Big stories

വഖ്ഫ് ഭേദഗതി നിയമം രാജ്യത്തെ ചെറുതും നീചവുമാക്കുന്നു

വഖ്ഫ് ഭേദഗതി നിയമം രാജ്യത്തെ ചെറുതും നീചവുമാക്കുന്നു
X

ഡോ. മനോജ് കുമാര്‍ ഝാ

ഭൂരിപക്ഷവാദവും ജനാധിപത്യവും പരസ്പരം പൊരുത്തപ്പെടുന്നില്ല. ഭൂരിപക്ഷവാദ രാഷ്ട്രീയത്തിന് വേഗത്തില്‍ നിയമങ്ങള്‍ പാസാക്കാന്‍ കഴിയും, എന്നാല്‍ അത്തരം നിയമങ്ങള്‍ സമവായത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ആത്മാവില്‍ വികസിച്ച നിയമനിര്‍മാണമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ എല്ലാതരം വീക്ഷണങ്ങളുമായും കൂടിയാലോചനയും വിശ്വസ്തമായ ഇടപെടലുകളും ആവശ്യമാണ്.

ഭൂരിപക്ഷ വ്യവസ്ഥയില്‍ എല്ലാത്തരം ന്യൂനപക്ഷങ്ങളും അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും പ്രാതിനിധ്യ അധികാരമില്ലാതെ ഇരിക്കുക മാത്രമല്ല, പ്രബല ഗ്രൂപ്പുകളുടെ മാനദണ്ഡങ്ങളുടെയും ആശയങ്ങളുടെയും തീരുമാനങ്ങളുടെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയും ചെയ്യും. ഭൂരിപക്ഷം ആളുകള്‍ക്കും ജീവിക്കാന്‍ കഴിയുന്ന മികച്ച നിയമമുണ്ടാവാന്‍ വിട്ടുവീഴ്ചകളും സമ്മതനിര്‍മിതിയും ആവശ്യമാണെന്നാണ് വര്‍ഷങ്ങളുടെ നിയമനിര്‍മാണ അനുഭവം പറയുന്നത്. ഈ സാഹചര്യത്തില്‍, 2025ലെ വഖ്ഫ് (ഭേദഗതി) നിയമം തിടുക്കത്തില്‍ പാസാക്കിയതിനെക്കുറിച്ചുള്ള ചില പ്രധാന ആശങ്കകള്‍ ഞാന്‍ പങ്കുവയ്ക്കുകയാണ്.

രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിലവിലുള്ള പള്ളികളും ദര്‍ഗകളും യത്തീംഖാനകളും നൂറ്റാണ്ടുകളുടെ വിശ്വാസത്തിന്റെ തെളിവാണ്. അതിനാല്‍ 'വഖ്ഫ്' എന്ന വാക്കിന് ഗൗരമവേറിയ സമര്‍പ്പണത്തിന്റെ ഭാരമുണ്ട്.

ഈ വാക്ക് കേവലം സ്വത്തിനെ കുറിച്ചുള്ള കാര്യമല്ല, മറിച്ച്, ദാനധര്‍മം, പൈതൃകം, സമുദായം എന്നിവയെ കുറിച്ചുള്ളതുമാണ്. ഇത് ലാഭത്തിനുവേണ്ടിയല്ല, മറിച്ച് രാജ്യത്തെ ദുര്‍ബലരായവര്‍ക്ക് ഉപജീവനമാര്‍ഗം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവ നല്‍കുന്നതിനായി നൂറ്റാണ്ടുകളായി രൂപീകരിച്ച സംവിധാനമാണ്. സ്വയം നിര്‍ണയിച്ച പരിചരണത്തിന്റെ അവസാനത്തെ വാസ്തുവിദ്യകളില്‍ ഒന്നാണിത്. വഖ്ഫ് സ്വത്തുക്കളില്‍ പലതും ജീര്‍ണിച്ചിരിക്കുകയാണെങ്കിലും അവയ്ക്ക് ഇപ്പോഴും പൊതുസ്വത്തിന്റെ സ്വഭാവമുണ്ട്. സമ്മതമില്ലാതെ അവയില്‍ ഭരണകൂടം നിയന്ത്രണം കര്‍ശനമാക്കുന്നത് ജീവരേഖ വിഛേദിക്കുന്നതിന് തുല്യമാണ്.

