനിക്ക് അമര്‍ഷമുണ്ട്. ഞാന്‍ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവര്‍ക്കൊപ്പമുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ സിഎഎ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തത് അബദ്ധമായെന്നു തോന്നുന്നുണ്ടോ? പോലിസ് പറയുന്നത് ഡല്‍ഹി കലാപം നിങ്ങളും ആസിഫും ദേവാംഗനയും ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നാണ്.

നടാഷ: ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയും വിയോജിക്കാനുള്ള അവകാശത്തിനുവേണ്ടിയും സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സമരത്തില്‍ പങ്കെടുത്തതില്‍ ഒരു പശ്ചാത്താപവുമില്ല. സമരം മുന്നോട്ട് പോയില്ലെന്നതില്‍ വിഷമമുണ്ട്. അത് ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സമരം ഇപ്പോഴും മറ്റ് വഴികളില്‍ തുടരുന്നുവെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

ജയിലിലെ ജീവിതം താങ്കളില്‍ ഏതെങ്കിലും രീതിയില്‍ മാറ്റമുണ്ടാക്കിയോ?

നടാഷ: അതെന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന് എനിക്ക് കൃത്യമായി പറയാനാവില്ല. അതിന് കുറച്ചുസമയമെടുക്കും. തടവറകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനെ കുറിച്ച് ചില ധാരണകള്‍ അതുണ്ടാക്കി. മനുഷ്യരെ അതെങ്ങനെയാണ് അപമാനവീകരിക്കുന്നതെന്നും ബോധ്യപ്പെടുത്തി. അവിടെയുള്ളവരെ യാഥാര്‍ത്ഥത്തില്‍ മനുഷ്യരായി പരിഗണിക്കുന്നില്ല, അവര്‍ക്ക് യാതൊരു അവകാശങ്ങളുമില്ല.

നിങ്ങളുടെ ആദ്യ പ്രതികണമെന്താണ്?

ദേവാംഗന: ജയിലില്‍ നിന്ന് പുറത്തുവന്നുവെന്നത് അവിശ്വസനീയമായി തോന്നുന്നു. ജാമ്യം നല്‍കിക്കൊണ്ടുളള ഉത്തരവ് രണ്ട് ദിവസം മുമ്പ് വന്നതാണ്. എന്നിട്ടും സാങ്കേതിക കാരണങ്ങളാല്‍ ജയിലില്‍ തന്നെയായിരുന്നു. അത് എന്നെ ഞെട്ടിച്ചുകളഞ്ഞു. അതിനും തീര്‍ന്നിട്ടില്ല. സുപ്രിംകോടതിയുടെ ഉത്തരവിന് കാത്തിരിക്കുകയാണ്. ഇന്ന് രാത്രി എങ്കിലും തുറന്ന ആകാശത്തിന്‍ കീഴില്‍ തെരുവില്‍ സ്വതന്ത്രയായി നില്‍ക്കാമെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

നിങ്ങളുടെ അമ്മയോട് ഞാന്‍ സംസാരിച്ചിരുന്നു. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്നാണ് അവര്‍ പറഞ്ഞത്.അമ്മയോട് എന്താണ് പറയാനുള്ളത്?

ദേവാംഗന: അമ്മയുടെ പിന്തുണയും അവരെഴുതിയ അസംഖ്യം എഴുത്തുകളുമില്ലാതിരുന്നെങ്കില്‍ എനിക്ക് ജയിലില്‍ അതിജീവിക്കാനാവുമായിരുന്നില്ല. ഒരു സ്വതന്ത്ര സ്ത്രീയാകാനും ആര്‍ക്കു മുന്നില്‍ തലകുനിക്കാതിരിക്കാനും അവര്‍ എന്നെ പഠിപ്പിച്ചു. അതുതന്നെയാണ് ഇന്ന് എന്നെ ഈ കവാടങ്ങള്‍ക്കു മുന്നിലെത്തിച്ചതും.

പ്രക്ഷോഭത്തിന്റെ ഭാഗമായതില്‍ ഖേദമുണ്ടോ?

ദേവാംഗന: ഞങ്ങള്‍ ജയിലിലടക്കപ്പെടാന്‍ കാരണമായ ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തതില്‍ യാതൊരു ഖേദവുമില്ല. ഞങ്ങളോടൊപ്പം നിന്ന സ്ത്രീകള്‍, പ്രക്ഷോഭകാരികള്‍, ഞങ്ങളെ പിന്തുണച്ചവര്‍ അവരുടെ പ്രാര്‍ത്ഥനയാണ് ഞങ്ങളെ ജയിലില്‍ നിന്ന് പുറത്തെത്തിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്ക് നന്ദി.

നിങ്ങളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്? നിങ്ങളോട് തെറ്റ് ചെയ്തതായി തോന്നുണ്ടോ?

നടാഷ: ഒരു വര്‍ഷം നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അമര്‍ഷമുണ്ട്. എന്തെങ്കിലും അതിന് പകരമാവുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രത്യേകിച്ച് എന്റെ പിതാവിന്റെ മരണം. ഒരു തരത്തിലും പകരം നല്‍കാനാവാത്തതാണ് അത്. ഞാന്‍ എനിക്കുവേണ്ടി മാത്രമല്ല, സംസാരിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞ പോലെ നിരവധി പേര്‍ക്ക് സമാനമായ അനുഭവമുണ്ടായി. ചുരുങ്ങിയ പക്ഷം എനിക്ക് പുറത്തുവരാനും കുടുംബത്തോടൊപ്പം ചേരാനും സാധിച്ചു. പലര്‍ക്കും ഒരു പരിഗണനയും ലഭിക്കുന്നില്ല. അവരും മനുഷ്യരാണ്. അവര്‍ക്കും പ്രതിസന്ധിയുടെ ഈ കാലത്ത് കുടുംബത്തോടൊപ്പം ചേരണമെന്നുണ്ട്. അവര്‍ക്ക് വേണ്ടി കോടതിയില്‍ പോലും ആരും ഹാജരാവുന്നില്ല. തെറ്റായ രീതിയില്‍ ജയിലിലടച്ചു എന്നതുമാത്രമല്ല, അമര്‍ഷത്തിനു കാരണം. രാഷ്ട്രീയത്തടവുകാരുടെ പ്രശ്‌നം ഉയര്‍ത്തേണ്ടതുണ്ടെന്നു തോന്നുന്നു. നിരവധി പേരാണ് ജയിലിലടക്കപ്പെട്ടിട്ടുള്ളത്. എങ്ങുമെത്താത്ത അവസാനിക്കാത്ത കോടതി വിചാരണകളാണ്.

ജയിലിലെ മോശം അനുഭവമെന്താണെന്ന് പറയാമോ?

നടാഷ: ഞങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ നിസ്സഹായതതന്നെ. കോടതിയില്‍ വേണ്ട വിധം കേസുകള്‍ നടത്താന്‍ കഴിയാത്തവര്‍ ഒടുവില്‍ ജയിലിലാവുന്നു. പോലിസിന് കൈക്കൂലി നല്‍കാന്‍ കഴിയാത്തവരും നീണ്ട കാലം ജയിലിനുള്ളിലാവുന്നു. വിവരണാതീതമായ നിസ്സഹായതും വേദനയും. കഴിയാവുന്നിടത്തോളം ഞങ്ങളതില്‍ ഇടപെടാന്‍ ശ്രമിച്ചു.

Next Story

RELATED STORIES

Share it