മുസ്‌ലിംകള്‍ക്ക് മുറിവേറ്റ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. അനീതിയുടെ പ്രതീകമായ ബുള്‍ഡോസര്‍ രാജിന് പിന്നാലെയാണ് വഖ്ഫ് ഭേദഗതി കൊണ്ടുവന്നത്. ഇത്തരം രീതികള്‍ ചൂണ്ടിക്കാട്ടുന്നത് ഭ്രാന്തല്ല. ഒരു സമുദായം പുറന്തള്ളപ്പെടുന്നത് ചൂണ്ടിക്കാട്ടുന്നത് ഇരവാദമല്ല. വീടുകള്‍, ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ്, കോളജ് കാംപസ് തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം പൗരന്‍മാര്‍ ഇത്രയും ഒഴിവാക്കപ്പെട്ട കാലമുണ്ടായിട്ടില്ല. സാമ്പത്തിക അന്യവല്‍ക്കരണം എന്നത് സമ്പത്തിന്റെ അഭാവം മാത്രമല്ല, ഒരുകാലത്ത് അന്തസ്സിലേക്ക് നയിച്ച വാതിലുകള്‍ വ്യവസ്ഥാപിതമായി അടയ്ക്കുന്നതും കൂടിയാണ്.

നടപടി ക്രമങ്ങളെന്ന പേരില്‍ സാമ്പത്തിക തകര്‍ച്ചയും അപമാനവും ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയാണ് വഖ്ഫ് നിയമഭേദഗതി. പുതിയ നിയമത്തെ 'ഉമീദ് (പ്രതീക്ഷ) എന്ന് വിളിക്കുന്നത് ഒരു ക്രൂരമായ തമാശയാണ്. അത് ദുല്‍മ് (അടിച്ചമര്‍ത്തല്‍) ആണ്. ഈ ദുല്‍മിന്റെ കാതല്‍ അഹങ്കാരവും ക്രൂരമായ ബലപ്രയോഗവും മാത്രമല്ല, മറ്റൊരാളെ പൂര്‍ണമായും മനുഷ്യനായി കാണാനുള്ള വിസമ്മതവുമാണ്. നിയമനിര്‍മാണ, ഭരണപരമായ നിയന്ത്രണങ്ങള്‍ മുറുകുമ്പോള്‍, മുസ്‌ലിം സമൂഹം ഇന്ന് അപകടകരമായ ഒരു സ്ഥാനത്താണ്.

വഖ്ഫിന്റെ പ്രതിരോധം എന്നത് ഭൂതകാലത്തിലെ ചില തിരുശേഷിപ്പുകളുടെ പ്രതിരോധമല്ല, മറിച്ച് വര്‍ത്തമാനകാലത്ത് ന്യായമായ സ്ഥാനത്തിനായുള്ള നിര്‍ബന്ധമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ മുസ്‌ലിംകളുടെ സ്ഥാനം ഒരു അടിക്കുറിപ്പല്ല, അവര്‍ ചരിത്രത്തിന്റെ സഹരചയിതാവാണ് എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല.

1947ന് ശേഷം ഇന്ത്യയില്‍ തുടര്‍ന്ന മുസ്‌ലിംകള്‍ പൊതുവായ ഒരു നാളെയില്‍ തങ്ങളുടെ ഭാവി നിക്ഷേപിക്കാന്‍ തീരുമാനിച്ചവരാണ്. വേര്‍പിരിയല്‍ സിദ്ധാന്തത്തിനെതിരേ അവര്‍ സ്വന്തം ജീവിതം സമര്‍പ്പിച്ചു. ഇന്ന് അവരുടെ അന്തസ്സിനു നേരെയുള്ള ഓരോ ആക്രമണവും വേര്‍പിരിയല്‍ സിദ്ധാന്തത്തിന്റെ വക്താക്കള്‍ക്ക് അനര്‍ഹമായ ന്യായീകരണം നല്‍കുന്നു. യഥാര്‍ഥ നാശം ഇവിടെയാണ്.

മനുഷ്യബന്ധങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ചുറ്റികകള്‍ പോലെയാണ് ഇത്തരം ഭേദഗതികള്‍. ഓരോ കൈയേറ്റവും, തന്ത്രപരമായ ഓരോ അവകാശവാദവും, ഓരോ തകര്‍ക്കലും ഓരോ ഉദ്യോഗസ്ഥ അവഹേളനവും, മാനവികതയും സാഹോദര്യവും വിദൂരമാവുന്ന സമൂഹമായി നാം മാറുന്നു എന്നതിന്റെ ഇരുണ്ട ഓര്‍മപ്പെടുത്തലാണ്. മഹാത്മാഗാന്ധിയുടെ ഉപവാസങ്ങളെയോ മൗലാനാ ആസാദിന്റെ പ്രഭാഷണങ്ങളെയോ നയിച്ചത് ഇതല്ല. നിങ്ങളെ സംശയത്തോടെ വീക്ഷിക്കുകയും നിങ്ങളുടെ സ്ഥാപനങ്ങളെ വിലമതിക്കേണ്ട പൈതൃകങ്ങളല്ല, മറിച്ച് കൈകാര്യം ചെയ്യേണ്ട ബാധ്യതകളായി കണക്കാക്കുകയും ചെയ്യുന്ന ഒരു മാതൃരാജ്യത്ത് ജീവിക്കുക എന്നത് ഒരുതരം ദുല്‍മാണ്. കാരണം അത് വരുന്നത് നിയമത്തിന്റെയും പരിഷ്‌കാരത്തിന്റെയും പേരിലാണ്.

പങ്കുവയ്ക്കുന്ന സംസ്‌കാരത്തിലും പാരമ്പര്യത്തിലുമുള്ള വിശ്വാസം പുനസ്ഥാപിക്കുന്നതിലാണ് ഇന്‍സാഫിന്റെ (നീതിയുടെ) പ്രതീക്ഷയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ന് വേദന നേരിടുന്ന സമുദായ അംഗങ്ങളുടെ സ്ഥിരോല്‍സാഹത്തിലാണ് അത് സ്ഥിതി ചെയ്യുന്നത്. അവര്‍ നിശ്ശബ്ദത പാലിക്കരുത്, സംസാരിച്ചു കൊണ്ടിരിക്കണം, കാരണം ദുല്‍മിനെക്കുറിച്ചുള്ള നിശ്ശബ്ദത അതിന്റെ വ്യാപനത്തിലേക്ക് മാത്രമേ നയിക്കൂ, നിശ്ശബ്ദത ഒരിക്കലും ഇന്‍സാഫിലേക്ക് നയിക്കില്ല.

'Dekhna hai zor kitna baazu-e-qatil mein hai (Let's see how much strength the enemy has)''''(ശത്രുവിന് എത്ര ശക്തിയുണ്ടെന്ന് നോക്കാം)''എന്നെഴുതിയ വിപ്ലവകാരികളുള്ള, കവികളുള്ള ഒരു ജനതയുടെ പാരമ്പര്യവുമല്ല നിരാശ.

ചില തോല്‍വികള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങളില്‍ പോലും തുടരണമെന്നും ആരാണ് ലോകത്തെ പഠിപ്പിച്ചത് ? 'hazaron khwahishein aisi ke har khwahish pe dam nikle (thousands of desires, each worth dying for)''. (ആയിരക്കണക്കിന് ആഗ്രഹങ്ങള്‍, ഓരോന്നിനും മരിക്കേണ്ടതാണ്).

'sarfaroshi ki tamanna' അഥവാ അന്തസ്സ് വീണ്ടെടുക്കുന്നതിനുള്ള ആത്മത്യാഗത്തിനുള്ള ആഗ്രഹം ഇപ്പോഴും രാജ്യത്തിന്റെ സിരകളില്‍ സ്പന്ദിക്കുന്ന കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല. അനീതിയുടെ ഓരോ നിമിഷവും അതിന്റെ പ്രതിശക്തിയെ വിളിക്കുന്നു: സത്യത്തെയും നീതിയുക്തവും പങ്കിടുന്നതുമായ ഭാവിയോടുള്ള പ്രതിബദ്ധതയെയും.

രാഷ്ട്രത്തിന്റെ ആഖ്യാനത്തില്‍നിന്ന് മുസ്‌ലിംകളെ അകറ്റി നിര്‍ത്തുന്നത് രാഷ്ട്രത്തിന്റെ ചരിത്രത്തെ ഛേദിച്ചുകളയുന്നതാണ്. അമീര്‍ ഖുസ്രുവിന്റെ ഗാനങ്ങളുടെയും ബീഗം റൊകെയയുടെ സ്വപ്‌നങ്ങളുടെയും ബിസ്മില്ലാ ഖാന്റെ ഷെഹ്‌നായിയുടെ സംഗീതത്തിന്റെയും സാംസ്‌കാരിക പ്രതിധ്വനി നിഷേധിക്കുക എന്നതുമാണ്.

ഇവിടെ മുസ്‌ലിംകള്‍ക്കെതിരേ മാത്രമല്ല അന്യായം നടക്കുന്നത്. ഇന്ത്യയെ തരിശും ചെറുതും നീചവുമാക്കുകയാണ്. മുസ്‌ലിംകള്‍ ഇന്‍സാഫി(നീതി)ല്‍ ഉറച്ചുനില്‍ക്കണമെന്നാണ് ഭാവി ആവശ്യപ്പെടുന്നത്. മുസ്‌ലിംകളുടെ കൂട്ടാളികള്‍ ദുല്‍മ് വിധിയല്ലെന്നും പരാജയമാണെന്ന് അംഗീകരിക്കുകയും വേണം. അത് തിരുത്താന്‍ ഇനിയും ശക്തിയുണ്ടെന്ന് മനസ്സിലാക്കുകയും വേണം. ഏതൊരു നിയമനിര്‍മാണവും സമത്വം, നീതി, മതസ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളില്‍ വേരൂന്നിയതാണോ എന്ന് വിലയിരുത്തണം. വഖ്ഫ് ഭേഗഗതി നിയമം അങ്ങനെയല്ല.

ബഹുമത രാജ്യത്ത്, ഭൂരിപക്ഷ നിയമനിര്‍മാണം, ഭൂരിപക്ഷ മതസാംസ്‌കാരിക വിഭാഗങ്ങളുടെ വിശ്വാസങ്ങളെയോ താല്‍പ്പര്യങ്ങളെയോ പ്രതിഫലിപ്പിക്കുന്നതിനായി പാസാക്കുന്ന നിയമങ്ങള്‍, സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും ബഹുസ്വരതയുടെയും ഉള്‍ക്കൊള്ളലിന്റെയും തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. നിയമങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകളെ മാത്രം പ്രതിഫലിപ്പിക്കുമ്പോള്‍, ന്യൂനപക്ഷ സമൂഹങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുകയോ വിവേചനം അനുഭവിക്കുകയോ ചെയ്‌തേക്കാം എന്ന് നാം മറക്കരുത്. അത് പ്രോല്‍സാഹിപ്പിക്കുകയോ സഹിക്കുകയോ ചെയ്യരുത്.

(രാഷ്ട്രീയ ജനതാദള്‍ വക്താവും രാജ്യസഭാ എംപിയുമാണ് മനോജ് ഝാ)

കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്

Next Story

RELATED STORIES

Share it